ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിജ് മേയിൽ
Mail This Article
കുമ്പിടി ∙ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയായാൽ കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിജ് മേയിൽ പൂർത്തിയാകും. മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പദ്ധതി ഗതാഗതത്തോടൊപ്പം ജലസേചനം, വിവിധ ശുദ്ധജല പദ്ധതികൾ, ടൂറിസം എന്നിവയ്ക്കെല്ലാം ഗുണം ചെയ്യുന്നതാണ്.29 ഷട്ടറുകളുള്ള റഗുലേറ്റർ കം ബ്രിജിന്റെ പണികൾ അന്തിമഘട്ടത്തിലാണ്. പാലത്തിനു മുകളിലെ ഇരു വശത്തെയും കൈവരികളും നടപ്പാതകളും പൂർത്തിയായി. ഇതിന്റെ പെയിന്റിങ് ജോലികളും ഇതോടൊപ്പം നടക്കുന്നുണ്ട്. ഏതാനും ഷട്ടറുകൾ കൂടിയേ ഇനി സ്ഥാപിക്കാനുള്ളൂ.പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഇരുജില്ലകളിൽ നിന്നും 132 ഭൂവുടകളിൽ നിന്നു ഭൂമി ഏറ്റെടുക്കേണ്ടതായുണ്ട്.
ഇതുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുന്നുണ്ട്. ഇതു സമയബന്ധിതമായി പൂർത്തിയായാൽ മേയ് മാസത്തിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണു കമ്പനി. പണികൾ പൂർത്തിയാക്കാൻ കരാർ കമ്പനിക്കു രണ്ടു വർഷത്തെ സമയമാണു നൽകിയിരുന്നത്.കാലവർഷം പണികൾക്കു കാര്യമായ തടസ്സം വരാത്ത തരത്തിലായിരുന്നു നിർമാണം ആസൂത്രണം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ സമയബന്ധിതമായാണു പണികൾ പുരോഗമിച്ചത്. 102 കോടിയുടെ പദ്ധതി പൂർത്തിയാകുന്നതോടെ തൃത്താല മേഖലയുടെ മുഖഛായ തന്നെ മാറും. കുറ്റിപ്പുറം കുമ്പിടി തൃത്താല പട്ടാമ്പി റോഡിന്റെ സമഗ്ര വികസനവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. ഇതും പൊതുജനത്തിന് ഏറെ പ്രയോജനം ചെയ്യും.