ഹോമിയോ ഡിസ്പൻസറിയിലെ അറ്റൻഡർ നിയമനം: കൗൺസിൽ യോഗത്തിൽ തർക്കം, വോട്ടെടുപ്പ്
Mail This Article
മണ്ണാർക്കാട്∙ മണ്ണാർക്കാട് നഗരസഭയുടെ ഹോമിയോ ഡിസ്പെൻസറിയിലേക്ക് അറ്റൻഡറെ നിയമിക്കുന്നതിനെച്ചൊല്ലി കൗൺസിൽ യോഗത്തിൽ തർക്കവും വോട്ടെടുപ്പും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്നു സിപിഎം കൗൺസിലർമാരും നഗരസഭ നേരിട്ട് നിയമിക്കണമെന്നു യുഡിഎഫും ആവശ്യപ്പെട്ടു. വോട്ടെടുപ്പിൽ 12ന് എതിരെ 15 പേരുടെ പിന്തുണയോടെ കൗൺസിൽ നേരിട്ടു നിയമനം നടത്താൻ തീരുമാനമായി.നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്നു സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ടി.ആർ.സെബാസ്റ്റ്യനാണ് ആവശ്യപ്പെട്ടത്.ഇതിനെ സിപിഎം കൗൺസിലർമാരായ കെ.മൻസൂർ, മുഹമ്മദ് ഇബ്രാഹിം തുടങ്ങിയവർ പിന്തുണച്ചു.
എന്നാൽ മണ്ണാർക്കാട് നഗരസഭയിലുള്ളവർക്കു നിയമനം ഉറപ്പാക്കാൻ പത്രപ്പരസ്യം നൽകി അപേക്ഷ ക്ഷണിച്ച് കൗൺസിൽ നിയമനം നടത്തുന്നതാണ് ഉചിതമെന്ന് നഗരസഭ അധ്യക്ഷൻ സി.മുഹമ്മദ് ബഷീർ പറഞ്ഞു. ഇതുവഴി അധ്യക്ഷനു താൽപര്യമുള്ളവരെയാണു നിയമിക്കുന്നതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു.തർക്കം രൂക്ഷമായതോടെ വോട്ടിനിടാൻ തീരുമാനിച്ചു. 29 അംഗ ഭരണസമിതിയിൽ യുഡിഎഫിലെ 14 പേരും സ്വതന്ത്ര അംഗവും ഉൾപ്പെടെ 15 പേർ കൗൺസിൽ മുഖേന നിയമിക്കുന്നതിനെ അനുകൂലിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കണമെന്ന ആവശ്യത്തെ 12 പേർ അനുകൂലിച്ചു. സിപിഎമ്മിലെ സി.പി.പുഷ്പാനന്ദനും ബിജെപിയിലെ പ്രസാദും ഹാജരായിരുന്നില്ല.