ADVERTISEMENT

പാലക്കാട് ∙ കാത്തിരിക്കുന്ന ഫലം ഇന്ന് അറിയാം. ഗവ.വിക്ടോറിയ കോളജിൽ രാവിലെ എട്ടിനാണു വോട്ടെണ്ണൽ ആരംഭിക്കുക. വീട്ടിലെ വോട്ടും തപാൽ വോട്ടും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളുമാണ് ആദ്യം എണ്ണുക. ഇവ അര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും. തുടർന്നു യന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങും. 184 ബൂത്തുകളിലെ വോട്ട് എണ്ണാൻ 14 മേശകളാണ് ഒരുക്കിയിട്ടുള്ളത്. ബൂത്തുകളുടെ ക്രമനമ്പർ പ്രകാരമാണ് എണ്ണുക. 13 റൗണ്ട് എണ്ണും. ഒൻപതു മണിയോടെ തന്നെ ആദ്യ ഫലങ്ങൾ പുറത്തുവരും. പതിനൊന്നരയോടെ തന്നെ പൂർണഫലം പ്രഖ്യാപിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു ജില്ലാ വരണാധികാരി കലക്ടർ ഡോ.എസ്.ചിത്ര, വരണാധികാരി ആർഡിഒ എസ്.ശ്രീജിത്ത് എന്നിവർ അറിയിച്ചു. 

ഫലം തൽസമയം അറിയാം: CLICK HERE

കൗണ്ടിങ് ഹാളിലേക്ക് 
റിട്ടേണിങ് ഓഫിസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ, കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, സൂക്ഷ്മ നിരീക്ഷകർ, തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്കു മാത്രമാണു കൗണ്ടിങ് ഹാളിലേക്കു പ്രവേശനം.മൊബൈ‍ൽ ഫോൺ ഉപയോഗിക്കാൻ അനുവാദം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകർക്കു മാത്രം.14 വോട്ടെണ്ണൽ മേശകളാണുണ്ടാകുക. ഓരോ മേശയ്ക്കും ഗസറ്റഡ് റാങ്കുള്ള  ഒരു കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് അസിസ്റ്റന്റുമാരും സൂക്ഷ്മനിരീക്ഷകരുമുണ്ടാകും. 

എണ്ണിത്തുടങ്ങുന്നു
റിട്ടേണിങ് ഓഫിസർ, അസി.റിട്ടേണിങ് ഓഫിസർ, സ്ഥാനാർഥികൾ അല്ലെങ്കിൽ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറക്കുന്നു. ഇതു ലോഗ് ബുക്കിൽ രേഖപ്പെടുത്തും. തുടർന്നു ലോക്ക് തുറക്കും. ഇതെല്ലാം വിഡിയോ റെക്കോർഡ് ചെയ്യും. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ്, തപാൽ വോട്ട്, വീട്ടിലെ വോട്ട് എന്നിവ ആദ്യം എണ്ണുന്നു. പിന്നാലെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ.വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റാണു വോട്ടെണ്ണലിന് ഉപയോഗിക്കുക. കൺട്രോൾ യൂണിറ്റ് മേശപ്പുറത്ത് എത്തിച്ച് കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ സൂപ്പർവൈസർ, വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനക്ഷമത പരിശോധിച്ച് ഉറപ്പാക്കിയശേഷം സീൽ നീക്കം ചെയ്യും.കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ സൂപ്പർവൈസർ യന്ത്രത്തിലെ റിസൽറ്റ് ബട്ടണിൽ വിരലമർത്തി ഫലം രേഖപ്പെടുത്തും. (വോട്ടെണ്ണൽ പൂർത്തിയായശേഷം ഏതെങ്കിലും രണ്ടു യന്ത്രങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകർ പരിശോധിച്ചു കൗണ്ട് കൃത്യമാണെന്ന് ഉറപ്പാക്കും.)ഒരു റൗണ്ട് പൂർത്തിയായാൽ കൃത്യമായി കണക്ക് റിട്ടേണിങ് ഓഫിസർ ഫോം 20ൽ രേഖപ്പെടുത്തും. ഇങ്ങനെ ഓരോ റൗണ്ട് കഴിയുമ്പോഴും എണ്ണിക്കഴിഞ്ഞ വോട്ടിങ് യന്ത്രങ്ങൾ മാറ്റിവച്ച് അടുത്ത റൗണ്ട് തുടങ്ങാനുള്ള യന്ത്രങ്ങൾ കൊണ്ടുവരും.എല്ലാ റൗണ്ടിലെയും വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷമേ വിവിപാറ്റ് സ്ലിപ്പുകൾ പരിശോധിക്കുകയുള്ളു. വിവിപാറ്റ് യന്ത്രത്തിലെ സ്ലിപ്പുകൾ എണ്ണാൻ ഒരു മണിക്കൂറെങ്കിലും എടുക്കുമെന്നാണു കണക്കുകൂട്ടൽ. ഇതിനു ശേഷമാണ് അന്തിമവിധി പ്രഖ്യാപിക്കുക.

English Summary:

Follow the live vote counting process taking place at Govt Victoria College in Palakkad. Understand the stages of counting postal ballots, electronic votes, and machine votes. Results expected by 11:30 AM as officials work meticulously with 14 counting tables to ensure accuracy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com