ദേശീയപാത നിർമാണത്തിന്റെ പേരിൽ കരിങ്കല്ലും പാറപ്പൊടിയും കടത്തുന്നു
Mail This Article
വടക്കഞ്ചേരി ∙ കരിങ്കല്ലും മെറ്റലും ആയി ഭാരവാഹനങ്ങൾ പൊത്തപ്പാറ–ചുവട്ടുപാടം റോഡിലൂടെ നിരന്തരം പോകുന്നതു ഗതാഗതക്കുരുക്കു രൂക്ഷമാക്കുന്നു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടും അധികൃതർക്കു കുലുക്കമില്ല. ദേശീയപാത നിർമാണത്തിനെന്ന പേരിലാണു ചുവട്ടുപാടത്തിന്റെ മുകൾ ഭാഗത്തെ കുന്നിടിച്ചു കരിങ്കല്ലും മെറ്റലും പാറപ്പൊടിയും കടത്തുന്നത്.
മലയോരമേഖലയായ കാളാംകുളം, കണക്കൻതുരുത്തി, പൊത്തപ്പാറ, പല്ലാറോഡ് ഭാഗങ്ങളിൽ നിന്നു ദേശീയപാതയിലേക്കു പ്രവേശിക്കുന്ന പ്രധാന റോഡിലാണു തടസ്സം സൃഷ്ടിച്ചു ഭാരവാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നത്. സ്കൂൾ സമയത്തു പോലും വാഹനങ്ങൾ ഇതിലെ പോകുകയാണ്. പൊത്തപ്പാറ ജനകീയസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടും മലയിടിച്ചു നിരത്തുന്നതിനു കുറവൊന്നുമില്ല.
ഇവിടെയുള്ള റോഡ് തകർന്നു കിടക്കുകയാണ്. പൊടിശല്യവും രൂക്ഷമാണ്. പൈപ്പ് ലൈനും പലയിടത്തും പൊട്ടി ശുദ്ധജല വിതരണവും മുടങ്ങി. മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാത നിർമാണത്തിനായി വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നു മണ്ണ്, കല്ല് ഖനനം നടത്തിയെങ്കിലും ഭൂരിഭാഗം മണ്ണും മറിച്ചു വിൽക്കുകയായിരുന്നെന്നാണ് ആക്ഷേപം. ദേശീയപാതയ്ക്ക് ആവശ്യത്തിനു മണ്ണു ലഭിക്കാത്തതിനാൽ കൂടുതൽ കുന്നുകൾ ഇടിച്ചു നിരത്തി. ഇപ്പോൾ അടിപ്പാത നിർമാണം എന്ന പേരിലാണു മണ്ണും കല്ലും കടത്തുന്നത്. ഇത് ഇടനിലക്കാർ മണ്ണു മറിച്ചു വിൽക്കുകയാണെന്നാണു പരാതി.
ജിയോളജിക്കൽ വകുപ്പിന്റെ അനുമതിയോടെ ദേശീയപാതയ്ക്കായി മണ്ണും കല്ലും മെറ്റലും കൊണ്ടുപോയിരുന്നു. ഇപ്പോൾ പരിശോധനയില്ലാതെയാണു പല വാഹനങ്ങളും ഓടുന്നത്.ദേശീയപാത നിർമാണത്തിനെന്ന പേരിൽ മലയോരത്തു നിന്ന് അനുമതിയില്ലാതെ മണ്ണു കടത്തുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. നിർമാണ കമ്പനിയായ കെഎംസി എല്ലാ രേഖകളും സമർപ്പിച്ചു മണ്ണെടുക്കാനുള്ള അനുമതി വാങ്ങാത്തതാണു മണ്ണു കടത്തുന്നതെന്നും പരാതിയുണ്ട്. 40 ലക്ഷം രൂപ അനധികൃതമായി കല്ലും മണ്ണും കടത്തിയതിനു നിർമാണ കമ്പനിയിൽ നിന്നു പിഴ ഈടാക്കിയതായും അധികൃതർ അറിയിച്ചു.