അഗ്നിരക്ഷാസേനയ്ക്ക് ആരു വഴിയൊരുക്കും; ജീവൻരക്ഷയ്ക്കായി കുതിക്കുന്ന ഫയർഫോഴ്സിനു വഴിയിൽ കുരുക്ക്
Mail This Article
പാലക്കാട് ∙ ജീവൻ രക്ഷയ്ക്കായി കുതിക്കുന്ന പാലക്കാട് അഗ്നിരക്ഷാ സേനയ്ക്ക് ആരു വഴിയൊരുക്കും. ഫയർ സ്റ്റേഷൻ മുതൽ സിവിൽ സ്റ്റേഷൻ റോഡ് വരെ പാതയ്ക്ക് ഇരുവശത്തും നിരനിരയായി വാഹനങ്ങൾ നിർത്തിയിട്ടുണ്ടാകും. എതിരെ ഒരു വാഹനം വന്നാൽ, ദുരന്തമുഖങ്ങളിൽ രക്ഷാദൗത്യവുമായി പായുന്ന അഗ്നിരക്ഷാസേന വാഹനം ഒതുക്കിക്കൊടുത്ത് കുരുക്ക് ഒഴിവാക്കി വേണം പോകാൻ. ബന്ധപ്പെട്ടവരോടെല്ലാം ഒട്ടേറെത്തവണ പരാതി പറഞ്ഞു. നടപടിയൊന്നുമില്ല. സഹികെട്ട സേന ഒടുവിൽ സ്വന്തം ഓഫിസ് മതിലിന്റെ പരിസരത്ത് ‘നോ പാർക്കിങ് ബോർഡ്’ സ്ഥാപിച്ചു. ഇതു പാലിക്കാനായി 2 ഹോംഗാർഡുകളെയും ഡ്യൂട്ടിക്കു നിയോഗിച്ചു. ഇപ്പോൾ ഈ ഭാഗത്തു വാഹനം നിർത്തുന്നില്ല. തൊട്ടപ്പുറത്ത് ഇരുവശത്തും വാഹനങ്ങളാണ്.
ഏതെങ്കിലും ഒരു വശത്തു മാത്രം വാഹനം നിർത്തിയാൽ മാത്രമേ ഫയർ സ്റ്റേഷനിലേക്കുള്ള റോഡിൽ ഗതാഗതം സുഗമമാകൂ. ഇക്കാര്യം പൊലീസിനെ പലതവണ അറിയിച്ചതാണ്. ഈ റോഡിൽ വലിയ പൊലീസ് വാഹനങ്ങൾ പോലും കുരുക്കൊഴിവാക്കാൻ അഗ്നിരക്ഷാ സേനയുടെ ഗ്രൗണ്ടിലാണു നിർത്തിയിടുന്നത്. ജില്ലാ ഭരണകൂടവും പൊലീസും അടിയന്തരമായി ഇടപെട്ട് ഈ റോഡിൽ വീതികുറഞ്ഞ ഭാഗത്ത് ഒരു വരി വാഹന പാർക്കിങ് ഉറപ്പാക്കി തടസ്സ രഹിത ഗതാഗതം ഉറപ്പാക്കണമെന്നാണ് ആവശ്യം. ബാക്കി വാഹനങ്ങൾക്കു സിവിൽ സ്റ്റേഷൻ റോഡിൽ സ്ഥലം കണ്ടെത്തി പാർക്കിങ്ങിനു സൗകര്യം ഒരുക്കാനാകും.
ചാലിനു മുകളിൽ സ്ലാബിട്ടു വീതി കൂട്ടാം
സിവിൽ സ്റ്റേഷൻ–ഫയർ സ്റ്റേഷൻ റോഡിൽ ചാലിനു മുകളിൽ സ്ലാബിട്ടാൽ വാഹനങ്ങൾ അരികിലേക്കു ചേർത്തു നിർത്താനാകുമെങ്കിലും അതിനും നടപടിയില്ല. റോഡിൽ ചിലയിടങ്ങളിലൊഴികെ ഇരുവശത്തും ചാലുണ്ട്. സ്ലാബിടണമെന്നു മാത്രം. ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കമെന്നാണ് ആവശ്യം.