ടിക്കറ്റ് വിതരണം ഏറ്റെടുക്കാൻ ആളില്ല; പാലപ്പുറം റെയിൽവേ സ്റ്റേഷൻ ‘സ്റ്റോപ്പാ’കുമെന്ന് ആശങ്ക
Mail This Article
ഒറ്റപ്പാലം ∙ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാലപ്പുറം ഹാൾട്ട് റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടലിന്റെ വക്കിൽ. ടിക്കറ്റ് വിതരണകേന്ദ്രം ഏറ്റെടുത്തു നടത്താൻ കരാറുകാരെ കിട്ടാത്തതാണു സ്റ്റേഷന്റെ നിലനിൽപിനു വെല്ലുവിളി. ഇന്നലെ കരാർ അവസാനിച്ചതോടെ ഇന്നു മുതൽ ടിക്കറ്റ് വിതരണകേന്ദ്രം തുറക്കാൻ ആളില്ലാതായി.പുതിയ കരാർ ഏറ്റെടുക്കാൻ ഇതുവരെ ആരും എത്തിയിട്ടില്ലെന്നാണു വിവരം. പാലക്കാട്–ഷൊർണൂർ റെയിൽപാതയിലെ പാലപ്പുറത്ത് ഇന്നു മുതൽ യാത്രക്കാർക്കു നേരിട്ടു ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ്. ടിക്കറ്റ് വിതരണമില്ലാതാകുന്നതോടെ ട്രെയിനുകളുടെ സ്‌റ്റോപ്പും നഷ്ടമാകുമെന്നാണ് ആശങ്ക.
നിലവിൽ ഷൊർണൂർ- കോയമ്പത്തൂർ, കോയമ്പത്തൂർ–കണ്ണൂർ പാസഞ്ചറുകളും എറണാകുളം മെമുവും ഉൾപ്പെടെ 9 ട്രെയിനുകൾക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്. സ്വാതന്ത്ര്യത്തിനു മുൻപു പ്രവർത്തനം തുടങ്ങിയതാണു പാലപ്പുറത്തെ ഹാൾട്ട് സ്റ്റേഷൻ. അടിസ്ഥാന സൗകര്യങ്ങൾ കുറവാണെങ്കിലും സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർ കുറവല്ല. സീസൺ ടിക്കറ്റ് യാത്രക്കാരാണ് ഏറെയും.
ഓൺലൈൻ ടിക്കറ്റ് എടുക്കുന്നവരും ഏറെ. അതേസമയം, നേരിട്ടു ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്നവർ കുറവാണ്. പ്രതിദിനം 200 രൂപയാണു ശരാശരി നേരിട്ടുള്ള വരുമാനം. കമ്മിഷൻ വ്യവസ്ഥ പ്രകാരം നേരിട്ടുള്ള വരുമാനത്തിന്റെ നിശ്ചിത ശതമാനം മാത്രമാണ് ഏജന്റിനു പ്രതിഫലമായി ലഭിക്കുക എന്നിരിക്കെയാണ് ഏറ്റെടുക്കാൻ ആളില്ലാത്തത്.
കഴിഞ്ഞ 17 വർഷത്തോളമായി വിതരണം നടത്തുന്ന ഏജന്റാണു ചുമതല ഒഴിഞ്ഞത്. പുതിയ കരാർ ഏറ്റെടുക്കാൻ റെയിൽവേ അപേക്ഷ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ലെന്നാണു വിവരം. നേരത്തെ കുത്താമ്പുള്ളിയിലെ നെയ്ത്തു തൊഴിലാളികൾ ഭാരതപ്പുഴ കടന്നു പാലപ്പുറം സ്റ്റേഷനിലെത്തിയാണു കച്ചവടത്തിനായി വിവിധയിടങ്ങളിലേക്കു വണ്ടി കയറിയിരുന്നത്. മീറ്റ്നയിൽ പുഴയ്ക്കു കുറുകെ തടയണ വന്നു വെള്ളം ഉയർന്നതോടെ ഇവർ ഇവിടേക്ക് എത്താതായി.