ഭക്ഷണശാലകളിൽ ആരോഗ്യ വിഭാഗം പരിശോധന തുടങ്ങി
Mail This Article
ഒറ്റപ്പാലം∙ നഗരപരിധിയിലെ ഭക്ഷണശാലകളിൽ ഗുണമേന്മ ഉറപ്പാക്കാനും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപഭോഗം തടയാനും പാതയോരങ്ങളിലെ ചാലുകളിലേക്കു മലിനജലം ഒഴുക്കിവിടുന്നതു വിലക്കാനും ആരോഗ്യ വിഭാഗത്തിന്റെ നടപടി. ഈസ്റ്റ് ഒറ്റപ്പാലം മേഖലയിൽ നടത്തിയ പരിശോധനയിൽ 3 ഭക്ഷണശാലകൾക്കു പിഴ ചുമത്തി. സുരക്ഷിതമല്ലാത്ത നിലയിൽ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതിനാണു 2 ഭക്ഷണശാലകൾക്കു പിഴ ചുമത്തിയത്. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്ത മറ്റൊരു ഹോട്ടലിനു കൂടി പിഴയിട്ടതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.
5 ഹോട്ടലുകളിലായിരുന്നു കഴിഞ്ഞ ദിവസം നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ഈസ്റ്റ് ഒറ്റപ്പാലത്തെ മത്സ്യ വ്യാപാര സ്ഥാപനത്തിൽ നിന്നു മലിനജലം പാതയോരത്തെ ചാലിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. സ്ഥാപനത്തിനെതിരെ നിയമ നടപടി തുടങ്ങിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. നഗരത്തിലെ മറ്റു മത്സ്യ, മാംസ വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഭക്ഷണശാലകളിലും പാതയോരത്തെ ചാലുകളിലേക്കു മലിനജലം ഒഴുക്കിവിടാൻ സാധ്യതയുള്ള സ്ഥാപനങ്ങളിലും പരിശോധനയും നടപടിയും തുടരും. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപഭോഗം കർശനമായി തടയാനുള്ള നടപടി കൂടി ഉണ്ടാകുമെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കി.