സൈക്കിളിലെത്തി വോട്ടർമാരെ കണ്ട് ഡോ. പി. സരിൻ

Mail This Article
പാലക്കാട് ∙ കണ്ണാടി പഞ്ചായത്തിൽ പുലർച്ചെ സൈക്കിളിലെത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ടു തേടിയാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി.സരിൻ ഇന്നലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചത്. സൈക്കിൾ റാലിയുമായി ഡിവൈഎഫ്ഐ പ്രവർത്തകരും സ്ഥാനാർഥിക്കൊപ്പം ചേർന്നു. തുടർന്ന് കൊടുന്തിരപ്പുള്ളി അഗ്രഹാരത്തിലെത്തി വീടുകൾ കയറി വോട്ടഭ്യർഥന നടത്തി.
മമ്പറം, ഉപ്പുംപാടം, തണ്ണീർപ്പന്തൽ, കനാൽപ്പാലം, തോട്ടുപാടം, പരപ്പന, ആനപ്പുറം കാട്, കിണാശ്ശേരി എന്നിവിടങ്ങളിലെ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർഥിച്ചു. ഉച്ചയ്ക്ക് ശേഷം എൻജിഒ യൂണിയൻ ഹാളിൽ നടന്ന പാലക്കാട് നിയോജക മണ്ഡലം എൽഡിവൈഎഫ് തിരഞ്ഞെടുപ്പു കൺവൻഷനിൽ പങ്കെടുത്ത് സംസാരിച്ചു. കൺവൻഷൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപി ഉദ്ഘാടനം ചെയ്തു.
തുടർന്നു പിപിഎഫ് വായനശാല, ചാത്തൻ തറ, വടക്കുമുറി, ചെമ്മങ്കാട്, ഞായറാഴ്ചക്കാവ് എന്നീ പ്രദേശങ്ങളിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ജനങ്ങളെയും നേരിൽ കണ്ട് പിന്തുണ തേടി. വൈകിട്ട് കണ്ണനൂർ ജംക്‌ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിലും സരിൻ പങ്കെടുത്തു. നേതാക്കളായ പി.കെ.ശ്രീമതി, കെ.അനിൽകുമാർ, കെ.ബിനുമോൾ, നിതിൻ കണിച്ചേരി, സുഭാഷ് ചന്ദ്രബോസ്, കൃഷ്ണൻകുട്ടി എന്നിവരും സ്ഥാനാർഥി പര്യടനത്തിൽ പങ്കെടുത്തു.