നെല്ലു സംഭരണം: കേന്ദ്രത്തിൽ നിന്ന് 215 കോടി രൂപ കൂടി
Mail This Article
പാലക്കാട് ∙ നെല്ലു സംഭരണത്തിനുള്ള കേന്ദ്രവിഹിതത്തിൽ 215 കോടി രൂപ കൂടി സംസ്ഥാനത്തിന് അനുവദിച്ചു. ആദ്യ ഗഡുവായി 73.34 കോടി രൂപ നേരത്തെ നൽകിയിരുന്നു. മുൻ സീസണുകളിൽ നെല്ലെടുത്ത വകയിൽ സംസ്ഥാനത്തിനു ലഭിക്കാനുള്ള കേന്ദ്രവിഹിതത്തിൽ നിന്നാണു തുക അനുവദിച്ചിട്ടുള്ളത്. ഇതോടെ ഡിസംബർ 15 വരെ അംഗീകരിച്ച പിആർഎസുകളിൽ നെല്ലുവില നൽകാനാകും. ഇതിനായി സപ്ലൈകോ നടപടി തുടങ്ങി. ഈ മാസം തന്നെ കർഷകരുടെ അക്കൗണ്ടിൽ പണമെത്തും. നെല്ലെടുപ്പിനു സംസ്ഥാന സർക്കാർ വിഹിതമായി പ്രഖ്യാപിച്ച 175 കോടിയിൽ 50 കോടി രൂപ കഴിഞ്ഞ മാസം അനുവദിച്ചിരുന്നു.
സംസ്ഥാനം പ്രഖ്യാപിച്ച തുകയിൽ നിന്ന് ഓരോ മാസവും 50 കോടി രൂപ വീതമാണു സപ്ലൈകോയ്ക്ക് അനുവദിക്കുന്നത്. ഇതനുസരിച്ച് 50 കോടി രൂപ ഈ മാസം ലഭിക്കണം. ഇതുകൂടി കിട്ടിയാൽ ഡിസംബർ 30 വരെ അംഗീകരിക്കുന്ന പിആർഎസുകളിൽ വില നൽകാനാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണു സംസ്ഥാനം ഗഡുക്കളായി തുക അനുവദിക്കുന്നത്. സംസ്ഥാനം പ്രഖ്യാപിച്ച 175 കോടി രൂപയിലെ ആദ്യ ഗഡുവായ 50 കോടി രൂപ ഒരു മാസത്തിനു ശേഷമാണു സപ്ലൈകോയ്ക്കു അനുവദിച്ചത്. ഡിസംബർ 30 വരെയുള്ള പിആർഎസുകളിൽ തുക നൽകാനായാൽ ഭൂരിഭാഗം കൃഷിക്കാർക്കും ഒന്നാംവിള നെല്ലിന്റെ വില ലഭിക്കും.