എൻഡിഎ ജയിച്ചാൽ ഒട്ടേറെ വികസന പദ്ധതികൾ: ഇ.ശ്രീധരൻ
Mail This Article
പാലക്കാട് ∙ ഭാരതപ്പുഴയുടെ ശുദ്ധി വീണ്ടെടുക്കൽ, പാലക്കാട്ടെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ഇലക്ട്രിക് ബസ് അടക്കമുള്ള നിർദേശങ്ങൾ ഉൾപ്പെടെ ഒട്ടേറെ വികസന പദ്ധതികൾ പാലക്കാടിനായി തയാറാക്കിയിട്ടുണ്ടെന്നും അതെല്ലാം എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ വിജയത്തിലൂടെ നടപ്പാക്കാനാകുമെന്നാണു പ്രതീക്ഷയെന്നും ഇ.ശ്രീധരൻ പറഞ്ഞു. സി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021ൽ പാലക്കാട്ടു നിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും ജയിക്കാനായില്ല. അതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയുന്നില്ല.
തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ കേന്ദ്രത്തിൽ നിന്നടക്കം ഒട്ടേറെ വികസന പദ്ധതികൾ പാലക്കാട്ട് എത്തിക്കാനാകുമെന്നും സാഹചര്യം അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ധൈര്യമുള്ള ഒരാളും സിപിഎമ്മിൽ ഇല്ലെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. എഡിഎം നവീൻ ബാബുവിനെ നാക്കുകൊണ്ട് അരിഞ്ഞു വീഴ്ത്തിയ സിപിഎം നേതാവ് പി.പി.ദിവ്യയെ പാർട്ടി ഗ്രാമത്തിൽ ഒളിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പാലക്കാട്ട് വികസനം എത്തിച്ചതു ബിജെപിയാണെന്നും ഒ.രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്ന കാലത്താണ് നഗരത്തിലും പരിസരത്തും റെയിൽവേ മേൽപാലങ്ങൾ കൊണ്ടുവന്നതെന്നും സ്ഥാനാർഥി സി.കൃഷ്ണകുമാർ പറഞ്ഞു. പാലക്കാട് നഗരസഭയിൽ കേന്ദ്രത്തിൽ നിന്ന് 300 കോടിയുടെ വികസനം എത്തിച്ചു. ഇതു തുടരാൻ എൻഡിഎ വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് കോൺഗ്രസിൽ ആഭ്യന്തര കലഹവും സിപിഎമ്മിന് സ്ഥാനാർഥിയെ കിട്ടാൻ പെടാപ്പാടുമാണെന്നു ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കേരളത്തിൽ എൻഡിഎയ്ക്ക് അനുകൂല സാഹചര്യമാണെന്നു ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ, ട്രഷറർ ഇ.കൃഷ്ണദാസ്, സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, മുന്നണി നേതാക്കളായ മേജർ രവി, രേണു സുരേഷ്, ടി.പി.സിന്ധുമോൾ, എൻ.ശിവരാജൻ, കെ.രാമൻകുട്ടി, എ.എൻ.അനുരാഗ്, കെ.രഘു, കുരുവിള മാത്യൂസ്, നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, സനൂപ് കൃഷ്ണ, ബോസ് തേങ്കുറുശ്ശി, വി.നടേശൻ, സി.മധു, പി.വേണുഗോപാൽ, എ.കെ.ഓമനക്കുട്ടൻ, മിനി കൃഷ്ണകുമാർ, പി.സ്മിതേഷ്, പി.സാബു, ടി.ബേബി, പ്രശാന്ത് ശിവൻ, ബാബു വെണ്ണക്കര, എം.ശശികുമാർ, വി.സുമതി, പ്രിയ അജയൻ എന്നിവർ പ്രസംഗിച്ചു.