ഷൊർണൂർ ജംക്‌ഷൻ: പ്ലാറ്റ്ഫോമുകളുടെ നവീകരണം പൂർത്തിയാകുന്നു

Mail This Article
ഷൊർണൂർ ∙ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിലെ 4 പ്ലാറ്റ്ഫോമുകളുടെ പുനർനിർമാണം പൂർത്തിയാകുന്നു.അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ നവീകരിക്കുന്നതിന്റെ ഭാഗമായാണു പ്ലാറ്റ്ഫോമുകളുടെ നവീകരണവും. 7 പ്ലാറ്റ്ഫോമുകളുള്ള റെയിൽവേ സ്റ്റേഷനിൽ 1 മുതൽ 3 വരെയുള്ളതിന്റെ പുനർനിർമാണം പൂർത്തിയായി. 4 മുതൽ 7 വരെയുള്ള പ്ലാറ്റ്ഫോമിന്റെ പണികളാണ് ഇപ്പോൾ പൂർത്തിയാകുന്നത്. വർഷങ്ങൾ പഴക്കമുള്ള റൂഫിങ് ഷീറ്റുകളാണ് ഇപ്പോൾ മാറ്റി സ്ഥാപിക്കുന്നത്.
കഴിഞ്ഞ മഴക്കാലത്തു പ്ലാറ്റ്ഫോമുകളിലെ ചിലയിടങ്ങളിൽ ചോർച്ച ഉണ്ടായതായി പരാതി ഉയർന്നിരുന്നു.ഏഴു പ്ലാറ്റ്ഫോമുകളും പൂർണമായും നവീകരിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരം കാണാനാകും.റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ 75% പണികളും പൂർത്തിയായതായി റെയിൽവേ അറിയിച്ചു.റെയിൽവേ സ്റ്റേഷൻ നവീകരിക്കാനായി അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 12.94 കോടിയുടെ പദ്ധതിയാണു സ്റ്റേഷനിൽ പ്രാവർത്തികമാക്കുന്നത്.
കൂടുതൽ വിശാലമായ സ്ഥലസൗകര്യങ്ങളോടു കൂടിയുള്ള കവാടം വിപുലീകരിക്കൽ, യാത്രക്കാരുടെ വാഹനം നിർത്തിയിടാൻ 5000 ചതുരശ്രയടി വിസ്തൃതിയുള്ള പാർക്കിങ് സൗകര്യം, റെയിൽവേ സ്റ്റേഷന്റെ മുൻവശത്തു സൗന്ദര്യവൽക്കരണം ഇവയാണ് ഒന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ പാർക്കിങ് കേന്ദ്രം, കാത്തിരിപ്പു കേന്ദ്രം, പ്രവേശനകവാടം, ഹൈമാസ്റ്റ് സ്ഥാപിക്കൽ എന്നിവ പൂർത്തിയായിക്കഴിഞ്ഞു. ശീതീകരിച്ച വിശ്രമകേന്ദ്രം, പ്ലാറ്റ്ഫോമുകൾക്കു മുകളിലൂടെയുള്ള നടപ്പാത എന്നിവയുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്.