ഒടുവിൽ ഓവറോൾ ട്രോഫിയെത്തി; നടുവട്ടത്ത് ആഹ്ലാദപ്രകടനം
Mail This Article
നടുവട്ടം ∙ പട്ടാമ്പി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിലെ എച്ച്എസ്എസ് ഓവറോൾ ട്രോഫി നടുവട്ടം ഗവ.ജനത ഹയർ സെക്കൻഡറി സ്കൂളിനു തിരിച്ചു കിട്ടി. എടപ്പലം പിടിഎം യത്തീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ഗവ.ജനത സ്കൂളിനു ട്രോഫി ലഭ്യമാക്കാൻ നടപടി സ്വീകരിച്ച ശേഷം വൈകിട്ടു മൂന്നോടെയാണു പട്ടാമ്പി എഇഒ ആർ.പി.ബാബുരാജനിൽ നിന്നു പ്രിൻസിപ്പൽ എസ്.ജൂഡ് ലൂയിസ് ഓവറോൾ ചാംപ്യൻഷിപ്പിനുള്ള ട്രോഫി ഏറ്റുവാങ്ങിയത്. തുടർന്നു ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ ഗവ.ജനത സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു കിരീടം നല്‍കി. പിടിഎ പ്രസിഡന്റ് വി.ടി.എ.കരീം അധ്യക്ഷനായി. തുടര്‍ന്ന് ആഹ്ലാദം പ്രകടിപ്പിച്ച് നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്നു നടുവട്ടത്ത് വിജയാഹ്ലാദ പ്രകടനം നടത്തി.
കഴിഞ്ഞ നവംബറില്‍ നടന്ന ഉപജില്ലാ കലോത്സവത്തിൽ വിധികർത്താക്കൾ നൽകിയ ഗ്രേഡുകൾ തിരുത്തിയതിനെത്തുടർന്നാണു നടുവട്ടം ഗവ.ജനത ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം നഷ്ടപ്പെട്ടത്.സംഭവത്തില്‍ അന്വേഷണം നടത്തി നേരത്തെ ജേതാക്കളായ എടപ്പലം യത്തീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു കിരീടം ജനത സ്കൂളിനു ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. ഉപജില്ലാ സ്കൂള്‍ കലോത്സവത്തിലെ രചനാ മത്സരങ്ങളിൽ അഞ്ചിനങ്ങളിൽ നടുവട്ടം ഗവ.ജനതാ ഹയർ സെക്കൻഡറി സ്കൂളിനു ലഭിക്കേണ്ട എ ഗ്രേഡുകളാണ് എടപ്പലം യത്തീംഖാന സ്കൂള്‍ തിരിമറി നടത്തിയത്.ഒരു രക്ഷിതാവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിൽ വിധികർത്താക്കൾ നൽകിയ മാർക്കുകളിൽ ജനതയിലെ വിദ്യാർഥികൾക്കു ലഭിച്ചത് എ ഗ്രേഡ് ആണെന്നും പിന്നീട് ഇതു വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് തിരിമറി നടത്തി അഞ്ചു ഫലങ്ങളും ബി ഗ്രേഡ് ആക്കി എടപ്പലം യത്തീംഖാന സകൂള്‍ ക്രമക്കേട് വരുത്തിയതായും കണ്ടെത്തുകയായിരുന്നു.