പ്രതീക്ഷകൾ കരിഞ്ഞു; നെല്ലിനു വിലയില്ല, കൃഷിനാശം വ്യാപകം
Mail This Article
വിളയൂര്‍ ∙ പാടശേഖരങ്ങളില്‍ കൊയ്ത്തു തുടങ്ങിയെങ്കിലും പ്രതീക്ഷകള്‍ കരിഞ്ഞുണങ്ങി കര്‍ഷകര്‍. നെല്ലിനു വിലയില്ലാത്തതു തന്നെയാണു കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഹെക്ടര്‍ കണക്കിനു സ്ഥലം പാട്ടത്തിനെടുത്തും സ്വന്തമായും നെല്‍ക്കൃഷി നടത്തിയവരാണു പ്രതിസന്ധി നേരിടുന്നത്. പൊന്മണി വിത്താണ് ഏറെയും കര്‍ഷകര്‍ ഇറക്കിയിരിക്കുന്നത്. ചിലയിടങ്ങളില്‍ സുപ്രിയ വിത്ത് പരീക്ഷിച്ചവരും ഉണ്ട്. പഞ്ചായത്തിലെ വള്ളിയത്ത് പാടശേഖരത്തില്‍ ഇത്തവണ കര്‍ഷകര്‍ സുപ്രിയ വിത്താണു പരീക്ഷിച്ചത്.മുന്‍ വര്‍ഷങ്ങളില്‍ പൊന്മണി വിത്ത് ഇറക്കിയപ്പോള്‍ കിട്ടിയ മേന്മയും ലാഭവും സുപ്രിയ വിത്ത് വിളവെടുപ്പിനു പാകമായപ്പോള്‍ പ്രതീക്ഷയില്ല.
ഏതുതരം വിത്തിറക്കിയാലും പ്രതീക്ഷിച്ച ലാഭം നെല്‍ക്കൃഷിക്കു കിട്ടുന്നില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. പാടം പാകപ്പെടുത്തിയെടുക്കല്‍, ഞാറു നടീല്‍, കീടബാധ ചെറുക്കൽ, പന്നികളെ അകറ്റൽ, ജലസേചനം, കൊയ്ത്ത് എന്നിവയുടെ ചെലവുകള്‍ താങ്ങാനാകുന്നില്ല. പന്നികളുടെ ശല്യമാണു കര്‍ഷകരെ ഏറെ പൊറുതിമുട്ടിക്കുന്നത്. കാട്ടുപന്നികളെ തുരത്താന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്തുകളുടെ ഭാഗത്തു നിന്നു നടപടി ഉണ്ടാകാത്തതാണു കര്‍ഷകരെ പ്രയാസത്തിലാക്കുന്നത്.കാട്ടുപന്നിശല്യം തടയാന്‍ പഞ്ചായത്തുകള്‍ കര്‍ഷകരോടു സഹകരിക്കുന്നില്ല. കര്‍ഷകരില്‍ നിന്നു പണം പിരിവെടുത്തു പാടശേഖര സമിതികളാണു സോളര്‍ വേലികെട്ടി നെല്‍ക്കൃഷിക്കു കാവല്‍ ഒരുക്കുന്നത്.
കീടബാധയാണു മറ്റൊരു വെല്ലുവിളി. കീടങ്ങളെ നശിപ്പിക്കുന്ന മരുന്നുകള്‍ക്കു വലിയ വില നല്‍കണം. കൃഷിഭവനുകളില്‍ നിന്നു കിട്ടുന്ന സബ്സിഡി കൃഷിപ്പണിക്കു തികയുന്നില്ല. എല്ലാ ചെലവുകളും സ്വയം വഹിച്ചു നെല്‍ക്കൃഷി ഇറക്കിയാല്‍ത്തന്നെ നെല്ലിനു മതിയായ വിലയില്ല. കൊയ്ത്തും മെതിയും കഴിഞ്ഞാല്‍ സപ്ലൈകോ പാടത്തു വന്നു നെല്ലു സംഭരിക്കും. കിലോയ്ക്ക് 28.20 രൂപയാണു സപ്ലൈകോ കര്‍ഷകര്‍ക്കു നല്‍കുന്നത്. പന്നിശല്യവും കീടബാധയും കൃഷിപ്പണിക്കു ചെലവു കൂടിയതും നെല്ലിനു മതിയായ വില കിട്ടാത്തതും കാരണം പലരും നെല്‍ക്കൃഷി ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെന്നു പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു.