അനധികൃത ക്വാറികളിൽ നിന്ന് 20 ടിപ്പർ ലോറികൾ പിടിച്ചു
Mail This Article
മുതലമട ∙ ഇടുക്കപ്പാറ പ്രദേശത്തെ അനധികൃത ക്വാറികളിൽ നിന്ന് 20 ടിപ്പർ ലോറികൾ കൊല്ലങ്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. മതിയായ അനുമതികളില്ലാതെ പാറ പൊട്ടിച്ചത് അനധികൃതമായി കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറികളാണു കൊല്ലങ്കോട് പൊലീസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.മുതലമട പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ അനധികൃത ക്വാറി പ്രവർത്തനം നടക്കുന്നതായി ജില്ലാ ഭരണകൂടത്തിനും പൊലീസിനും പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് ഇൻസ്പെക്ടർ സി.കെ.രാജേഷ്, എസ്ഐ പി.സുജിത് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ അഞ്ചു മുതൽ ഏഴു വരെ നടന്ന പരിശോധനയിലാണു രണ്ടു പാറമടകളിൽ നിന്നായി 20 ടിപ്പർ ലോറികൾ പിടിച്ചെടുത്തത്.
ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 16 ലോറികളും എസ്ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 4 ലോറികളുമാണു കസ്റ്റഡിയിലെടുത്തത്. തുടർന്നു ജില്ലാ കലക്ടർക്കും ജിയോളജി വകുപ്പിനും പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്കൂൾ സമയത്തിനു മുൻപായി പാറമടകളിൽ നിന്നു കല്ലു കയറ്റി എത്തിക്കാനാണു പുലർച്ചെ തന്നെ ഇത്രയധികം ടിപ്പറുകൾ പാറമടകളിൽ എത്തിയത് എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, സ്കൂൾ സമയത്തു പോലും അപകടകരമായ രീതിയിൽ പാറക്കല്ല് കയറ്റിയ ലോറികൾ പോകുന്നതു ഭീഷണിയാണെന്ന പരാതി രക്ഷിതാക്കൾക്കും അധ്യാപകർക്കുമുണ്ട്. അവ തടയാനാവശ്യമായ നടപടി പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.