ഊട്ടി ബോട്ട് ഹൗസിലെ ചെളി മാറ്റാൻ 7.5 കോടി അനുവദിച്ച് സർക്കാർ; 2.5 കോടി അധികമായി വേണ്ടിവരുമെന്നു കരാറുകാർ

Mail This Article
ഊട്ടി∙ ബോട്ട് ഹൗസിലെ ചെളി മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ചെളിയെടുക്കാനായി 7.5 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പക്ഷേ, 2.5 കോടി രൂപ അധികമായി വേണ്ടിവരുമെന്നു സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണ് കരാറുകാർ. 1823ലാണ് ബോട്ട് ഹൗസ് സ്ഥാപിതമായത്. ആദ്യകാലത്ത് ഊട്ടി എടിസി മുതൽ കാന്തൽ മുക്കോണം വരെ ഉണ്ടായിരുന്ന ബോട്ട് ഹൗസ് പിന്നീട് ചുരുക്കി. വർഷം തോറും 15 ലക്ഷം സന്ദർശകർ ഇവിടെ ബോട്ടിങ്ങിനെത്താറുണ്ട്. നിലവിൽ 33 മോട്ടർ ബോട്ടുകൾ, 17 തുഴയുന്ന ബോട്ടുകൾ, 105 പെഡൽ ബോട്ടുകൾ എന്നിവയാണു സർവീസ് നടത്തുന്നുണ്ട്.
6 മാസത്തിനുള്ളിൽ ചേറും മാലിന്യങ്ങളും മാറ്റാനാണ് പദ്ധതി. ബോട്ട് ഹൗസിലെ കോടപ്പമന്ത് കനാൽ ചേരുന്ന സ്ഥലത്താണ് മാലിന്യങ്ങളും മണ്ണും ഏറെ മൂടിക്കിടക്കുന്നത്. ഇവിടെ നിന്നാണ് ഡ്രഡ്ജിങ്ങിനു തുടക്കമായത്. ശേഖരിക്കുന്ന ചേറും മാലിന്യങ്ങളും ഇവിടെ നിന്നും 5 കിലോമീറ്റർ ദൂരമുള്ള തീട്ടുക്കല്ലിലാണ് നിക്ഷേപിക്കുന്നത്. തടാകത്തിൽ വീണ് കിടക്കുന്ന മരങ്ങളും മാലിന്യങ്ങളും മാറ്റി ബോട്ടിങ്ങിന്റെ വ്യാപ്തി വർധിപ്പിക്കാനാണ് പദ്ധതി. തമിഴ്നാട് വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാണ് ബോട്ട് ഹൗസ് പ്രവർത്തിക്കുന്നത്.