എക്സൈസ് ചെക്പോസ്റ്റിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചുകയറി
Mail This Article
വാളയാർ ∙ സംസ്ഥാന അതിർത്തിയിലുള്ള എക്സൈസ് കണ്ടെയ്നർ ചെക്പോസ്റ്റിലേക്കു നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഇടിച്ചു കയറി. വാഹനം പാഞ്ഞടുക്കുന്നത് കണ്ടു ചെക്പോസ്റ്റിനു മുന്നിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഓടി മാറിയെങ്കിലും അകത്തു ഡ്യൂട്ടിയിലുണ്ടായിരുന്നയാൾ ചെക്പോസ്റ്റിനുള്ളിൽ കുടുങ്ങി. ചെയറിൽ നിന്ന് ഇദ്ദേഹം തെറിച്ചു വീണെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രിവന്റീവ് ഓഫിസർ മനോജാണ് രക്ഷപ്പെട്ടത്. ചെക്പോസ്റ്റിനു മുന്നിലുണ്ടായിരുന്നവർ നിമിഷ നേരത്തിനുള്ളിൽ ഓടി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ രാവിലെ 9.15നാണ് അപകടം. ചെക്പോസ്റ്റിനു പിന്നിൽ നിർത്തിയിട്ട ബൈക്ക് പൂർണമായി തകർന്നു. ചെക്പോസ്റ്റിനുള്ളിലെ ഇലക്ട്രിക് സാമഗ്രികളും കംപ്യൂട്ടർ, ക്യാമറ സംവിധാനങ്ങളും തകർന്നു. കോട്ടയത്തു നിന്നു ഹൈദരാബാദിലേക്ക് പോയ ലോറിയാണ് ഇരുമ്പു കണ്ടെയ്നർ കൊണ്ട് നിർമിച്ച ചെക്പോസ്റ്റിലേക്ക് ഇടിച്ചു കയറിയത്. ബ്രേക്ക് നഷ്ടമായ ലോറി, നിയന്ത്രണം തെറ്റി എതിർ ദിശയിലെ റോഡിലേക്ക് കടന്നു ദേശീയപാതയോരത്തെ ചെക്പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു..
ഇൻസ്പെക്ടർ ഉൾപ്പെടെ ഈ സമയം 5 പേർ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവർ തൊട്ടടുത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിയ ഉടനെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ചെക്പോസ്റ്റ് 10 അടിയോളം പിന്നോട്ട് മാറി. ശുചിമുറി സംവിധാനവും ഓഫിസിനകത്തെ മുഴുവൻ സാമഗ്രികളും തകർന്നു. അപകടത്തിൽ കണ്ടെയ്നർ ലോറി ഡ്രൈവർ വില്ലുപുരം സ്വദേശി വെങ്കിടേഷിനു (34) നേരിയ പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ എക്സൈസ് നൽകിയ പരാതിയിൽ വാളയാർ പൊലീസ് കേസെടുത്തിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയുമില്ല; കണ്ടെയ്നർ ചെക്പോസ്റ്റിൽ ഭീതിയോടെ ഉദ്യോഗസ്ഥർ
വാളയാർ ∙ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനു പുറമേ സുരക്ഷയുമില്ലാതെയായിരുന്നു വാളയാറിലെ എക്സൈസ് ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി. ദേശീയപാതയോരത്തേക്ക് ചെക്പോസ്റ്റ് മാറ്റിയതോടെ ഏതു സമയവും ഇന്നലെ നടന്നതുപോലൊരു അപകടം അവർ മുന്നിൽ കണ്ടിരുന്നു. നേരത്തെ ചന്ദ്രാപുരം സർവീസ് റോഡിലാണ് കണ്ടെയ്നർ ചെക്പോസ്റ്റുണ്ടായിരുന്നത്. ഇതു പിന്നീട് ദേശീയപാതയോരത്ത് വാളയാർ അതിർത്തിയിലേക്കു മാറ്റി. ശുചിമുറി സൗകര്യവും ശുദ്ധജല സംവിധാനവും ഒരുക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു.
വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഡ്യൂട്ടിയെടുക്കുന്ന ചെക്പോസ്റ്റിന് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല. ദേശീയപാതയോരത്തു നിന്നു ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾക്കു കൈകാണിച്ചു നിർത്തി വേണം ഉദ്യോഗസ്ഥർ പരിശോധിക്കാൻ. നേരത്തെയും സമാനമായ അപകടങ്ങളിൽ ഉദ്യോഗസ്ഥർക്കു പരുക്കേറ്റ സ്ഥിതിയുണ്ടായിരുന്നിട്ടും പരിശോധനാ സംവിധാനങ്ങൾ മാറ്റാനോ സുരക്ഷ ഒരുക്കാനോ സാധിച്ചില്ല. ദേശീയപാതകളിൽ വാഹനം തടയുന്നതിനു നിയന്ത്രണമുണ്ടായിട്ടു പോലും പരിശോധനാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനായില്ല.
ഈ വിഷയം ഒട്ടേറെ തവണ ‘മലയാള മനോരമ’ വാർത്തയിലൂടെ ഉന്നത ഉദ്യോഗസ്ഥർക്കു മുന്നിലെത്തിച്ചിട്ടും നടപടി നീളുകയായിരുന്നു. മൂന്നര മീറ്റർ വീതിയും 20 മീറ്റർ നീളവുമുള്ള ഇരുമ്പ് കണ്ടെയ്നർ ചെക്പോസ്റ്റിലാണ് ഒരു സർക്കിൾ ഇൻസ്പെക്ടറും, 3 ഇൻസ്പെക്ടർമാരും, 9 പ്രിവന്റീവ് ഓഫിസർമാരും, 16 സിവിൽ എക്സൈസ് ഓഫിസർമാരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിയെടുത്തിരുന്നത്.