സ്ഥലവിൽപനയെന്നു പറഞ്ഞ് തട്ടിപ്പ്; റിയൽ എസ്റ്റേറ്റുകാരനെ റെയിൽവേ ജീവനക്കാരൻ 1.75 കോടി രൂപ കബളിപ്പിച്ചു

Mail This Article
കോയമ്പത്തൂർ∙ അട്ടപ്പാടി - അഗളി ഭാഗത്ത് സ്ഥലം വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് റിയൽ എസ്റ്റേറ്റ് വ്യാപാരിയെ റെയിൽവേ ജീവനക്കാരൻ കബളിപ്പിച്ചതായി പരാതി. ഈറോഡ് റെയിൽവേയിൽ ഇലക്ട്രിക്കൽ വിഭാഗം വർക്സ് സ്പെഷൽ സീനിയർ സെക്‌ഷൻ എൻജിനീയറായ തൃശൂർ സ്വദേശി ബിജോയിയെയാണ് കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നവക്കര മാവുത്തംപതി ഗ്രാമത്തിലെ എസ്.രാജന്റെ പരാതിയിലാണ് ബിജോയ്, ഭാര്യ രഹിന ബിജോയ് എന്നിവർക്കെതിരെ കേസെടുത്തത്. ഇതിൽ രഹിന ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
കോയമ്പത്തൂർ തടാകം റോഡിൽ ഗ്രീൻ പ്രോപ്പർട്ടി ഡവലപ്പേഴ്സ് സ്ഥാപനം നടത്തുന്ന രാജനെയും സുഹൃത്തിനെയും 2023 ഒക്ടോബറിൽ ഇടയർപാളയം സ്വദേശികൾ വഴിയാണ് ബിജോയ് പരിചയപ്പെട്ടത്. റെയിൽവേയിൽ ഉന്നത ഉദ്യോഗസ്ഥൻ ആണെന്നും അഗളിയിൽ പുഴയോരത്തു ഭൂമി വിൽക്കാനുണ്ടെന്നും പറഞ്ഞു. 4 -5 കോടി വിലവരുന്ന ഭൂമിയുടെ ഉടമകൾ താനും ഭാര്യയുമാണെന്നറിയിച്ച് കൂനൂർ വിലാസത്തിൽ അഡ്വാൻസ് കൈപ്പറ്റി.
പെട്ടെന്ന് പണം തരികയാണെങ്കിൽ 1.75 കോടി രൂപയിൽ തരാമെന്നേറ്റ ബിജോയ് പിന്നീട് പലതവണകളിലായി ഭാര്യയുടെ അക്കൗണ്ടുകൾ മുഖേന പണം കൈപ്പറ്റി. മാസങ്ങൾ കഴിഞ്ഞും റജിസ്ട്രേഷൻ നടത്താത്തതിനാൽ നേരിലും ഫോണിലും അന്വേഷിച്ചപ്പോൾ ഭീഷണിപ്പെടുത്തി. ഈ വർഷം ഒക്ടോബർ 6ന് നേരിട്ട് കോയമ്പത്തൂർ സായിബാബ കോളനിയിലെ വസതിയിൽ നേരിട്ട് പോയെങ്കിലും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് രാജൻ റൂറൽ ക്രൈം ബ്രാഞ്ചിൽ പരാതി നൽകുകയായിരുന്നു.
ചെന്നൈ, കോയമ്പത്തൂർ, കൂനൂർ എന്നിവിടങ്ങളിൽ വീട് വാടകയ്ക്കു എടുക്കുകയും വീടിന്റെ വിലാസം ഉപയോഗിച്ചും രാഷ്ട്രീയ നേതാക്കളുടെ സൗഹൃദം അവകാശപ്പെട്ടും ഭാര്യയുടെയും ബന്ധുക്കളുടെയും പേരിൽ വ്യാജ കമ്പനികൾ ഉണ്ടെന്ന് വിശ്വസിപ്പിക്കുകയും ചെയ്താണ് തട്ടിപ്പ് തുടരുന്നത്. കോയമ്പത്തൂരിലും ഇത്തരത്തിൽ സ്ഥല വിൽപനയുടെ പേരിലും ജോലിയുടെ മേൽവിലാസം ഉപയോഗിച്ചും തട്ടിപ്പ് നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂർ ജെഎം നാലാം നമ്പർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.