ഓർമയിൽ സ്നേഹഗായകൻ
Mail This Article
എം.എസ്.വിശ്വനാഥന് പാലക്കാട്ട് സ്മാരകം: പൂർത്തിയാകാത്ത ആഗ്രഹം
പാലക്കാട് ∙ ഭാവഗായകൻ പി.ജയചന്ദ്രൻ വിടവാങ്ങുന്നതു വിഖ്യാത സംഗീത സംവിധായകൻ എം.എസ്.വിശ്വനാഥനു പാലക്കാട്ട് ഒരു സ്മാരകം എന്ന സ്വപ്നം യാഥാർഥ്യമാകാതെ. ഏറെ പ്രിയപ്പെട്ട എംഎസ്‌വിക്ക് ഒരു സ്മാരകം വേണമെന്നു ജയചന്ദ്രൻ ആഗ്രഹിച്ചിരുന്നു. സ്വരലയയുടെ നേതൃത്വത്തിൽ ഇതിനായി ശ്രമം നടത്തിയിരുന്നു. എം.എസ്.വിശ്വനാഥന്റെ സ്മരണയ്ക്കായി രൂപീകരിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. 2019ൽ എം.എസ്.വിശ്വനാഥനെ അനുസ്മരിക്കുന്നതിനായി വിപുലമായ പരിപാടി പാലക്കാട്ട് സംഘടിപ്പിച്ചിരുന്നു. ഗായകരായ പി.സുശീല, ഉണ്ണിമേനോൻ എന്നിവർ പങ്കെടുത്ത ആ പരിപാടിയിൽ ജയചന്ദ്രനാണ് അധ്യക്ഷ സ്ഥാനം വഹിച്ചത്. എം.എസ്.വിശ്വനാഥനു സ്മാരകം നിർമിക്കുന്നതിനായി പല മന്ത്രിമാരെയും അദ്ദേഹം സമീപിച്ചിരുന്നു. സ്മാരകം നിർമിക്കുന്നതിനായി ബജറ്റിൽ തുക അനുവദിക്കുകയും ചെയ്തു. എന്നാൽ സ്മാരക നിർമാണത്തിന്റെ പ്രാരംഭ ഘട്ടം പോലും ആരംഭിച്ചില്ല. സ്വരലയ സെക്രട്ടറി ടി.ആർ.അജയനൊപ്പം ജയചന്ദ്രനും എംഎസ്‌വിയുടെ വസതിയിൽ സന്ദർശനം നടത്തിയിരുന്നു. 2017ൽ സ്വരലയ ഏർപ്പെടുത്തിയ രാമൻകുട്ടി നായർ അവാർഡ് ജയചന്ദ്രനു സമ്മാനിച്ചിരുന്നു. സംഗീത രംഗത്ത് ഉണ്ണിമേനോൻ 33 വർഷം തികച്ചതിന്റെ ഭാഗമായി പാലക്കാട്ടു നടത്തിയ സംഗീതനിശയിലും ജയചന്ദ്രൻ പങ്കെടുത്തിരുന്നു. പാലക്കാടുമായും സ്വരലയയുമായും വർഷങ്ങൾ നീണ്ട ഹൃദ്യമായ ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ടി.ആർ.അജയൻ പറഞ്ഞു.
ശിശിര ശലഭങ്ങളുടെ ഓർമയിൽ യുവ ഗായിക
∙ ഗായകൻ പി.ജയചന്ദ്രൻ അവസാനമായി പാടിയത് കുഴൽമന്ദം സ്വദേശിയായ യുവ ഗായിക മാതങ്കി അജിത്കുമാറിനൊപ്പം. ശിശിര ശലഭങ്ങൾ എന്ന ആൽബത്തിൽ ‘ശിശിരമിതാ ശിശിമരമിതാ’ എന്ന ഗാനമാണു ജയചന്ദ്രനൊപ്പം മാതങ്കി ആലപിച്ചത്. 2024 നവംബറിലാണ് ആൽബം യുട്യൂബിൽ റിലീസായത്. റിലീസാകാനിരിക്കുന്ന തമിഴ് ചിത്രത്തിൽ ‘മനമേ... മനമേ’ എന്ന മെലഡി ഗാനവും ജയചന്ദ്രനൊപ്പം മാതങ്കി ആലപിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം പാടാൻ കഴിഞ്ഞത് ജീവിതത്തിൽ ലഭിച്ച മഹാഭാഗ്യമായി കാണുന്നുവെന്ന് മാതങ്കി പറഞ്ഞു. മുണ്ടൂർ യുവക്ഷേത്ര കോളജിലെ എംഎ ഇംഗ്ലിഷ് ആദ്യവർഷ വിദ്യാർഥിയാണു മാതങ്കി.
ദൃഢസൗഹൃദം; മണിക്കൂറുകൾ നീളുന്ന ഫോൺകോൾ
∙ 15 വർഷം മുൻപു തൃശൂരിലെ രവി റെക്കോർഡിങ് സ്റ്റുഡിയോയിൽ വച്ചാണു ജയേട്ടനെ (പി.ജയചന്ദ്രൻ) ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടു തോന്നിയ ആരാധനയിലാണു പാലക്കാട്ടു നിന്നു വണ്ടികയറി തൃശൂരിലെത്തിയത്. സംഗീതസംവിധായകൻ ജിജോ മനോഹറാണു ജയചന്ദ്രനെ പരിചയപ്പെടുത്തിയത്. അന്നുമുതൽ തുടങ്ങിയ ദൃഢമായ ആ ബന്ധം നീണ്ടു. തമിഴ് സിനിമയിൽ ഒരു ഗാനം ആലപിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. ആ പാട്ടു പാടാൻ എന്നെ ഏറെ സഹായിച്ചത് അദ്ദേഹമാണ്. ഭാവത്തോടെ പാടണമെന്നും എങ്ങനെ പാടണമെന്നുമെല്ലാം അദ്ദേഹം പഠിപ്പിച്ചുതന്നു. പാലക്കാട് എന്നു വരുമ്പോഴും കൽപാത്തിക്കു സമീപമുള്ള കാരക്കാട്ടുപ്പറമ്പിലെ വീട്ടിലേക്ക് അദ്ദേഹം വരുമായിരുന്നു. ഏറെനേരം ചെലവഴിച്ച ശേഷം മാത്രമേ മടങ്ങാറുള്ളൂ. 2023ലും അദ്ദേഹം അവസാനമായി വീട്ടിൽ വന്നിരുന്നു.
നിരന്തരം ഫോണിൽ മണിക്കൂറുകളോളം സംസാരിക്കാറുണ്ടായിരുന്നു. ഫോൺ സംഭാഷണം കേട്ട് അദ്ദേഹത്തിന്റെ പ്രിയ പത്നി ലളിത പറയുമായിരുന്നു രഘുവിനൊപ്പം സംസാരിക്കുമ്പോൾ മാത്രമാണ് അദ്ദേഹം കൂടുതലും ചിരിച്ചു സംസാരിക്കാറുള്ളതെന്ന്. തന്നെപ്പോലെ തൃശൂരിലെ ട്രിനിറ്റി ടെയ്‌ലേഴ്സിലെ ഒരു ടെയ്‌ലറും അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞതും ആ സൗഹൃദവുമെല്ലാം ജീവിതത്തിലെ മഹാഭാഗ്യമായി കാണുന്നു. അദ്ദേഹത്തിന്റെ വിയോഗം ഏറെ വേദന നൽകുന്നതാണ്. എന്റെ മനസ്സിൽ അദ്ദേഹം എന്നും നിറഞ്ഞുനിൽക്കും.
അന്നു തിരുവാലത്തൂരിൽ തെളിച്ചത് പാട്ടിന്റെ കാർത്തികദീപം
പാലക്കാട് ∙ ഭാവഗായകൻ തെളിച്ച ഭക്തിയുടെ നിറപ്രഭയിലായിരുന്നു അന്നു കൊടുമ്പ് തിരുവാലത്തൂർ രണ്ടുമൂർത്തി ക്ഷേത്രം. 2022 ഡിസംബറിൽ കാർത്തികനാളിൽ രണ്ടുമൂർത്തി ഭഗവതി ക്ഷേത്രത്തിൽ ഗായകൻ പി.ജയചന്ദ്രനാണ് ആദ്യ കാർത്തികദീപം തെളിച്ചത്. നെയ്ദീപങ്ങൾ പ്രസാദം ചാർത്തിയ ക്ഷേത്ര സന്നിധിയിൽ അന്ന് 79ന്റെ നിറവിലും മധുരം തുളുമ്പുന്ന സ്വരങ്ങളാൽ മലയാളത്തിന്റെ ഗായകൻ പാടി: ‘വിഘ്നേശ്വരാ ജന്മ നാളികേരം, നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു...’ തൊട്ടു പിന്നാലെ, ‘നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുന്നിലൊരു നെയ്‌വിളക്കാകട്ടെ എന്റെ ജന്മം.. .’ എന്ന ഭക്തിഗാനം കൂടി ഭാവഗായകൻ ആലപിച്ചതോടെ സദസ്സു ഹൃദയം നിറഞ്ഞു തൊഴുതു.‘എന്നെ ഇഷ്ടപ്പെടുന്ന, എനിക്കു വേണ്ടി പ്രാർഥിക്കുന്ന നിങ്ങളെപ്പോലുള്ളവരെയാണ് എനിക്കിഷ്ടം’ എന്ന വാക്കുകളോടെ തന്നെ സ്വീകരിച്ചവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. കാർത്തികവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതി ക്ഷേത്ര പുരസ്കാരവും അന്ന് അദ്ദേഹത്തിനു സമ്മാനിച്ചു. തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി.എം.തമ്പാൻ ഗായകൻ ജയചന്ദ്രന്റെ കുടുംബസുഹൃത്തുകൂടിയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും അദ്ദേഹം വിളിച്ചിരുന്നെന്നു തമ്പാൻ പറഞ്ഞു. 2023ലും അദ്ദേഹത്തെ തിരുവാലത്തൂരിലേക്കു ക്ഷണിച്ചിരുന്നെങ്കിലും എത്താൻ സാധിച്ചില്ലെന്നു തമ്പാൻ പറഞ്ഞു.
അന്നു ഭാവഗായകൻ പറഞ്ഞത്:
‘‘മനസ്സിനെ ആനന്ദിപ്പിക്കുന്നതാണ്, സന്തോഷിപ്പിക്കുന്നതാണു സംഗീതം. ഇന്നതു നഷ്ടമായിരിക്കുന്നു. ഈശ്വരാനുഗ്രഹം കൊണ്ടു പഴയ കാലത്തെ ആ നല്ല സംഗീതം തിരിച്ചു കിട്ടണേ എന്നാണു പ്രാർഥന. ഇന്നത്തെ ഗാനങ്ങൾ ഒരിക്കലും സഹിക്കാൻ പറ്റുന്നില്ല. അതിൽ സംഗീതമില്ല. ഈയിടെ ഒരു പാട്ടുകേട്ടു. പിന്നെ 3 ദിവസം ഉറങ്ങാൻ സാധിച്ചില്ല. കുറെയേറെ വിളികളാണ് ഇന്നത്തെ പാട്ടുകൾ. ഞാൻ സംഗീതം പഠിച്ചിട്ടില്ല. ഈശ്വരാനുഗ്രഹത്താൽ കുറെയേറെ നല്ല പാട്ടുകൾ പാടാൻ കഴിഞ്ഞു. സിനിമാക്കാരനാണെങ്കിലും 40 വർഷമായി സിനിമ കണ്ടിട്ടില്ല. പണ്ടത്തെ ആ സിനിമകൾ ഇന്നില്ല. അന്നു നല്ല നോവലുകളാണു സിനിമയാക്കിയിരുന്നത്. കഴിവുറ്റ നടന്മാരും സംവിധായകരും ഉണ്ടായിരുന്നു. ചെമ്മീൻ പോലെ ഇത്രയേറെ സ്ത്രീപ്രാധാന്യം നിറഞ്ഞുനിൽക്കുന്ന സിനിമ ഇന്നു നിർമിക്കാൻ പറ്റില്ല. ആരുടെയും കുറ്റമല്ല. ജനത്തിന്റെ അഭിരുചി അതിനനുസരിച്ചു മാറി. ലോഹിതദാസിനെപ്പോലെ നല്ല തിരക്കഥാകൃത്തുക്കളും ഇന്നില്ല.’’