പുനരുപയോഗിക്കാൻ കഴിയുന്ന സാധനങ്ങൾ കളയേണ്ട, നൽകാം സ്വാപ് ഷോപ്പിൽ
Mail This Article
ഒറ്റപ്പാലം ∙ വീട്ടിൽ പുനരുപയോഗിക്കാൻ കഴിയുന്ന സാധനങ്ങളുണ്ടോ? വലിച്ചെറിയുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതില്ല. ഒറ്റപ്പാലം നഗരസഭയും വരോട് കെപിഎസ്എംഎം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ചേർന്നു നടത്തുന്ന സ്വാപ് ഷോപ്പിൽ ഇവയെല്ലാം സ്വീകരിക്കും. ഉൽപന്നങ്ങളുടെ ശേഖരണവും വിതരണവും ഇന്നു തുടങ്ങും. വസ്ത്രങ്ങൾ, പുസ്തകങ്ങൾ, കളിക്കോപ്പുകൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെല്ലാം സ്വാപ് ഷോപ്പിൽ സ്വീകരിക്കും. ഉപയോഗിക്കാതെ സൂക്ഷിച്ചു നശിച്ചുപോകുന്ന ഇത്തരം വസ്തുക്കൾ ആവശ്യക്കാർക്കു പ്രയോജനപ്പെടും.
നഗരസഭാ മാർക്കറ്റ് കോംപ്ലക്സിൽ നടത്തുന്ന സ്വാപ്ഷോപ് ഇന്നു രാവിലെ 9നു കെ.പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആവശ്യക്കാർക്ക് ഇഷ്ടമുള്ള സാധനങ്ങൾ ഇവിടെ നിന്നു വാങ്ങാനും പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ എത്തിക്കാനും കഴിയും. വാങ്ങുന്ന സാധനങ്ങൾക്കു പണം നൽകാൻ കഴിയുന്നവർക്കു ഷോപ്പിൽ ഒരുക്കിയ ബോക്സിൽ നിക്ഷേപിക്കാം. 10 ദിവസം നീളുന്ന പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയിൽ സർക്കാർ ഓഫിസുകളിൽ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉൾപ്പെടെ ശേഖരിച്ചു.
ഫോൺ ചെയ്ത് അറിയിക്കുന്നവരിൽ നിന്നു വൊളന്റിയർമാർ നേരിട്ടെത്തി സാധനങ്ങൾ കൈപ്പറ്റും. രണ്ടാം ഘട്ടത്തിൽ വ്യാപാര സ്ഥാപനങ്ങളിലും മൂന്നാംഘട്ടത്തിൽ ഒറ്റപ്പാലം നഗരസഭയിലെ വീടുകളിലും ഉൽപന്നശേഖരണത്തിനായി വൊളന്റിയർമാർ എത്തും. ആരും വെറുംകയ്യോടെ മടക്കി അയയ്ക്കരുതെന്നാണു സംഘാടകരുടെ അഭ്യർഥന. മാർക്കറ്റ് കോംപ്ലക്സിൽ ദിവസവും പകൽ 10 മുതൽ 5 വരെയാണു സ്വാപ്ഷോപ് പ്രവർത്തിക്കുക. ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയിൽ സ്വച്ഛത ഹി സേവ ക്യാംപയിന്റെ ഭാഗമായാണു പരിപാടി. ഇതിൽനിന്നു ലഭിക്കുന്ന വരുമാനം താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിനു കൈമാറുമെന്നു നഗരസഭാധ്യക്ഷ കെ. ജാനകീദേവി, പ്രോഗ്രാം ഓഫിസർ ടി.പി.പ്രദീപ്കുമാർ എന്നിവർ അറിയിച്ചു. ഫോൺ: 9446026973.