മുണ്ടൂർ-തൂത പാത: മീഡിയൻ ഇല്ലാത്തത് അപകടഭീഷണി
Mail This Article
കോങ്ങാട് ∙ നവീകരണം പുരോഗമിക്കുന്ന മുണ്ടൂർ-തൂത പാതയിൽ സ്ഥിരം അപകടമേഖലകളിൽ മീഡിയനുകൾ സ്ഥാപിക്കാത്തത് ഭീഷണിയായി. എഴക്കാട്, ബാഗ്ലാവ്കുന്ന്, സീഡ് ഫാം, മാരാർകുളം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ മീഡിയനുകൾ സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു. പാത വീതി കൂടിയതോടെ ശരം പോലെ പായുന്ന വാഹനങ്ങൾ അപകടക്കെണിയിൽ കുടുങ്ങാൻ സാധ്യതയേറി. ചെറിയ അപകടങ്ങൾ പ്രദേശങ്ങളിൽ പതിവായിട്ടുണ്ട്. ബംഗ്ലാവ്കുന്നിൽ കുന്നിന്റെ ഉയരം കുറയാത്തതു കാഴ്ച മറയ്ക്കുന്നു. മുൻപുണ്ടായിരുന്ന ഇവിടത്തെ പ്രധാന പ്രശ്നത്തിന് ഇപ്പോഴും പരിഹാരം ഉണ്ടായില്ല. ഇതുമൂലം പ്രദേശത്ത് ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്. റോഡ് വികസനം നടക്കുമ്പോൾ പ്രദേശവാസികൾ ദുരവസ്ഥ ചൂണ്ടിക്കാട്ടിയെങ്കിലും ബന്ധപ്പെട്ടവർ അനങ്ങിയില്ല.
സീഡ് ഫാമിനു സമീപം പാത വികസനം വന്നതോടെ അപകടം പതിവായെന്നു തദ്ദേശവാസികൾ പറയുന്നു. എൽപി സ്കൂൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്നതിനാൽ സ്ഥലത്തു വേഗ നിയന്ത്രണത്തിനു സംവിധാനം വേണം എന്നാണ് ആവശ്യം. അതേസമയം, കോങ്ങാട് ടൗണിൽ നടപ്പാത ഒരുക്കണമെന്ന ആവശ്യം ശക്തമായി. വാഹനബാഹുല്യം ഏറെയുള്ള ഇവിടെ 1500ൽ പരം കുട്ടികൾ പഠിക്കുന്ന ഗവ.യുപി സ്കൂൾ പ്രവർത്തിക്കുന്നു. വിദ്യാർഥികൾ ഉൾപ്പെടെ കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി പോകുന്നത്. നടക്കാനുള്ള ക്രമീകരണം ഒരുക്കി വഴിയാത്രക്കാർക്കു സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.നാലുവരിപ്പാത എന്ന ലക്ഷ്യത്തോടെ പണി തുടങ്ങിയെങ്കിലും ഇതിനാവശ്യമായ വീതി പൂർണ തോതിൽ ഇല്ലാത്തത് മുണ്ടൂര്‍-തൂത പാതയ്ക്കു തിരിച്ചടിയായി. സമയബന്ധിതമായി നവീകരണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും പാഴായി.