സാഭിമാനം, സായാഹ്നം: അന്തസ്സോടെ വാർധക്യം
Mail This Article
വയോജനക്ഷേമത്തിനായി സാമൂഹികനീതി വകുപ്പ് ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികളിലേക്ക് അപേക്ഷിക്കാൻ വയോജനങ്ങൾ നേരിട്ട് ഓഫിസിൽ ചെല്ലേണ്ട. സുനീതി പോർട്ടൽ വഴി അപേക്ഷ നൽകാം
∙ചികിത്സയ്ക്ക് വയോരക്ഷ
ഒറ്റപ്പെട്ടു താമസിക്കുന്ന, ബിപിഎൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്കു ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്ന പദ്ധതിയാണു വയോരക്ഷ. അപകടത്തിൽ പരുക്കേറ്റവർക്കും അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമായവർക്കും ധനസഹായം ലഭിക്കും.
∙പ്രമേഹത്തിന് വയോമധുരം
ബിപിഎൽ വിഭാഗത്തിലെ വയോജനങ്ങൾക്കു ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് വയോമധുരം. അപേക്ഷകർ പ്രമേഹരോഗിയാണെന്ന് അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം. ജില്ലയിൽ കഴിഞ്ഞ വർഷം 118 പേർക്കു വിതരണം ചെയ്തു.
∙മന്ദഹാസം പദ്ധതി
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് കൃത്രിമ ദന്തനിര വച്ചുകൊടുക്കുന്ന പദ്ധതിയാണ് മന്ദഹാസം. ജില്ലയിൽ കഴിഞ്ഞ വർഷം 38 പേർക്ക് പദ്ധതിയിലൂടെ സഹായം ലഭിച്ചു.
∙ മക്കൾ നോക്കുന്നില്ലെങ്കിൽ പരാതിപ്പെടാം
പ്രായമാകുമ്പോൾ മക്കൾക്ക് വേണ്ടാതാകുന്നുണ്ടോ ? അവർ നിങ്ങളെ ഉപദ്രവിക്കുന്നുണ്ടോ ? വിഷമിക്കണ്ട, പരാതിപ്പെടാൻ ഇടമുണ്ട്. 2007 ൽ പാർലമെന്റ് പാസാക്കിയ നിയമം നിലവിലുണ്ട്. സംരക്ഷണം കിട്ടാത്ത മുതിർന്ന മാതാപിതാക്കൾക്ക് പരാതിപ്പെടാനുള്ള ഇടമാണ് സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള മെയ്ന്റനൻസ് ട്രൈബ്യൂണൽ. മക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പേരക്കുട്ടികളിൽ നിന്നോ ജീവനാംശത്തിനും ഭക്ഷണത്തിനും സംരക്ഷണത്തിനും അവകാശമുന്നയിക്കാമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കും പീഡിപ്പിക്കുന്നവർക്കും മൂന്നു മാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.സ്വയം വരുമാനം കണ്ടെത്താനാവാത്ത മാതാപിതാക്കൾക്കു ട്രൈബ്യൂണലിൽ അപേക്ഷ നൽകാം. മെയ്ന്റനൻസ് ട്രൈബ്യൂണലായ ആർഡിഒ ഓഫിസിലാണ് അപേക്ഷ നൽകേണ്ടത്. പാലക്കാട്, ഒറ്റപ്പാലം എന്നീ സ്ഥലങ്ങളിലാണ് ട്രൈബ്യൂണൽ പ്രവർത്തിക്കുന്നു.