കുഴൽമന്ദം അടിപ്പാതയിലൂടെ വാഹനം കടത്തിവിടണമെന്ന് ആവശ്യം; സർവീസ് റോഡ് അടച്ചതോടെ യാത്ര ദുഷ്കരമായി
![kuzhalmannam-underpass
ദേശീയപാത കുഴൽമന്ദം ജംക്‌ഷനിൽ തൃശൂർ ഭാഗത്തേക്കുള്ള
സർവീസ് റോഡ് പൂർണമായും അടച്ചപ്പോൾ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2024/12/9/kuzhalmannam-underpass.jpg?w=1120&h=583)
Mail This Article
കുഴൽമന്ദം∙ ദേശീയപാത കുഴൽമന്ദം ജംക്‌ഷനിൽ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് അടച്ചതോടെ 90ശതമാനം പണി പൂർത്തിയായ അടിപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യം കൂടിവരുന്നു. അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് മാത്തൂർ, കോട്ടായി ഭാഗങ്ങളിലേക്കും തേങ്കുറിശ്ശി, കൊടുവായൂർ ഭാഗങ്ങളിലേക്കും പോകേണ്ട വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മാത്തൂർ കോട്ടായി ഭാഗങ്ങളിലേക്കു പോകുന്നതിന് കുഴൽമന്ദം സർവീസ് റോഡിലൂടെ വന്ന് മന്ദിരാട്, ആശുപത്രിമേട് വഴി ചന്തപ്പുരയിൽ കയറിയായിരുന്നു പോയ്ക്കൊണ്ടിരുന്നത്.
![kuzhalmannam-underpass-traffic-diversion-woes പണി 90% പൂർത്തിയായ കുഴൽമന്ദം ജംക്‌ഷനിലെ അടിപ്പാതയിൽ മൂന്നാഴ്ച മുൻപു പെയ്ത മഴയിലെ വെള്ളം കെട്ടിക്കിടക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
കുഴൽമന്ദം സർവീസ് റോഡ് കാഡാ കനാൽ പുതുക്കി പണിയാൻ അടച്ചതോടെ പടലോട്മേട്, മന്ദിരാട്, ഗവ.ആശുപത്രി, മാത്തൂർ, കോട്ടായി എന്നിവിടങ്ങളിലേക്കു പോകേണ്ടവർ കുഴൽമന്ദം ജംക്‌ഷനിൽ നിന്നു തൃശൂർ ഭാഗത്തേക്കുള്ള ദേശീയപാത വഴി കയറി കുളവൻമുക്കിൽ നിന്നു ഡിവൈഡർ മാറ്റിയ ഭാഗത്തു കൂടി ഇടതു തിരിഞ്ഞ് ഇറങ്ങി വേണം മേൽപറഞ്ഞ സ്ഥലങ്ങളിലെത്താൻ. തേങ്കുറിശ്ശി, കൊടുവായൂർ ഭാഗങ്ങളിലേക്കു പോകുന്നവർ കണ്ണനൂർ തോട്ടുപാലം വഴി കുഴൽമന്ദത്ത് എത്തി കൊടുവായൂർ റോഡിലേക്കു പ്രവേശിച്ചാണ് പൊകുന്നത്. കിലോമീറ്ററോളം യാത്ര ചെയ്തു വേണം പോകാൻ.
അടിപ്പാത നിർമാണം 90ശതമാനം പൂർത്തിയായ സാഹചര്യത്തിൽ താൽക്കാലികമായി വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയാൽ യാത്രാ ക്ലേശം പരിഹരിക്കാൻ കഴിയും. എത്രയും പെട്ടെന്ന് അടിപ്പാതയിലൂടെ പ്രവേശിക്കുന്നതിനുള്ള സൗകര്യം ഒരുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ദേശീയപാത അധികൃതരോട് പ്രദേശവാസികളും വാഹനയാത്രികരും ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുഴൽമന്ദം യൂണിറ്റ് ഭാരവാഹികൾ ദേശീയപാത അതോറിറ്റി അധികൃതരോട് പരാതിപ്പെട്ടെങ്കിലും ‘നിവൃത്തിയില്ല. പൊതുജനം രണ്ടുമാസം കൂടി ബുദ്ധിമുട്ട് സഹിക്കണ’ മെന്നാണ് അവരുടെ മറുപടി.