ADVERTISEMENT

തിറയും പൂതനും കരിവേലയും കാളവേലയും കുതിരയും അണിനിരക്കുന്ന പരിയാനമ്പറ്റ പൂരവും, തന്നാരം കളിയും  കരിവേലയും ചവിട്ടുകളിയും നിറയുന്ന ഉത്രത്തിൽകാവു  ഭരണിയും ശ്രീകൃഷ്ണപുരത്തുകാരുടെ ജീവിതത്തിന്റെ  ഭാഗമാണ്. മുത്തുക്കുട ചൂടി നെറ്റിപ്പട്ടം കെട്ടിയെത്തുന്ന  ഗജവീരന്മാരും മേളപ്പെരുക്കം തീർക്കുന്ന വാദ്യകലാകാരന്മാരും ഒന്നിച്ച് അണിനിരക്കുമ്പോൾ ശ്രീകൃഷ്ണപുരം കലയുടെ പൂരപ്പറമ്പ് ആകും. ആവേശം ഒട്ടും ചോരാതെ ‘കൗമാര കലാപൂരം’ ശ്രീകൃഷ്ണപുരത്തിന്റെ തിരുമുറ്റത്ത്  നിറഞ്ഞാടുകയാണ്, വിസ്മയത്തിന്റെ വർണക്കുടകൾ  വിരിയിച്ച്.

യുപി വിഭാഗം തമിഴ് നാടകം: തത്തമംഗലം ജിബിയുപി സ്കൂൾ ടീം.
യുപി വിഭാഗം തമിഴ് നാടകം: തത്തമംഗലം ജിബിയുപി സ്കൂൾ ടീം.

ഫീസ് കൂടി, അപ്പീൽ കുറഞ്ഞ
∙ ഫീസ് കുത്തനെ ഉയർത്തിയതോടെ റവന്യു ജില്ലാ കലോത്സവത്തിൽ അപ്പീലുകളുടെ എണ്ണം പകുതിയായി കുറയുന്നു. കഴിഞ്ഞവർഷം 2000 രൂപയായിരുന്ന അപ്പീലിന്റെ നിരക്ക് ഇത്തവണ 5000 രൂപയാണ്. കലോത്സവം 3 പകൽ പിന്നിട്ടപ്പോൾ 58 അപ്പീലുകളാണു ലഭിച്ചത്. ഈ നില തുടർന്നാൽ കഴിഞ്ഞവർഷം ലഭിച്ച അപ്പീലുകളുടെ പകുതി മാത്രമേ ഇത്തവണ ഉണ്ടാവുകയുള്ളുവെന്നാണു പ്രതീക്ഷയെന്നു സംഘാടകർ പറയുന്നു. കഴിഞ്ഞവർഷം 175 അപ്പീലുകളാണു ലഭിച്ചിരുന്നത്.അതേസമയം ഇത്തവണ ആദ്യമായി കലോത്സവ വേദിയിലെത്തിയ ഗോത്രകലകളുടെ ഫലത്തെ ചൊല്ലി അപ്പീലുകൾ എത്തി. ഭരതനാട്യം, കൂടിയാട്ടം, സംഘനൃത്തം പോലുള്ള മത്സരങ്ങളിലും അപ്പീലുകൾ ലഭിച്ചിട്ടുണ്ട്.

കാലൊടിഞ്ഞു,കഥ മാറി !
∙ ജില്ലാ കലോത്സവത്തിനു 10 ദിവസം മുൻപ് ഇംഗ്ലിഷ് സ്കിറ്റിന്റെ പരിശീലനത്തിനിടെയാണ് ഇരട്ടക്കഥാപാത്രത്തെ അവതരിപ്പിക്കുന്ന എൻ.നാജിയ വീഴുന്നത്. കാലിനു പരുക്കേറ്റതോടെ ഡോക്ടർ മൂന്നാഴ്ച വിശ്രമം നിർദേശിച്ചു പ്ലാസ്റ്ററിട്ടു.  ഹേമ കമ്മിറ്റി റിപ്പോർട്ടും സിനിമാ മേഖലയിലെ പ്രശ്നങ്ങളും ചേർത്താണ് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി ടീം ഇംഗ്ലിഷ് സ്കിറ്റ് തയാറാക്കിയത്. എന്നാൽ താൻ വന്നില്ലെങ്കിൽ കൂട്ടുകാരായ 6 പേർക്കും അവസരം നഷ്ടപ്പെടുമെന്ന് ഓർത്തതോടെ നാജിയ ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ തന്നെ തീരുമാനിച്ചു.

എച്ച്എസ് വിഭാഗം പളിയനൃത്തത്തിൽ ഒന്നാമതെത്തിയ എടപ്പലം പിടിഎംവൈ എച്ച്എസ്എസ് ടീം.
എച്ച്എസ് വിഭാഗം പളിയനൃത്തത്തിൽ ഒന്നാമതെത്തിയ എടപ്പലം പിടിഎംവൈ എച്ച്എസ്എസ് ടീം.

വലതുകാലിനു ബലംകൊടുക്കാതെ സ്റ്റേജിൽ നിൽക്കാവുന്ന രീതിയിൽ അധ്യാപകർ കഥയിൽ മാറ്റം വരുത്തി. നടിയുടെ വാതിലിൽ മുട്ടിവിളിച്ചപ്പോൾ നാട്ടുകാർ കാൽ തല്ലിയൊടിച്ച വില്ലൻ കഥാപാത്രമാക്കി നാജിയയെ മാറ്റി. മാധ്യമപ്രവർത്തകയുടെ റോളിലും നാജിയ തന്നെ അഭിനയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട്  കുട്ടിച്ചാത്തനെ പോലെ ഒരു ദിവസം പുറത്തു വരുന്നതും രാഷ്ട്രീയക്കാരും സിനിമാമേഖലയിലെ പവർ ഗ്രൂപ്പിൽ ഉൾപ്പെട്ടവരും  റിപ്പോർട്ട് ഭരണിയിൽ അടയ്ക്കാൻ ശ്രമിക്കുന്നതുമാണു നാടകത്തിന്റെ ക്ലൈമാക്സ്.  കൂടെയുള്ള കുട്ടികൾ താങ്ങിപ്പിടിച്ചാണു നാജിയയെ സ്റ്റേജിൽ എത്തിച്ചതും തിരികെ ഇറക്കിയതും. സ്കിറ്റിൽ ടീം രണ്ടാം സ്ഥാനം നേടി.

ഈ സമ്മാനം യുട്യൂബിന്
യുട്യൂബിൽ നോക്കിപ്പഠിച്ച് ഗോത്രകലയിലെ പളിയനൃത്തം വേദിയിൽ അവതരിപ്പിച്ചപ്പോൾ പൊറ്റശ്ശേരി ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം. 3 ആഴ്ചയോളം ക്ലാസിന്റെ ഇടവേളകളിലാണ് യുട്യൂബ് നോക്കി സ്കൂൾ ടീം പരിശീലനം നടത്തിയത്. പാട്ടും കേട്ടു പഠിക്കുകയായിരുന്നു. യുട്യൂബിൽ ഉപയോഗിച്ച രീതിയിലുള്ള ആടയാഭരണങ്ങൾ മത്സരാർഥികൾ തന്നെ പ്രത്യേകം തയാറാക്കി. ചാക്കുകൾകൊണ്ട് നിർമിച്ച വസ്ത്രത്തിനു ചുറ്റും തൂക്കിയിട്ടിരിക്കുന്ന കുരുത്തോലകൾ.

മരത്തടികൾകൊണ്ടു നിർമിച്ച പ്രത്യേക മാല, മുഖത്ത് ചുട്ടിയും തലയിൽ തൂവൽക്കെട്ടും. ഇടുക്കിയിലെ ഗോത്രകലയായ പളിയ നൃത്തത്തിന്റെ പരമ്പരാഗത വേഷഭംഗി അതേപടി വേദിയിൽ അവതരിപ്പിക്കുകയായിരുന്നു വിദ്യാർഥികൾ. 12 പേർ അടങ്ങുന്ന ടീം ടീമംഗം പി.എസ്.ആരതിയുടെ നേതൃത്വത്തിലാണു നൃത്തച്ചുവടുകൾ പരിശീലിച്ചത്. കാർത്തിക് ജിത്തുവാണ് വാദ്യങ്ങൾക്കു നേതൃത്വം നൽകിയത്.

അനായാസ വിജയവുമായി അനസിന്റെ ടീമുകൾ
കലയ്ക്കായി വിദേശത്തെ ജോലി രാജിവയ്ക്കുകയോ? വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിലും അനസ് മണ്ണാർക്കാടിനു കല കേവലം നേരംപോക്കല്ല, ജീവനാണ്, ജീവിതമാണ്. സ്കൂൾ പഠനകാലത്തു പരിശീലിച്ച ദഫ്മുട്ടാണു മണ്ണാർക്കാട് ഒന്നാംമൈൽ ഇരുമ്പുടയൻ വീട്ടിൽ അനസ് (34) നെഞ്ചേറ്റുന്നത്. ദഫ്മുട്ട് പരിശീലകൻ എന്ന നിലയിൽ പതിറ്റാണ്ടു പിന്നിടുന്ന അനസിനു വർഷം മുഴുവൻ തിരക്കാണ്. അനസ് പരിശീലിപ്പിച്ച മണ്ണാർക്കാട് എംഇഎസ് ഹയർസെക്കൻഡറി സ്കൂൾ ടീമിനാണു ദഫ്മുട്ടിൽ ഇത്തവണയും ജില്ലയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം. 

മണ്ണാർക്കാട് എംഇഎസിലെ പൂർവവിദ്യാർഥിയാണ് അനസ്. സ്കൂൾ പഠനകാലം മുതൽ ദഫ്മുട്ട് പരിശീലിക്കുന്ന അനസ്, ബിരുദപഠന കാലത്താണ് ആദ്യമായി പരിശീലകന്റെ കുപ്പായമണിഞ്ഞത്. പിതാവിന് ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്ന ഘട്ടത്തിൽ മറ്റു ജോലികൾക്കു പോകാൻ സമയമില്ലാതായതോടെ കല ഉപജീവനമാർഗമാക്കി മാറ്റി. ഇതിനു ശേഷം എംകോം പൂർത്തിയാക്കി വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിദേശത്തെ ധനകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവായി ജോലിയിൽ പ്രവേശിച്ചു. അപ്പോഴും മനസ്സു മുഴുവൻ ദഫ്മുട്ടായിരുന്നു. പിന്നീടു ജോലി ഉപേക്ഷിച്ചെത്തിയ അനസ് മുഴുവൻസമയ പരിശീലകനായി.

സർവകലാശാലാ കലോത്സവങ്ങൾക്കു കോളജ് ടീമുകളെയും പരിശീലിപ്പിക്കുന്നുണ്ട്. വിജയം ശീലമാക്കുന്ന ശിഷ്യരാണ് അനസിന്റെ കരുത്ത്. പാട്ട്, മേക്കപ്പ്, വാദ്യോപകരണ നിർമാണം ഉൾപ്പെടെ ദഫ്മുട്ടിന്റെ എല്ലാ മേഖലകളിലും സജീവമാണ്. ആത്മസംതൃപ്തിക്കു പുറമേ, വിദേശ ജോലിയെക്കാൾ വരുമാനം ലഭിക്കുന്നുണ്ടെന്നും അനസ് പറയുന്നു. വട്ടപ്പാട്ട്, അറബനമുട്ട് പോലുള്ള കലകളും അനസിന് അനായാസം വഴങ്ങും.

ജഡ്ജസിനു വേറെ ചോയ്സുണ്ടായിരുന്നില്ല; ‘ഉങ്കൾ ചോയ്സ്’ കണ്ടപ്പോൾ
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പ്രമേയമാക്കി തമിഴ്നാടകം ‘ഉങ്കൾ ചോയ്സ്’. സർക്കാർ സ്കൂളുകളുടെ പ്രസക്തി ഓർമിപ്പിച്ചു സംസ്ഥാന അതിർത്തിയിൽ നിന്നെത്തിയ കുട്ടിക്കൂട്ടം തമിഴ് കലോത്സവത്തിലെ യുപി വിഭാഗം നാടകത്തിൽ ഒന്നാം സ്ഥാനവുമായി മടങ്ങി. തത്തമംഗലം ജിബി യുപി സ്കൂളിലെ നാടക സംഘം, സർക്കാർ സ്കൂളിലും സ്വകാര്യ സ്കൂളിലും പഠിക്കുന്ന, സുഹൃത്തുക്കളായ രണ്ടു കുട്ടികളുടെ വിദ്യാഭ്യാസ അനുഭവങ്ങളാണ് അവതരിപ്പിച്ചത്.

സ്വകാര്യ സ്കൂളിൽ നിന്നു ചില മാനസിക ബുദ്ധിമുട്ടുകൾ നേരിട്ട വിദ്യാർഥി പഠനം ഉപേക്ഷിച്ചു സർക്കാർ സ്കൂളിൽ ചേരുന്നതു വരെയുള്ള അനുഭവങ്ങളാണ് ‘ഉങ്കൾ ചോയ്സി’ലൂടെ വരച്ചുകാട്ടിയത്. സ്കൂളിലെ പ്രധാനാധ്യാപകൻ ടി.തങ്കരാജാണു രചനയും സംവിധാനവും. തങ്കരാജ് നാടക പ്രവർത്തകനാണ്. സ്കൂൾ, കോളജ് പഠനകാലത്തു നാടക മത്സരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

English Summary:

This article examines the decline in appeals at the Revenue District Arts Festival due to a significant increase in appeal fees. It also highlights the determination of a student who, despite a broken leg, participated in the festival to support her team.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com