എടിഎമ്മിൽ ടേപ് ഒട്ടിച്ചു കവർച്ച; അന്വേഷണത്തിനു പ്രത്യേക സംഘം
Mail This Article
കോയമ്പത്തൂർ ∙ എടിഎമ്മിൽ നിന്നു വ്യത്യസ്ത രീതിയിൽ പണം കവരുന്ന രണ്ടു പേരെ പൊലീസ് തിരയുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എടിഎം ലക്ഷ്യമാക്കി ഇരുചക്രവാഹനത്തിൽ മുഖം മറയ്ക്കാതെ എത്തുന്ന പ്രതികളാണു പണം കവരുന്നതെന്ന് സിറ്റി പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. രത്നപുരി, സിക്സ് കോർണർ, ആവാരംപാളയം, കരുമത്തംപട്ടി, പോത്തനൂർ ഭാഗങ്ങളിലെ സുരക്ഷാ ജീവനക്കാരില്ലാത്ത എടിഎമ്മുകൾ തിരഞ്ഞെടുത്താണു പ്രതികൾ കവർച്ച നടത്തുന്നത്.ഇരുചക്ര വാഹനത്തിൽ എത്തുന്ന പ്രതികൾ എടിഎമ്മിനുള്ളിൽ കയറുകയും മെഷീനിന്റെ പണം വരുന്ന ഭാഗത്ത് ഉൾവശത്തായി ടേപ്പ് ഒട്ടിക്കുകയും ചെയ്യും. പിന്നീട് പ്രതികൾ പുറത്തു കാത്തുനിൽക്കും. ഇതറിയാതെ പണം പിൻവലിക്കാനായി എത്തുന്ന ഉപഭോക്താക്കൾ കാർഡ് ഉപയോഗിച്ചു പണം എടുക്കാനുള്ള ശ്രമത്തിന്റെ അവസാനഘട്ടത്തിൽ ശബ്ദം കേൾക്കുമെങ്കിലും പണം പുറത്തേക്കു വരാതെയാകും.
മെഷീനിൽ പണം ഇല്ലെന്നു ധരിച്ച് പോകുന്നവരും പണം പുറത്തുവരാത്തതിനാൽ അക്കൗണ്ടിൽ തിരിച്ചുവരുമെന്ന് ധരിക്കുന്നവരും സംശയം കാരണം ബാങ്കിൽ പോകുന്നവരുമായ അക്കൗണ്ട് ഉടമകൾ പുറത്തിറങ്ങിക്കഴിഞ്ഞാൽ ഇരുവരും വീണ്ടും എടിഎം മെഷീൻ മുറിയിലേക്കു കടക്കും.പണം വരുന്ന ഭാഗത്തുള്ള ടേപ്പ് നീക്കംചെയ്യുകയും പണവുമായി കടന്നുകളയുകയും ചെയ്യും. പത്തോളം പേർക്ക് വിവിധ എടിഎമ്മുകളിലായി ഇതിനകം ഇങ്ങനെ പണം നഷ്ടപ്പെട്ടിട്ടുണ്ട്.തൃശൂരിലെ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് നാമക്കലിൽ പിടിയിലായ പ്രതികളുമായി കോയമ്പത്തൂരിലെ എടിഎം കവർച്ചയ്ക്കു ബന്ധമുണ്ടെന്ന സംശയത്തിൽ പ്രതികളുടെ ഫോട്ടോ കാണിച്ചെങ്കിലും തൃശൂർ കേസിൽ പിടിയിലായ പ്രതികൾ ഇക്കാര്യം നിഷേധിച്ചു. അതേസമയം മാസങ്ങൾക്കു മുൻപ് ചെന്നൈ ആവടിയിൽ എടിഎം കവർച്ച കേസിൽ ജയിലിൽ ആയിരുന്ന പ്രതികളുമായി ഇവർക്കു സാദൃശ്യമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങളായി കോയമ്പത്തൂരിൽ ചുറ്റിക്കറങ്ങുന്ന പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.