സ്കൂൾ കലോത്സവത്തിൽ മത്സരയിനം; ജനകീയ കലയായി ഇരുളനൃത്തം – വിഡിയോ
Mail This Article
അഗളി ∙ അട്ടപ്പാടിയിലും തമിഴ്നാട്ടിലുമുള്ള ഇരുള ഗോത്ര ജനതയുടെ പരമ്പരാഗത കലാരൂപമായ ഇരുളനൃത്തം സ്കൂൾ കലോത്സവത്തിൽ മത്സര ഇനമായതോടെ ജനകീയ കലയായി മാറുകയാണ്. ഇരുള ഗോത്രവർഗക്കാരുടെ ജീവിതത്തോട് ഏറെ ഇഴയടുപ്പമുള്ളതാണ് ആട്ടവും പാട്ടും. ജന്മ സിദ്ധമാണ് ഈ കല. പ്രകൃതിയോടൊത്ത് താളാത്മകമാണ് ആദിവാസികളുടെ ജീവിതം. ജനനം, മരണം തുടങ്ങി ജീവിതത്തിലെ പ്രധാന ചടങ്ങുകളിലെല്ലാം ഗോത്ര നൃത്തം പതിവാണ്.
കൃഷിയാരംഭവും വിളവെടുപ്പും ആഘോഷമാക്കുന്ന കമ്പളം ഉത്സവത്തിന് കൃഷിയിടത്തിലും മറ്റു ചടങ്ങുകൾക്ക് ഊരുകളുടെ നടുമുറ്റങ്ങളിലുമാണ് ഗോത്ര നൃത്തം അരങ്ങേറുക. തമിഴ് ചുവയുള്ള ഇരുള ഭാഷയിലെ പ്രാചീന നാടോടി ഗാനങ്ങൾക്കൊത്താണ് നൃത്തമാടുക. ആണും പെണ്ണും കുട്ടികളും മുതിർന്നവരും വൃത്താകൃതിയിൽ നിരന്ന് നൃത്തത്തിൽ ചുവട് വയ്ക്കും. പെറെ, ദവിൽ, ജാൽറ, കൊഗാല് എന്നിവയാണ് വാദ്യോപകരണങ്ങൾ. പുരുഷന്മാരാണ് വാദ്യം കൈകാര്യം ചെയ്യുക.
പതിഞ്ഞ താളത്തിൽ തുടങ്ങി ക്രമേണ ദ്രുത താളത്തിലേക്ക് മാറും. പാട്ടിനും വാദ്യത്തിനുമനുസരിച്ചാണ് ചുവടുകളും. നാടോടി നൃത്തങ്ങളിലെ പോലെ നർത്തകർ ഉപകരണങ്ങളോ വസ്തുക്കളോ കയ്യിലേന്തുന്ന പതിവ് ഗോത്രനൃത്തങ്ങളിൽ ഇല്ല. പാട്ടുകൾ വായ്ത്താരികളും കുരവയും പ്രത്യേക ശബിദങ്ങളും കൂടിചേർന്നതാണ്. തനത് വേഷം, മാല, ചിലങ്ക, തണ്ട, കൊണ്ട, മൂക്കുത്തി, കമ്മൽ ഇവയാണ് ആടയാഭരണങ്ങൾ.
അതകജക്കെ..അതാജക്കെ...,
കത്താളക്കണ്ടി ഇട്ടത്തി....,
തെക്കുമല കല്ലുരുട്ടി......,
അവരക്കായ് പിഞ്ചെടുക്ക......,
പാതയിലെ നെരിഞ്ചി മുള്ള്......,
പാപ്പി സോറെ.......,
കള്ളിമരക്കെ......,
കാലെ കാല കുമ്പ......,
ലേലെ ലേക്കരടി........
ഇവയെല്ലാം പതിവായി ഇരുള നൃത്തത്തിൽ ഉപയോഗിക്കുന്ന അറിയപ്പെടുന്ന പാട്ടുകളാണ്. പരമ്പരാഗതമായി ഉപയോഗിക്കുന്ന പാട്ടുകളെ കൂടാതെ പുതിയ തലമുറയുടേതായി പുതുമയുള്ള രചനകളുമുണ്ട്. അട്ടപ്പാടിയിലെ കലാകാരന്മാരാണ് സംസ്ഥാനത്തെ മിക്ക സ്കുളുകളിലും പരിശീലകരും മേളകളിൽ വിധികർത്താക്കളുമായി എത്തുന്നത്. ഊരുകളിലും കൃഷിയിടങ്ങളിലും ഒതുങ്ങിയിരുന്ന കലാരൂപം കിർത്താഡ്സും പട്ടികവർഗ വകുപ്പും സന്നദ്ധ സംഘടനകളും സംഘടിപ്പിക്കുന്ന കലാമേളകൾക്കപ്പുറത്തേക്ക് സ്കൂൾ കലോത്സവത്തിലൂടെ ജനകീയ കലാരൂപമായി മാറുകയാണ്.