മെക്സിക്കൻ ചോക്ലേറ്റ്, കാരമൽ എക്സ്പ്രസ്സോ ചോക്ലേറ്റ്..; ഊട്ടിയിൽ ചോക്ലേറ്റ് മേളയ്ക്കു തുടക്കം

Mail This Article
ഊട്ടി ∙ ചോക്ലേറ്റ് ഫെസ്റ്റിന് തുടക്കമായി. എടിസി റോഡിലെ വൈഡബ്ല്യൂസിഎ കെട്ടിടത്തിലുള്ള എംഎൻ ചോക്ലേറ്റിലാണ് ഫെസ്റ്റ് നടക്കുന്നത്. അടുത്ത മാസം 150 -ാം വാർഷികം ആഘോഷിക്കുന്ന ഊട്ടി ബ്രിക്സ് സ്കൂളിന്റെ ഡാർക്ക്, മിൽക്, വൈറ്റ് ചോക്ലേറ്റിൽ നിർമിച്ച രൂപമാണ് മേളയിലെ മുഖ്യആകർഷണം. ഊട്ടിയിലെ കാർഷിക വിളകളായ കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, യൂക്കാലിപ്റ്റസ് ഓയിൽ തുടങ്ങിയവ മിശ്രിതമാക്കിയും ചോക്ലേറ്റുകൾ നിർമിച്ചു. ഭൗമസൂചികാ പദവി ലഭിച്ച ഊട്ടി ബർക്കി ഉപയോഗിച്ചുള്ള ചോക്ലേറ്റ് ഇപ്രാവശ്യത്തെ മേളയിലെ പ്രത്യേക ഉൽപന്നമാണ്.

കൂടാതെ സൗത്ത് ഇന്ത്യൻ ഫിൽറ്റർ കോഫി, ജിഞ്ചർവൈറ്റ്, കുരുമുളകടങ്ങിയ മെക്സിക്കൻ ചോക്ലേറ്റ്, ഉപ്പ് കലർന്ന കാരമൽ എക്സ്പ്രസ്സോ ചോക്ലേറ്റ്, നിരവധി പഴങ്ങളുടെ രുചികളിലുള്ളവ തുടങ്ങി നൂറിൽ കൂടുതൽ രുചിഭേദങ്ങളാണ് ചോക്ലേറ്റിൽ ഒരുക്കിയിരിക്കുന്നത്. യുവസംരഭകരായ അബ്ദുൽ റഹമാൻ, മസ്ലൂർ റഹമാൻ തുടങ്ങിയവരുടെ എംഎൻ ചോക്ലേറ്റ് നടത്തുന്ന 15–ാമത്തെ മേളയാണിത്. ഇന്ത്യയിലെ ആദ്യ ചോക്ലേറ്റ് മ്യൂസിയവും ഇവരുടെ പേരിലാണുള്ളത്. മേള ജനുവരി 5ന് സമാപിക്കും.