ADVERTISEMENT

പാലക്കാട്‌∙ വാളയാർ സംസ്‌ഥാന അതിർത്തിയിലുള്ള എക്സൈസ് കണ്ടെയ്‌നർ ചെക്‌പോസ്റ്റ‌ിലേക്കു നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി. വാഹനം പാഞ്ഞടുക്കുന്നത് കണ്ട് ചെക്‌പോസ്റ്റ‌ിനു മുന്നിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥൻ ഓടി മാറിയെങ്കിലും അകത്തു ഡ്യൂട്ടിയിലുണ്ടായിരുന്നയാൾ ചെക്പോസ്റ്റിനുള്ളിൽ കുടുങ്ങി. കസേരയിൽ നിന്നു ഇദ്ദേഹം തെറിച്ചു വീണെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രിവന്റീവ് ഓഫിസർ മനോജ് ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കണ്ടെയ്‌നർ ലോറി ഡ്രൈവർ വില്ലുപുരം സ്വദേശി വെങ്കിടേഷിന് (34) നേരിയ പരുക്കേറ്റു.

walayar-excise-checkpost-lorry-accident
വാളയാർ സംസ്‌ഥാന അതിർത്തിയിലുള്ള എക്സൈസ് കണ്ടെയ്‌നർ ചെക്‌പോസ്റ്റ‌ിലേക്കു നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ഇടിച്ചുകയറിയപ്പോൾ.

ചെക്‌പോസ്റ്റ‌ിനു മുന്നിലുണ്ടായിരുന്നവർ നിമിഷ നേരത്തിനുള്ളിൽ ഓടി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബുധനാഴ്ച രാവിലെ 9.15 നാണ് അപകടം. ചെക്പോസ്‌റ്റിനു പിന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് പൂർണമായി തകർന്നു. ഓഫിസിനകത്തെ മുഴുവൻ സാമഗ്രികളും ശുചിമുറി സംവിധാനവും തകർന്നു. കോട്ടയത്തു നിന്നു ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ലോറിയാണ് ഇരുമ്പു കണ്ടെയ്‌നർ കൊണ്ട് നിർമിച്ച ചെക്പോസ്‌റ്റിലേക്കു ഇടിച്ചുകയറിയത്. ദേശീയപാതയിൽ വച്ച് ബ്രേക്ക് നഷ്ടമായ ലോറി, നിയന്ത്രണം തെറ്റി എതിർ ദിശയിലെ റോഡിലേക്ക് കടന്ന് ദേശീയപാതയോരത്തെ ചെക്പോസ്‌റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.

ഇൻസ്പെക്‌ടർ ഉൾപ്പെടെ ഈ സമയം 5 പേർ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവർ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയതിനു പിന്നാലെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ചെക്‌പോസ്റ്റ‌് 10 അടിയോളം പിന്നോട്ട് മാറിപ്പോയി. അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി സ്ഥലത്തുനിന്നു മാറ്റി. സംഭവത്തിൽ എക്സൈസ് നൽകിയ പരാതിയിൽ വാളയാർ പൊലീസ് കേസെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിനു കൈമാറിയിട്ടുണ്ട്. ചന്ദ്രാപുരത്തുണ്ടായിരുന്ന എക്സൈസ് ചെക്പോസ്‌റ്റ് കാലപ്പഴക്കം വന്നതിനെ തുടർന്ന് ജൂൺ 18നാണ് വാളയാർ അതിർത്തിയിൽ ഒരുക്കിയ പുതിയ കണ്ടെയ്നർ ചെക്പോസ്‌റ്റിലേക്കു മാറ്റി സ്‌ഥാപിച്ചത്. മന്ത്രി എം.ബി.രാജേഷാണ് ഉദ്ഘാടനം നിർവഹിച്ചത്.

English Summary:

A runaway container lorry crashed into the Walayar Excise checkpost, causing extensive damage to the facility and a parked motorbike. Thankfully, officials escaped serious injury, narrowly avoiding a major tragedy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com