വട്ടപ്പാറയെ വിറപ്പിച്ച് ഒറ്റയാന്റെ പരാക്രമം; ഓടി രക്ഷപ്പെടുന്നതിനിടെ വീട്ടമ്മയ്ക്കു വീണു പരുക്ക്
Mail This Article
വാളയാർ ∙ വട്ടപ്പാറയെ വിറപ്പിച്ചും ഒരു രാത്രി മുഴുവൻ ഭീതിയിലാഴ്ത്തിയും ഒറ്റയാന്റെ പരാക്രമം. വ്യാപക കൃഷിനാശത്തിനൊപ്പം വീടുകളുടെ ഗേറ്റും മതിലും തകർത്തു. കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീട്ടമ്മയ്ക്ക് വീണു പരുക്കേറ്റു. ആറ്റുപ്പതി സ്വദേശി രാജേശ്വരിക്കാണു (50) പരുക്കേറ്റത്. ആനയെ തുരത്താൻ പടക്കം പൊട്ടിക്കുമ്പോൾ പടക്കം കയ്യിൽ നിന്നു പൊട്ടി ആറ്റുപ്പതി സ്വദേശിയായ അന്തോണി രാജിനും (ടോണി–40) പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ കൈവിരലുകൾ അറ്റു തൂങ്ങിയ നിലയിലാണ്. ഇന്നു പുലർച്ചെയാണ് സംഭവം.
ഇരുവരും വാളയാറിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടമ്മയുടെ പരുക്ക് ഗുരുതരമല്ല. ആനയെ വിരട്ടി ഓടിക്കുന്നതിനിടെ മുന്നിൽ അകപ്പെട്ടപ്പോൾ രക്ഷപ്പെട്ട് ഓടുമ്പോഴാണ് രാജേശ്വരിക്കു പരുക്കേറ്റത്. ഇതിനൊപ്പം ആറ്റുപ്പതിയിൽ കൃഷിയിടത്തിനോടു ചേർന്ന കർഷകന്റെ കാവൽപ്പുരയും ആന തകർത്തു. ആറ്റുപ്പതിയിലെ കിട്ടുസ്വാമിയുടെ ഉടമസ്ഥയിലുള്ള ഓലപ്പുരയാണു തകർത്തത്. ശബ്ദം കേട്ടു കൃഷിയിടത്തിനു കാവൽ കിടന്നിരുന്ന കിട്ടുസ്വാമി ഓടി രക്ഷപ്പെട്ടതിനാൽ ജീവൻ രക്ഷപ്പെട്ടു. 3 വീടുകളിലെ മതിലും ഗേറ്റും തകർത്തിട്ടുണ്ട്. 5 ഏക്കറിലേറെ നെൽപാടവും പത്തോളം തെങ്ങും ആന നശിപ്പിച്ചിട്ടുണ്ട്.
ഒരു രാത്രി മുഴുവൻ കാട്ടാനയുടെ ഭീതിയുടെ മുൾമുനയിലായിരുന്നു ആറ്റുപ്പതി വനയോരമേഖല. വട്ടപ്പാറ, ആറ്റുപ്പതി മേഖലയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി 10 അംഗ ആനക്കൂട്ടം വിഹരിക്കുന്നുണ്ട്. എന്നാൽ ഒറ്റയാൻ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് ആദ്യമായാണ്. ഇതിനു മദപ്പാടുണ്ടെന്നു സംശയിക്കുന്നതായും നാട്ടുകാർ പറയുന്നു. പുലർച്ചെയോടെയാണ് ഒറ്റയാൻ ഉൾവനത്തിലേക്കു നീങ്ങിയത്. സ്ഥലത്ത് കൂടുതൽ വാച്ചർമാരെ നിയോഗിച്ചെന്ന് വാളയാർ റേഞ്ച് ഓഫിസർ അറിയിച്ചു.