വീണ്ടും കാട്ടാനക്കൂട്ടം; കഞ്ചിക്കോട് വനയോര മേഖല ഭീതിയിൽ
Mail This Article
വാളയാർ ∙ കഞ്ചിക്കോട് വനയോരമേഖലയെ വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം. ചുള്ളിമടയ്ക്കും പുറകുവശത്തും വല്ലടിയിലുമായി 14 അംഗ കാട്ടാനക്കൂട്ടമാണ് നിലയുറപ്പിച്ചത്. ഇവയിൽ നാലംഗ ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നു ചുള്ളിമട സ്വദേശിയായ കർഷകൻ ശങ്കരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ രാത്രി വീടിനോട് ചേർന്ന തീറ്റപ്പുൽ കൃഷിയിടത്തിൽ ശബ്ദം കേട്ട് പുറത്തിറങ്ങിയ ശങ്കരൻ ആനക്കൂട്ടതിന്റെ മുന്നിൽ പെടുകയായിരുന്നു. ഉടൻ തന്നെ ഓടി രക്ഷപ്പെടുകയും നാട്ടുകാരെ വിളിച്ചുകൂട്ടി പടക്കമെറിഞ്ഞ് ആനകളെ തുരത്തുകയും ചെയ്തു. ശങ്കരന്റെ ഉൾപ്പെടെ ഒട്ടേറെ കർഷകരുടെ ഏക്കറുകണക്കിന് നെൽകൃഷിയും ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.
കാട്ടരുവികളിൽ വെള്ളവും വനത്തിൽ ഭക്ഷണവും ലഭിച്ചു തുടങ്ങിയിട്ടും കാട്ടാനക്കൂട്ടം കാടു കയറുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 2 മാസത്തിലേറെയായി 14 അംഗ കാട്ടാനക്കൂട്ടം കഞ്ചിക്കോട് വനയോര മേഖലയിൽ വിഹരിക്കുന്നുണ്ട്. ഇടയ്ക്ക് കാടു കയറാറുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തുന്നതാണ് പതിവ്. നെൽപാടങ്ങളിൽ എത്തി നെല്ല് മുഴുവൻ തിന്നു തീർക്കുന്നതാണ് ആനക്കൂട്ടത്തിന്റെ പതിവെന്നും കർഷകർ പറയുന്നു. കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് ആനക്കൂട്ടം എത്തിയപ്പോൾ കൂടുതൽ വാച്ചർമാരെ എത്തിച്ച് പടക്കമെറിഞ്ഞ് ഇവയെ ഉൾവനത്തിലേക്കു കയറ്റിയെങ്കിലും വീണ്ടും തിരിച്ചെത്തിയതോടെ വനവംകുപ്പും പ്രയാസത്തിലാണ്.
3 കുട്ടിയാനകളും;കാടുകയറ്റാൻ പ്രയാസം
കാട്ടാനക്കൂട്ടത്തിൽ 3 കുട്ടിയാനകളുമുണ്ട്. റെയിൽവേ ട്രാക്ക് കടന്നാണ് ജനവാസമേഖലയിലേക്ക് എത്തുന്നത്. ഇതിനാൽ കാട്ടാനക്കൂട്ടത്തെ ട്രെയിൻ ഇടിച്ച് അപകടമുണ്ടാവാനുംം സാധ്യതയുണ്ട്. നേരത്തെ ഈ മേഖലയിലാണ് ട്രെയിൻ തട്ടി 2 കാട്ടാനകൾ ചരിഞ്ഞത്. അന്ന് ഒരു കുട്ടിയാനയ്ക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ആനക്കൂട്ടം ആക്രമണ സ്വഭാവം കാണിക്കുന്നതിനാൽ കുങ്കിയാനയെത്തിച്ച് ഇവയെ ഉൾവനത്തിലേക്കു കയറ്റണമെന്നാണ് കർഷകരും നാട്ടുകാരും ആവശ്യപ്പെടുന്നത്. മേഖലയിൽ സുരക്ഷാ നിർദേശം നൽകിയെന്നും ആനകളെ ഉൾവനത്തിലേക്ക് തുരത്തിയെന്നും റേഞ്ച് ഓഫിസർ മുഹമ്മദലി ജിന്ന അറിയിച്ചു.