കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്ന് ഡിസംബർ ആദ്യം വെള്ളം തുറന്നുവിടും
Mail This Article
കാഞ്ഞിരപ്പുഴ ∙ കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്നു കൃഷിക്കായി ഇടതുകര കനാലിലൂടെയും (61.71 കിലോമീറ്റർ) വലതുകര കനാലിലൂടെയും (9.36 കിലോമീറ്റർ) ഡിസംബർ ആദ്യവാരത്തിൽ വെള്ളം തുറന്നു വിടും. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഉപദേശക സമിതി ആലോചനാ യോഗത്തിലാണു തീരുമാനം. കനാലുകളിൽ വളർന്നു നിൽക്കുന്ന മരങ്ങൾ വനംവകുപ്പിന്റെ അനുമതിയോടെ മുറിച്ചു നീക്കും.എന്നാൽ, ജലസേചനത്തിനു മുൻപായി കനാലുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ജലവിതരണം കാര്യക്ഷമമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. കനാലുകൾ മിക്ക ഭാഗവും കാട്ടുചെടികളും മരങ്ങളും മറ്റും കാരണം ജലവിതരണം ലക്ഷ്യം കാണാത്ത അവസ്ഥയാണെന്നും പറഞ്ഞു. നബാർഡിന്റെ സഹായത്തോടെയുള്ള നവീകരണം നടന്നു കൊണ്ടിരിക്കുകയാണെന്നും ജലം തടസ്സമില്ലാതെ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ വെള്ളം തുറന്നു വിടുന്നതുവരെ നടത്തും. ജലവിതരണം നിർത്തുമ്പോൾ പ്രവൃത്തികൾ വീണ്ടും നടത്തുമെന്നും അധികൃതർ പറഞ്ഞു.
ഒറ്റപ്പാലം താലൂക്കിലെ കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, തൃക്കടീരി, അനങ്ങനടി, ഒറ്റപ്പാലം നഗരസഭ, വാണിയംകുളം, ചളവറ, നെല്ലായ പഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കോങ്ങാട്, കേരളശ്ശേരി, മണ്ണൂർ പഞ്ചായത്തുകളും പട്ടാമ്പി താലൂക്കിലെ വല്ലപ്പുഴ പഞ്ചായത്തും ഉൾപ്പെടുന്നതാണ് ഇടതുകര കനാൽ. കഴിഞ്ഞ വർഷം തുടർച്ചയായി 64 ദിവസം ഇതിലൂടെ ജലസേചനം നടത്തിയിരുന്നു. എന്നാൽ, ഇത്തവണ 10–15 ദിവസം തുറക്കുകയും പിന്നീട് ആവശ്യപ്രകാരം ഇടവിട്ടു തുറക്കുകയും ചെയ്തിരുന്നു. തെങ്കര വലതുകര കനാലിൽ ആനമൂളിയിൽ കനാൽപാലം നിർമാണം പൂർത്തിയാക്കാത്തതിനാൽ ജലവിതരണത്തിലെ ആശങ്കയും കർഷകർ പങ്കുവച്ചു. കാടുമൂടി കിടക്കുന്ന ഉപ കനാലുകളുടെ അറ്റകുറ്റപ്പണികൾ അതതു തദ്ദേശ പഞ്ചായത്തുകൾ മുഖേന നടത്തി ജലവിതരണം സുഗമമാക്കണമെന്നു.
കർഷകർ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായില്ല. മുൻപു തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ വൃത്തിയാക്കിയിരുന്നു. എന്നാൽ, വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നു കനാൽ നവീകരണം പുറത്താണ്. ജലസേചന വകുപ്പിന്റെയും നബാർഡിന്റെയും ഫണ്ട് കൊണ്ടു കനാൽ നവീകരണം പൂർത്തിയാക്കാൻ പറ്റുന്നില്ല. ജലസേചനം കാര്യക്ഷമമായില്ലെങ്കിൽ ഹെക്ടർ കണക്കിനു കൃഷിയിടങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നു കർഷകർ യോഗത്തിൽ ആശങ്കപ്പെട്ടു. എംഎൽഎമാരായ കെ.ശാന്തകുമാരി, പി.മമ്മിക്കുട്ടി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ വി.സേതുമാധവൻ, കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ മിനി ജോർജ്, കാഞ്ഞിരപ്പുഴ ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ ഇ.പി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.