അഗളി മിനി സിവിൽ സ്റ്റേഷന് ഒരു മാസമായി വെള്ളമില്ല; ശുചിമുറികൾ അടച്ചിട്ടു
Mail This Article
അഗളി∙നാട്ടുകാരുടെ വഴിയും വെള്ളവും മുടങ്ങിയാൽ കേസെടുക്കാൻ അധികാരമുള്ള ആർഡിഒ, എക്സിക്യുട്ടിവ് മജിസ്ട്രേട്ട് ഉൾപ്പെടെ ഗസറ്റഡ് റാങ്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥരും ജോലി ചെയ്യുന്ന അഗളി മിനി സിവിൽ സ്റ്റേഷനിൽ ഒരു മാസമായി വെള്ളമില്ല. ശുചിമുറികൾ അടച്ചിട്ടു. ദിവസവും നിരവധി പേരെത്തുന്ന അട്ടപ്പാടി ട്രൈബൽ താലൂക്ക് ആസ്ഥാനത്താണ് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം നിഷേധിക്കപ്പെട്ടിരിക്കുന്നത്. വെള്ളമെടുക്കുന്ന കുഴൽക്കിണറിലെ മോട്ടർ പമ്പ് തകരാറായതിനെ തുടർന്നാണ് വെള്ളമില്ലാതായത്. പമ്പും മോട്ടറും അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല.
എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ അധികാരമുള്ള തഹസിൽദാരും ഭൂരേഖ തഹസിൽദാരുമടക്കം ട്രൈബൽ താലൂക്ക് ഓഫിസ് ഇവിടെയാണ് പ്രവർത്തിക്കുന്നത്. ഒറ്റപ്പാലം സബ്കലക്ടർ ആഴ്ചതോറുമെത്തുന്ന അട്ടപ്പാടി നോഡൽ ഓഫിസറുടെ കാര്യാലയവും ഇവിടെയാണ്. ഭൂരേഖയുമായി ബന്ധപ്പെട്ട സർവേ, ലാൻഡ് അസൈന്റ്മെന്റ്,അഗളി വില്ലേജ്, പട്ടികവർഗ വകുപ്പിന്റെ ഐടിഡിപി, കൃഷി വകുപ്പിന്റെ മില്ലറ്റ് വില്ലേജ്, എക്സൈസ് റേഞ്ച് എന്നീ ഓഫിസുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
3 നിലകളിലുമുള്ള പൊതു ശുചിമുറികളുടെ അടഞ്ഞ വാതിലുകളിൽ വെള്ളമില്ലാത്തതിനാൽ ശുചിമുറി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് പതിച്ചിട്ടുണ്ട്. ഉയർന്ന ഓഫിസർമാരുടെ മുറികളോട് ചേർന്ന ശുചിമുറികളിൽ വെള്ളം വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്നുണ്ട്. പരിസരത്തൊന്നും പൊതു ശുചിമുറികളില്ലാത്തതിനാൽ സിവിൽ സ്റ്റേഷനിലെത്തുന്ന പൊതുജനം ദുരിതത്തിലാണ്.