വാതിൽപടി വിതരണം അവതാളത്തിൽ; കുടിശിക 10 കോടി; സമരം തുടരുന്നു, റേഷൻ കടകളിൽ പ്രതിസന്ധി
Mail This Article
പാലക്കാട് ∙ ജില്ലയിൽ റേഷൻ വാതിൽപടി വിതരണം നടത്തിയ വകയിൽ സപ്ലൈകോ കരാറുകാരുടെ വാടക കുടിശിക 10 കോടി രൂപയിലേക്ക്. ഒലവക്കോട് എഫ്സിഐയിൽ നിന്നുള്ള ഭക്ഷ്യധാന്യ നീക്കം നിലച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. ജനുവരിയിലെ 271 ലോഡുകൾ ഇനിയും റേഷൻ കടകളിൽ എത്തിയില്ല. ഇതു റേഷൻ കടകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. സപ്ലൈകോ നിയമിച്ച കരാറുകാരാണു റേഷൻ കടകളിലേക്കുള്ള വാതിൽപടി വിതരണം നടത്തുന്നത്. എഫ്സിഐയിൽ നിന്ന് അരി അടക്കമുള്ള ഭക്ഷ്യധാന്യം കയറ്റുകയും പൊതുവിതരണ വകുപ്പിന്റെ ഗോഡൗണുകളിൽ സംഭരിക്കുകയും ചെയ്യുന്നു. അവിടെ നിന്നാണു റേഷൻ കടകളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യം വാതിൽപടി വിതരണം നടത്തുന്നത്.
വാതിൽപടി വിതരണം നടത്തിയ വകയിൽ ജില്ലയിലെ സപ്ലൈകോ കരാറുകാർക്ക് സെപ്റ്റംബർ മുതൽ ഡിസംബർ വരയുള്ള തുക സർക്കാർ നൽകിയിട്ടില്ല. ഇതോടെ തുടർന്നു ഭക്ഷ്യധാന്യ നീക്കം നടത്താൻ ഒരുക്കമല്ലെന്ന് ഇവർ പറയുന്നു. കുടിശിക പ്രശ്നത്തെ തുടർന്നു മുൻപും പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഡിസംബർ മാസത്തെ വാതിൽപടി വിതരണം പൂർത്തിയാക്കിയിരുന്നു. ജനുവരി മാസത്തെ ഭക്ഷ്യധാന്യ നീക്കം പൂർത്തിയായിട്ടില്ല. ഓരോ മാസത്തെയും മുൻകൂറായി നൽകുന്ന രീതിയാണുള്ളത്. ജനുവരിയിലെ 271 ലോഡ് കൂടി കൊണ്ടു പോകണം. ഇതിനായി ഈ മാസം 20 വരെ സമയം നൽകിയിട്ടുണ്ടെങ്കിലും എഫ്സിഐയിൽ നിന്നു ഇതുവരെ നീക്കം തുടങ്ങിയിട്ടില്ല.
ഈമാസം തന്നെ ഫെബ്രുവരിയിലെ റേഷനും നൽകണം. ഇത് ഏകദേശം 700 ലോഡ് വരും. എഫ്സിഐക്കു സമീപത്തെ ലോറി ഉടമകളും പണിമുടക്കിലാണ്. ഇവർക്കു സപ്ലൈകോ കരാറുകാർ രണ്ടര മാസത്തെ കുടിശിക നൽകാനുണ്ട്. ഇതും ലക്ഷങ്ങൾ വരും.റേഷൻ കടകളിൽ ഭക്ഷ്യധാന്യ ശേഖരത്തിൽ കുറവുണ്ടെന്നു വ്യാപാരികൾ പറയുന്നു. ഇതു സാധാരണക്കാരെ ഏറെ ബാധിക്കും. അതേസമയം, ജില്ലയിലെ കരാറുകാരുടെ വാടക കുടിശികയുടെ കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും നിലവിൽ റേഷൻ കടകളിൽ ആവശ്യത്തിനു ഭക്ഷ്യധാന്യമുണ്ടെന്നും അധികൃതർ പറഞ്ഞു.