സ്വർണക്കപ്പടിക്കാൻ ഇതാ വരുന്നേ... പാലക്കാടിന്റെ പൊളിപ്പിള്ളേർ
Mail This Article
കലാകിരീടം ഒറ്റപ്പാലത്തിന്
ശ്രീകൃഷ്ണപുരം∙ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒറ്റപ്പാലം ഉപജില്ലയ്ക്കു കലാകിരീടം. 904 പോയിന്റ് നേടിയാണ് ഒറ്റപ്പാലം ഓവറോൾ ചാംപ്യൻമാരായത്. 877 പോയിന്റുമായി മണ്ണാർക്കാട് രണ്ടാം സ്ഥാനത്തും 868 പോയിന്റുമായി പട്ടാമ്പി മൂന്നാം സ്ഥാനത്തുമെത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 386 പോയിന്റോടെ മണ്ണാർക്കാട് ഉപജില്ല ജേതാക്കളായി. 385 പോയിന്റോടെ ഒറ്റപ്പാലം രണ്ടാമതെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ 357 പോയിന്റ് നേടിയ ഒറ്റപ്പാലമാണു ജേതാക്കൾ. 355 പോയിന്റോടെ പട്ടാമ്പി രണ്ടാമതെത്തി. 177 പോയിന്റ് നേടി യുപി വിഭാഗത്തിലും ഒറ്റപ്പാലമാണു ജേതാക്കൾ. 173 പോയിന്റോടെ ആലത്തൂർ രണ്ടാം സ്ഥാനവും നേടി.സ്കൂളുകളിൽ 460 പോയിന്റുമായി ആലത്തൂർ ബിഎസ്എസ് ഗുരുകുലമാണു ജേതാക്കൾ.
ആതിഥേയരായ ശ്രീകൃഷ്ണപുരം എച്ച്എസ്എസ് 254 പോയിന്റുമായി രണ്ടാം സ്ഥാനത്തും ചിറ്റൂർ ജിവിഎച്ച്എസ്എസ് 192 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെത്തി.സംസ്കൃതോത്സവത്തിൽ 180 പോയിന്റുമായി ചെർപ്പുളശ്ശേരി ഉപജില്ലയാണു ജേതാക്കൾ. 178 പോയിന്റുമായി ഒറ്റപ്പാലം രണ്ടാം സ്ഥാനത്തെത്തി. അറബിക് കലോത്സവത്തിൽ 158 പോയിന്റ് നേടിയ ഷൊർണൂർ ഉപജില്ലയ്ക്കാണു കിരീടം. 156 പോയിന്റുമായി മണ്ണാർക്കാട് രണ്ടാം സ്ഥാനത്തെത്തി. തമിഴ് കലോത്സവത്തിൽ 147 പോയിന്റ് നേടി മണ്ണാർക്കാട് ജേതാക്കളായി. 135 പോയിന്റോടെ ചിറ്റൂരാണു രണ്ടാം സ്ഥാനത്ത്.
ഹാട്രിക്കുമായി പ്രണവ്
∙ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യം, കുച്ചിപ്പുഡി, കേരളനടനം എന്നീ ഇനങ്ങളിൽ ഒന്നാമതെത്തി കെ.പ്രണവിനു ഹാട്രിക്. നൃത്ത അധ്യാപികയായ അമ്മ ധന്യയുടെ നേതൃത്വത്തിലാണു പ്രണവിന്റെ പരിശീലനം. ഉപജില്ലാ തലത്തിൽ ഭരതനാട്യത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ പ്രണവ് കോടതിവിധിയിലൂടെ ജില്ലാ തലത്തിൽ മത്സരിച്ചാണ് ഒന്നാമതെത്തിയത്. 10 വർഷമായി പ്രണവ് നൃത്തം അഭ്യസിക്കുന്നു. പ്രദീപ് ധന്യ ദമ്പതികളുടെ മകനായ പ്രണവ് വെള്ളിനേഴി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.
റിഷയും നിമയും ഒന്നാമത്
∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടവുമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സഹോദരിമാരായ എൻ.റിഷയും എൻ. നിമയും. റിഷ ഹയർ സെക്കൻഡറി വിഭാഗം അറബിക് കഥാ രചന, അറബിക് പ്രസംഗം, അറബിക് ഉപന്യാസം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ അറബിക് പ്രസംഗം, അറബിക് ഉപന്യാസം എന്നിവയിൽ എ ഗ്രേഡ് നേടിയിരുന്നു.ഇതേ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ സഹോദരി നിമ യുപി വിഭാഗം അറബിക് പ്രസംഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വർഷം ഉപജില്ലാ കലോത്സവത്തിൽ യുപി വിഭാഗം അറബിക് പ്രസംഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. പാലക്കുന്നിലെ നിലയാണിക്കൽ ശിഹാബുദ്ദീൻ, റസീന ദമ്പതികളുടെ മക്കളാണ്.