വിനോദയാത്രകളൊരുക്കി സ്ത്രീകളുടെ സംഘം; 3 വർഷത്തിനിടെ 4 യാത്രകൾ നടത്തി
Mail This Article
അലനല്ലൂർ∙ യാത്രകൾ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഒറ്റയ്ക്കും സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവുംയാത്രകൾ സംഘടിപ്പിക്കുന്നവരാണു പലരും. എന്നാൽ സ്ത്രീകൾ മാത്രം സംഘടിപ്പിക്കുന്ന യാത്രകൾ ചുരുക്കമായിരിക്കും. അത്തരത്തിലൊരു സംഘമാണ് അലനല്ലൂർ കലങ്ങോട്ടിരിയിലെ തൊഴിലുറപ്പ് തൊഴിലാളികളായ പെൺപട. മൂന്നു വർഷം മുൻപ് തൊഴിലിനിടെയുള്ള വിശ്രമ വേളയിൽ പ്രായം ചെന്നവർ മുന്നോട്ടു വച്ച ആശയം വിജയകരമായി പ്രാവർത്തികമാക്കിവരുന്ന സന്തോഷത്തിലാണ് കലങ്ങോട്ടിരിയിലെ പെൺപട.
12 -ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളാണ് വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. മൂന്നു വർഷത്തിനിടെ നാലു യാത്രകൾ ഇവർ വിജയകരമായി പൂർത്തിയാക്കി. തുടക്കമെന്ന നിലയിൽ 3 വർഷം മുൻപ് മലമ്പുഴയിലേക്കു സംഘടിപ്പിച്ച യാത്രയിൽ നിന്നുള്ള പ്രചോദനമാണ് ഇവരെ വീണ്ടും വീണ്ടും യാത്രകൾ സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചത്. പിന്നീട് വയനാട്, ഊട്ടി, അവസാനം കഴിഞ്ഞ ആഴ്ച മൈസൂരും ചുറ്റിക്കണ്ട് തിരിച്ചെത്തി.
35 അംഗ സംഘത്തിൽ ഏറ്റവും പ്രായം കൂടിയത് 70 വയസ്സുകാരി മുളളത്ത് നീലിയാണ്. 60നു മുകളിൽ പ്രായമുള്ളവർ വേറെയുമുണ്ട്. എഡിഎസ് അംഗങ്ങളായ എം.രമ, പി.റീന, ടി.ലബീബ, കെ.സിന്ധു, കെ.ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് ഇവർ യാത്രകൾ സംഘടിപ്പിക്കുന്നത്. യാത്രകൾക്ക് കുടുംബത്തിന്റെ പൂർണ പിൻതുണയുള്ളതിനാൽ ഇനി ഒരു വിമാന യാത്രയാണ് ഇവർ സ്വപ്നം കാണുന്നത്. ഇതും അടുത്ത തവണ പൂർത്തിയാകുമെന്ന് ഇവർ ഉറച്ച സ്വരത്തിൽ പറയുന്നു.