‘കാലവർഷത്തിനിടയിൽ ശക്തമായ തുലാവർഷം’: കേരളത്തിൽ നാലുദിനം ശക്തമായ മഴ തുടരും
Mail This Article
പാലക്കാട് ∙ കാലവർഷക്കാറ്റിനു ശക്തി കുറഞ്ഞെങ്കിലും കേരളത്തിനും തമിഴ്നാടിനും ഇടയിൽ കന്യാകുമാരിക്കു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ പലയിടത്തും അതിശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വിദഗ്ധർ. കാലവർഷക്കാറ്റിനെ ചക്രവാതച്ചുഴി വലിച്ചതോടെ കേരള തീരത്തു പടിഞ്ഞാറൻ കാറ്റാണ് അനുഭവപ്പെടുന്നത്. അതിനാൽ, ഉച്ചവരെ കനത്ത ചൂടും അതിനു ശേഷം ഇടിയോടുകൂടി ശക്തമായ മഴയുമുണ്ടാകുന്നു. കാലവർഷത്തിനിടയിൽ തുലാവർഷത്തിന്റെ സ്വഭാവത്തിലാണ് മഴ. തീരദേശത്തു കാര്യമായ മഴയില്ല.
ശക്തമായ ചൂടിൽ ഉയർന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചു വൻതോതിൽ കാർമേഘങ്ങൾ രൂപം കൊള്ളുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. പ്രദേശത്തെ കനത്ത ഈർപ്പം നീരാവിയാകുന്നതാണു കാരണം. മേഘങ്ങൾ കൂടുതലും ആ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പെയ്യുന്ന സ്ഥിതിയുണ്ട്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർവരെ മഴ പ്രതീക്ഷിക്കുന്നതിനാൽ മലയോരപ്രദേശങ്ങളിൽ അതീവ ജാഗ്രത വേണമെന്നാണ് ഐഎംഡി മുന്നറിയിപ്പ്.
മണ്ണിടിച്ചിലിനു കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ആവശ്യമായ അടിയന്തര നടപടികൾക്കും നിർദ്ദേശിച്ചിട്ടുണ്ട്. ചക്രവാതച്ചുഴി അടുത്ത ദിവസങ്ങളിൽ ദുർബലമാകുമെന്നതിനാൽ ഇപ്പോഴത്തെ മഴ നാലു ദിവസം കൂടി തുടരുമെന്നാണു നിഗമനം. സാധാരണപോലെ നിലവിൽ സൂര്യൻ കേരളത്തിനു മുകളിലാണ്. കാർമേഘങ്ങൾ ഇല്ലാത്തതിനാൽ സൂര്യരശ്മികൾ നേരിട്ടു പതിക്കുന്നതാണു മാർച്ചിനു സമാനമായ ചൂട് അനുഭപ്പെടാൻ കാരണമെന്നു വിദഗ്ധർ പറഞ്ഞു.
അറബിക്കടലിന്റെ ചൂട് ഈ സമയത്തും 1.2 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്. കാലാവസ്ഥാ കേന്ദ്രത്തിന്റെ ഡേറ്റ അനുസരിച്ച് ജൂൺ ഒന്നു മുതൽ ഇന്നലെ വരെയുളള കാലയളവിൽ പാലക്കാട് മേഖലയിൽ സാധാരണ രീതിയിൽ മഴ ലഭിച്ചു. എന്നാൽ, വയനാട് 25%, ഇടുക്കിയിൽ 32% മഴക്കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്.