‘ഒന്ന്’ വിട്ടുകൊടുത്ത് പാലക്കാട്; തൃശൂരുമായി ഒരു പോയിന്റ് വ്യത്യാസം മാത്രം
Mail This Article
തിരുവനന്തപുരം ∙ ഒന്നിൽ പിഴച്ചു, സ്വർണം വെള്ളിയായി, എന്നാലും ഇതു പാലക്കാടിന് അഭിമാനനേട്ടം. ഇഞ്ചോടിഞ്ചു പോരാടിയാണ് ജില്ലയുടെ വെള്ളിക്കപ്പ് നേട്ടം. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവസാനദിവസം സ്വർണക്കപ്പ് സ്വന്തമാക്കാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു ജില്ല. ഉച്ചയോടെ ഒരു പോയിന്റ് കൂടുതൽ നേടി ജില്ല ഒന്നാമതെത്തുകയും ചെയ്തു. പോയിന്റ് നില മാറിമറിഞ്ഞ അവസാനനിമിഷമാണ് ഒരു പോയിന്റ് വ്യത്യാസത്തിൽ ജില്ലയ്ക്കു സ്വർണക്കപ്പ് നഷ്ടമായത്. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ജില്ലയ്ക്ക് ഈ വർഷം അഭിമാനിക്കാം.
ജില്ലയിലെ അഭിമാനമായ എണ്ണൂറോളം താരങ്ങളുടെ കഠിനപരിശീലനത്തിന്റെ സാഫല്യമാണ് ഈ വെള്ളിക്കപ്പ്. ജില്ലയുടെ കുട്ടിത്താരങ്ങൾ സ്വന്തമാക്കിയ വെള്ളിനേട്ടം ജില്ലയ്ക്കു തനിത്തങ്കം. കഴിഞ്ഞ വർഷം 14 പോയിന്റിന്റെ വ്യത്യാസം മാത്രമേ ജേതാക്കളായ കണ്ണൂരുമായി ഉണ്ടായിരുന്നുള്ളുവെങ്കിലും മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 2023 ൽ കോഴിക്കോട്ടു നടന്ന സംസ്ഥാന കലോത്സവത്തിലും ജില്ല വെള്ളിക്കപ്പ് സ്വന്തമാക്കിയിരുന്നു. അന്നു ജേതാക്കളായ കോഴിക്കോടുമായി 20 പോയിന്റിന്റെ വ്യത്യാസം. ആലത്തൂർ ബിഎസ്എസ് ഗുരുകുലം, ശ്രീകൃഷ്ണപുരം എച്ച്എസ്എസ്, പിടിഎം എച്ച്എസ് തൃക്കടീരി എന്നിവിടങ്ങളിലെ കുട്ടികളാണ് ജില്ലയ്ക്ക് അഭിമാനമായത്. 2005ൽ ആണ് ജില്ല ആദ്യമായി സ്വർണക്കപ്പ് സ്വന്തമാക്കിയത്. 2006, 2015, 2018, 2019 വർഷങ്ങളിലും വിജയം ആവർത്തിച്ചു.
3 ഇനങ്ങളിൽ പങ്കെടുത്തില്ല
നാഗസ്വരം (എച്ച്എസ്), വിചിത്രവീണ (എച്ച്എസ്, എച്ച്എസ്എസ്) എന്നിവയിൽ മത്സരിക്കാൻ ജില്ലയിൽ നിന്നു കുട്ടികൾ ഇല്ലാതായതാണു തിരിച്ചടിയായത്. 15 പോയിന്റ് ഈ ഇനങ്ങളിൽ മാത്രം പാലക്കാടിനു നഷ്ടമായി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇതേ ഇനത്തിനു ജില്ലയിൽ നിന്നു മത്സരാർഥികൾ ഇല്ലാതെ പോയതാണ് സ്വർണക്കപ്പ് നേട്ടത്തിനു തിരിച്ചടിയായത്. ആവശ്യമായ പരിശീലകരെ കിട്ടാത്തതാണ് ഈ വിഭാഗത്തിനു മത്സരാർഥികൾ ഇല്ലാതെ പോകുന്നതിനു കാരണം.
കലാപരിശീലനത്തിന് ‘ഗുരുകുല’ സമ്പ്രദായം
തിരുവനന്തപുരം∙ തുടർച്ചയായ 12–ാം വർഷവും സംസ്ഥാന കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടിയ സ്കൂൾ എന്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് ആലത്തൂർ ബിഎസ്എസ് ഗുരുകുലത്തിലെ കുട്ടികളും അധ്യാപകരും. ഗുരുകുലത്തിനു കലോത്സവം പാഠ്യപദ്ധതിയുടെ ഭാഗമാണ്. 249 പോയിന്റോടെയാണ് സ്കൂൾ കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഒന്നാമതെത്തിയത്. ഈ വർഷം പോയിന്റിൽ കുറവു വന്നെങ്കിലും ഗുരുകുലത്തിന്റെ കൂടി കരുത്തിലാണു ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് എത്തിയത്.
ഏറ്റവും കൂടുതൽ തവണ സംസ്ഥാനത്ത് ഒന്നാമതെത്തിയ സ്കൂൾ എന്ന ബഹുമതിയും ഗുരുകുലത്തിനു സ്വന്തമാണ്. ഓരോ കലോത്സവത്തിനും ശേഷം, സ്കൂളിനു മുകളിൽ അടുത്ത സംസ്ഥാന കലോത്സവത്തിൽ വിജയിക്കേണ്ട തവണയുടെ എണ്ണം രൂപമായി സ്ഥാപിച്ച ശേഷമാണ് സ്കൂൾ അതിനു വേണ്ടിയുള്ള പരിശീലനം ആരംഭിക്കുന്നത്. ഈ വർഷം 13 എന്ന നമ്പർ സ്കൂളിനു മുകളിൽ സ്ഥാപിക്കും. ആ ലക്ഷ്യത്തിലേക്കുള്ള പരിശ്രമവും ആരംഭിക്കും.