കർഷകർക്കിടയിൽ വോട്ട് തേടി സരിൻ; വോട്ടർമാരെ നേരിൽക്കണ്ടു പിന്തുണ അഭ്യർഥിച്ചു പര്യടനം
Mail This Article
പാലക്കാട് ∙ ചുട്ടുപൊള്ളുന്ന വെയിലും വൈകിട്ടെത്തുന്ന മഴയുമെല്ലാം അവഗണിച്ച് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി.സരിൻ വോട്ടുറപ്പിക്കാൻ പായുകയാണ്. കർഷകരെയും തൊഴിലാളികളെയുമെല്ലാം നേരിൽക്കണ്ടു വോട്ടു തേടുകയാണു സ്ഥാനാർഥി. മണ്ഡലത്തിലെ വീടുകളിൽ കയറിയിറങ്ങിയും കവലകളിൽ ചെന്നും വോട്ടഭ്യർഥന നടത്തുന്നുണ്ട്. കല്ലടിക്കോട് വാഹനാപകടത്തിൽ മരിച്ചവർക്ക് അന്ത്യോപചാരമർപ്പിച്ചു. ഉച്ചയ്ക്കു ശേഷം മാത്തൂർ അമ്പാട് ഭാഗത്തെ വോട്ടർമാരെ നേരിൽക്കണ്ടു പിന്തുണ അഭ്യർഥിച്ചു പര്യടനം തുടങ്ങി.
സിപിഎം മാത്തൂർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളന നഗർ സന്ദർശിച്ചു. തുടർന്നു തൊടിയക്കാവ്, അങ്കിരക്കാട്, ആലാംതോട്, അയ്യപ്പൻകാവ്, കണക്കത്തറ, ഓറാംകാട്, ആനിക്കോട്, ആനയംകുണ്ട്, മന്ദംപുള്ളി, കിഴക്കേത്തറ, പെരിങ്കിരംകാട്, നാരകപറമ്പ്, തച്ചങ്കാട് എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരോടും പ്രദേശവാസികളോടും പിന്തുണ തേടി.
പര്യടനത്തിൽ പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.ചെന്താമരാക്ഷൻ, ജില്ലാ കമ്മിറ്റി അംഗവും എംഎൽഎയുമായ കെ.ശാന്തകുമാരി, കുഴൽമന്ദം ഏരിയ കമ്മിറ്റി അംഗങ്ങളായ വി.രാധാകൃഷ്ണൻ, ടി.കെ.ദേവദാസ്, വി. ഷൈജു, എ.രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്കാട് എന്നിവർ പങ്കെടുത്തു.