നിറഞ്ഞൊഴുകി അഴുക്കുചാൽ; പരിസരം മുഴുവൻ ദുർഗന്ധം
Mail This Article
ചിറ്റൂർ ∙ അണിക്കോട് ജംക്‌ഷനിലെത്തുന്നവർക്ക് മൂക്കു പൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. അഴുക്കുചാൽ നിറഞ്ഞതോടെ മലിനജലം പുറത്തേക്ക് ഒഴുകി തളംകെട്ടി കിടക്കുന്നതാണ് ദുർഗന്ധത്തിനു കാരണം. പ്രദേശത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള ആയിരക്കണക്കിനു വിദ്യാർഥികളും യാത്രക്കാരുമുൾപ്പെടെ ബസ് കയറാൻ കാത്തുനിൽക്കുന്ന ഭാഗത്താണ് മലിനജലം തളംകെട്ടി കിടക്കുന്നത്.
ചെളി അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടതോടെയാണ് വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങിയത്. ദുർഗന്ധം വമിക്കാൻ തുടങ്ങി ദിവസങ്ങളായിട്ടും നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. ഇനിയും അഴുക്കുവെള്ളം കെട്ടിനിന്നാൽ അസുഖം പടരാനും സാധ്യതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊതുമരാമത്ത് (റോഡ്സ്) വകുപ്പിന്റെ കീഴിലുള്ള അഴുക്കുചാലായതിനാൽ എത്രയും പെട്ടെന്ന് ചാൽ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനു കത്ത് നൽകാൻ നഗരസഭാ ജീവനക്കാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും ചിറ്റൂർ–തത്തമംഗലം നഗരസഭ ഉപാധ്യക്ഷൻ എം.ശിവകുമാർ പറഞ്ഞു.