ഇരുമ്പകശ്ശേരിയിൽ പാടം നികത്തി കമ്പിവേലി കെട്ടിയ സംഭവം; സ്ഥല പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ എത്തി
Mail This Article
കൂറ്റനാട് ∙ തിരുമിറ്റക്കോട് പഞ്ചായത്ത് നാലാം വാർഡ് ഇരുമ്പകശ്ശേരിയിൽ നെൽപാടം മണ്ണിട്ടുനികത്തി കമ്പിവേലി കെട്ടിയ സ്ഥലം പരിശോധിക്കാൻ റവന്യു ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. ഇരുമ്പകശ്ശേരി അമാന ഓഡിറ്റോറിയത്തിനോടു ചേർന്നു പിൻവശത്തുള്ള പാടം മണ്ണിട്ടുനികത്തി കമ്പിവേലി കെട്ടിയ സംഭവത്തേക്കുറിച്ചുള്ള പാടശേഖര സമിതിയുടെയും കർഷകരുടെയും പരാതിയെ കുറിച്ചു മനോരമ ഇന്നലെ വാർത്ത നൽകിയിരുന്നു.
ഇതേതുടർന്നാണ് ഒറ്റപ്പാലം സബ് കലക്ടറുടെ നിർദേശപ്രകാരം പട്ടാമ്പി താലൂക്ക് ഓഫിസിന്റെ അടിയന്തരനടപടി. ഈ ഭാഗം മണ്ണിട്ടുനികത്തൽ തുടരുന്നുവെന്നു പാടശേഖരസമിതിയും കർഷകരും 6 മാസം മുൻപ് തന്നെ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും കഴിഞ്ഞ മാസം കമ്പിവേലി കെട്ടിയ സംഭവത്തിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നുമായിരുന്നു കർഷകരുടെയും പാടശേഖര സമിതിയുടെയും പരാതി. ഇതേക്കുറിച്ചാണു വാർത്ത നൽകിയത്.
അതേസമയം പാടശേഖര സമിതിയുടെയും കർഷകരുടെയും പരാതി ലഭിച്ച സമയത്ത് സ്ഥല ഉടമയ്ക്ക് തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സ്റ്റോപ് മെമ്മോ നൽകിയിരുന്നതായി തിരുമിറ്റക്കോട് വില്ലേജ് ഒന്നിലെ വില്ലേജ് ഓഫിസർ പറയുന്നു. അതു കൈപ്പറ്റിയിട്ടും ഇന്നലെ വരെയും മണ്ണിട്ടുനികത്തുന്നതു തുടരുകയായിരുന്നുവെന്നാണ് സ്ഥലത്തെത്തി പരിശോധിച്ച ശേഷം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
ണ്ഡലത്തിന്റെ പാർക്കിങ്ങിനെന്ന പേരിലാണ് പാടം നികത്തിയതെന്നും പരാതിയിൽ പറഞ്ഞതിനെക്കാൾ ഗൗരവത്തിലുള്ള ഒന്നര രണ്ടു മീറ്റർ ഉയരത്തിൽ മണ്ണിട്ടുകൊണ്ടുള്ള നികത്തലാണ് നടന്നിട്ടുള്ളതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ തന്നെ റിപ്പോർട്ട് സബ് കലക്ടർക്ക് സമർപ്പിക്കുമെന്നും അവർ പറഞ്ഞു. ഡപ്യൂട്ടി തഹസിൽദാർമാരായ എ.എസ്.ദീപു, പി.ആർ.മോഹനൻ, കെ.സി.കൃഷ്ണകുമാർ, തിരുമിറ്റക്കോട് വില്ലേജ് ഓഫിസർ സി.വി.പ്രീത എന്നിവർ അടങ്ങുന്ന സംഘമാണ് സബ് കലക്ടർ ഡോ.മിഥുൻ പ്രേംരാജിന്റെ നിർദേശപ്രകാരം പരിശോധനയ്ക്ക് എത്തിയത്. ഏതുകാലത്തും കൃഷിക്ക് അനുയോജ്യമായ പ്രദേശമാണ് ഇവിടമെന്നും ഒരു കാരണവശാലും മണ്ണിട്ടുനികത്താനോ കമ്പിവേലി കെട്ടാനോ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.