തെരുവുനായ നിയന്ത്രണം പണ്ടേപ്പോലെ ഫലിക്കുന്നില്ല
Mail This Article
പാലക്കാട് ∙ തെരുവുനായ നിയന്ത്രണ നടപടികൾക്ക് പണ്ടേപോലെ ശൗര്യമില്ല. ജില്ലാ ആശുപത്രിയിൽ പ്രതിദിനം ശരാശരി 80 പേർ തെരുവുനായ്ക്കളുടെ കടിയേറ്റുള്ള പ്രതിരോധ കുത്തിവയ്പിന് എത്തുന്നുണ്ട്. അതേ സമയം നിയമാനുസൃതമായി ആകെ ചെയ്യാവുന്ന നടപടി തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണമാണെന്നു (അനിമൽ ബർത്ത് കൺട്രോൾ അഥവാ എബിസി) മൃഗസംരക്ഷണവകുപ്പ് അധികൃതർ പറയുന്നു. എന്തായാലും തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഒരു കുറവും ഇല്ല.
വന്ധ്യംകരിച്ചത് 62,000 തെരുവുനായ്ക്കളെ
എബിസി പദ്ധതിപ്രകാരം ജില്ലയിൽ ഇതു വരെ 62,000 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചെന്നാണു കണക്ക്. 2016ലാണു ജില്ലയിൽ പദ്ധതി ആരംഭിച്ചത്. എബിസി പദ്ധതിയിൽ മുന്നിൽ നിൽക്കുന്ന ജില്ലയാണു പാലക്കാട്.ജില്ലാ പഞ്ചായത്ത് 10 ലക്ഷം, ഗ്രാമ പഞ്ചായത്തുകൾ 3.5 ലക്ഷം, മുനിസിപ്പാലിറ്റികൾ 5 ലക്ഷം രൂപ തോതിൽ വകയിരുത്തിയാണു പദ്ധതി നടപ്പാക്കാൻ വിഭാവനം ചെയ്തിട്ടുള്ളത്. എബിസി പദ്ധതിക്കുള്ള ഓപ്പറേഷൻ തിയറ്റർ, ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കാൻ ബ്ലോക്ക് പഞ്ചായത്തുകൾ 5 ലക്ഷം രൂപ വീതം അനുവദിക്കണമെന്നാണു ധാരണ. പാലക്കാട് മാത്രമാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ വിജയകരമായി പദ്ധതി നടപ്പാക്കുന്നത്.
സെന്ററുകൾ,ഓപ്പറേഷൻ
ജില്ലയിൽ പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം കേന്ദ്രങ്ങളിലാണ് എബിസി പദ്ധതി നടപ്പാക്കുന്നത്. ഇതിൽ പാലക്കാട് ഒരു മാസമായി ഡോക്ടർ ഇല്ല. നിയമനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഒരു ഡോക്ടർ, ഒരു തിയറ്റർ അസിസ്റ്റന്റ്, 3 നായപിടുത്തക്കാർ എന്നിവരടങ്ങുന്നതാണ് ഒരു എബിസി യൂണിറ്റ്. പരിശീലനം നൽകിയാണു നായപിടിത്തുക്കാരെ സജ്ജമാക്കുക.∙ ഒരു യൂണിറ്റിൽ മാസം 120 തെരുവുനായ്ക്കളെയാണു വന്ധ്യംകരിക്കുക.
നായ്ക്കളെ പിടികൂടി ശസ്ത്രക്രിയ നടത്തി 3 മുതൽ 5 ദിവസം വരെ നിരീക്ഷിച്ച് മുറിവുണക്കി പിടിച്ചിടത്തു തന്നെ കൊണ്ടുപോയി വിടുന്നതാണു രീതി.∙ ഒരു നായ ഒരു വർഷം 2 തവണ പ്രസവിക്കും. ഒരു പ്രസവത്തിൽ ചുരുങ്ങിയത് 5 കുഞ്ഞുങ്ങൾ ഉണ്ടാകും. ഇതിൽ രണ്ടെണ്ണമെങ്കിലും അതിജീവിച്ചു വളരും.∙ വന്ധ്യംകരിച്ച തെരുവുനായ്ക്കൾ അത്ര പെട്ടെന്നു പാഞ്ഞടുത്തു കടിക്കില്ലെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നു. ഉപദ്രവിക്കുകയോ ചവിട്ടുകയോ മറ്റോ ചെയ്താൽ മാത്രമേ കടിക്കൂ.∙ ജില്ലയിൽ പട്ടാമ്പി, പറളി മേഖലകളിൽ ഉടൻ എബിസി സെന്ററുകൾ ആരംഭിക്കും. മണ്ണാർക്കാട്ടും താമസിയാതെ യൂണിറ്റ് ആരംഭിക്കും.
വർഷാവർഷം കുത്തിവയ്പ്
എബിസി പദ്ധതി നടപ്പാക്കുമ്പോൾ തന്നെ പേവിഷ പ്രതിരോധ കുത്തിവയ്പു കൂടി നൽകും. എബിസി പദ്ധതി നടത്തിയ നായ്ക്കളുടെ ഇടതു ചെവിയിൽ ‘വി’ അടയാളം രേഖപ്പെടുത്തിയിട്ടുണ്ടാകും.∙ ഒരോ വർഷവും ഇവയ്ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകാൻ മാസ് ഡോഗ് വാക്സിനേഷൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. നായ്ക്കളെ പിടികൂടി കുത്തിവയ്പെടുത്ത ശേഷം തിരിച്ചറിയാനായി പെയ്ന്റ് സ്പ്രേ ചെയ്തു വിടും. ഈ പദ്ധതി നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര വിജയകരമല്ലെന്നും പരാതിയുണ്ട്.
എണ്ണം കൂട്ടണം
എബിസി പദ്ധതിയിൽ വന്ധ്യംകരിക്കുന്ന തെരുവുനായ്ക്കളുടെ എണ്ണം കൂട്ടണമെന്നാണ് ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളുടെയും ആവശ്യം. അത്രയ്ക്കും തെരുവുനായ ശല്യം രൂക്ഷമാണ്. കരാർ അടിസ്ഥാനത്തിലാണ് ഡോക്ടർമാരുടെ നിയമനം. ഇവർ നിർത്തിപ്പോകുമ്പോൾ ഇടയ്ക്കിടെ ആ യൂണിറ്റിന്റെ പ്രവർത്തനം തടസ്സപ്പെടും. ഇതു പരിഹരിക്കാൻ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നും തദ്ദേശസ്ഥാപനങ്ങൾ നിർദേശിക്കുന്നു.തെരുവുനായ്ക്കൾക്ക് ഭക്ഷണത്തിന് ഒട്ടും കുറവില്ലെന്നതും ഇവയുടെ എണ്ണം പെരുകാൻ പ്രധാന കാരണമാണ്. മാലിന്യം വലിച്ചെറിയൽ നിയന്ത്രിക്കുകയാണ് ഇതിനുള്ള പരിഹാരം.
5 വർഷം മുൻപ് 65,000 തെരുവ് നായ്ക്കൾ
5 വർഷം മുൻപുള്ള കണക്കെടുപ്പു പ്രകാരം ജില്ലയിൽ 65,000 തെരുവുനായ്ക്കൾ ഉണ്ട്. ഇപ്പോൾ നടത്തുന്ന കണക്കെടുപ്പിലെ റിപ്പോർട്ട് മാർച്ചിൽ പുറത്തുവരും.
തെരുവുനായ്ക്കളുടെ കടിയേറ്റ് 6 പേർക്ക് പരുക്ക്
വണ്ടിത്താവളം ∙ പട്ടഞ്ചേരി കടുചിറയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ആറു പേർക്കു പരുക്ക്. ഒരാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു രണ്ടു പേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശിവമണി(50), നടരാജൻ (62), ലീല (45), ശാന്ത (50), എസ്.ശബരി (26), ജംഗമ്മാൾ (65) എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ കാലത്ത് 5.30 നാണ് സംഭവം.
ഗുരുതര പരുക്കുകളോടെ ശിവമണിയെ വീട്ടുകാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മെഡിക്കൽ കോളജിലേക്കു മാറ്റുകയുമായിരുന്നു. മുഖത്തും ദേഹത്തും കടിയേറ്റ നടരാജനെയും ജംഗമ്മാളിനെയുമാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പീലിയോട് പൊട്ടക്കുളം ഭാഗത്തുനിന്ന് എത്തിയ തെരുവുനായ്ക്കളാണ് ജനങ്ങളെ ആക്രമിച്ചത്. വീട്ടുമുറ്റത്തും വഴിവക്കിലും നിന്നവർക്കാണ് കടിയേറ്റത്. തെരുവുനായ്ക്കളെ പിടികൂടാൻ നടപടി വേണമെന്നും ജനങ്ങളുടെ ജീവനു സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു.