ത്രാങ്ങാലിയിൽ വീട് കുത്തിത്തുറന്നു കവർച്ച; ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചും നഷ്ടമായി
Mail This Article
ഒറ്റപ്പാലം ∙ വാണിയംകുളം ത്രാങ്ങാലിയിൽ വീടു കുത്തിത്തുറന്നു കവർച്ച. മൂച്ചിക്കൽ ബാലകൃഷ്ണന്റെ വീട്ടിൽനിന്നു ഒരുലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചുമാണു മോഷ്ടിക്കപ്പെട്ടത്. കവർച്ചയിൽ 63 പവൻ സ്വർണവും നഷ്‌ടപ്പെട്ടെന്നു കരുതിയെങ്കിലും അന്വേഷണം തുടങ്ങി മണിക്കൂറുകൾക്കു ശേഷം സ്വർണം അലമാരയിലെ സുരക്ഷിതമായ അറയിലുണ്ടെന്നു തിരിച്ചറിയുകയായിരുന്നു. ഭാര്യ ചെന്നൈയിലുള്ള മകന്റെ വീട്ടിലായതിനാൽ ബാലകൃഷ്ണൻ ദിവസവും വൈകിട്ടു കൂനത്തറയിലുള്ള മകളുടെ വീട്ടിൽ പോയാണ് ഉറങ്ങാറുള്ളത്. ഇന്നലെ പതിവുപോലെ രാവിലെ ത്രാങ്ങാലിയിലെ വീട്ടിലെത്തിയപ്പോഴാണു കവർച്ച ശ്രദ്ധയിൽപെട്ടത്. മോഷ്ടാവ്, ഇരുനില വീടിന്റെ മുകളിലെ നിലയിൽ കയറി ഗ്രിൽ വാതിലിലെ പൂട്ടു കുത്തിത്തുറക്കുകയും ഇതിനു ശേഷം 4 വാതിലുകളുടെ പൂട്ടുകൾ കൂടി തകർത്ത് അലമാരകളുള്ള മുറിയിലെത്തിയെന്നാണു കരുതുന്നത്.
അലമാരകളിൽ ഒന്നിൽ നിന്നാണു പണം കവർന്നത്. സ്വർണവും നഷ്ടപ്പെട്ടെന്നു കരുതി അന്വേഷണം നടക്കുന്നതിനിടെ, പൊലീസിന്റെ നിര്‍ദേശപ്രകാരം ബാലകൃഷ്ണന്‍ ചെന്നൈയിലുള്ള ഭാര്യയുമായി സംസാരിച്ചപ്പോഴാണു സ്വർണം സൂക്ഷിച്ചിരിക്കുന്നത് അതേ മുറിയിലെ മറ്റൊരു അലമാരയിലാണെന്നു മനസ്സിലായത്. ആ അലമാരയും മോഷ്ടാവു തുറന്നിരുന്നെങ്കിലും അതിനുള്ളിലുള്ള സുരക്ഷിതമായ അറയിലായിരുന്നു സ്വർണം. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ, ഒറ്റപ്പാലം എസ്ഐ എം.സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.