കേരളത്തിലേക്കുള്ള കാലികൾക്ക് മാഫിയ ഭീഷണി; ചോദിക്കുന്നത് ലോഡിന് 25000 രൂപ, കൊടുത്തില്ലെങ്കിൽ തടയും

Mail This Article
പാലക്കാട്∙ ഒഡീഷ, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു കൊണ്ടുവരുന്ന കന്നുകാലി ലോഡ് തടഞ്ഞ് മാഫിയ സംഘങ്ങൾ വലിയ തുക ആവശ്യപ്പെടുന്നതായി വ്യാപാരികളുടെ പരാതി. തുക കൊടുക്കാൻ വിസമ്മതിക്കുന്നവരുടെ ലോഡ് വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായത്തോടെ അതിർത്തികളിൽ തടയുകയാണെന്നും വ്യാപാരികൾ ആരോപിച്ചു. ഒരു ലോഡിന് 25000 രൂപയോളമാണു മാഫിയ സംഘങ്ങൾ ആവശ്യപ്പെടുന്നത്. ഇതു കൊടുക്കാഞ്ഞതിനു കേരളത്തിലേക്കു കന്നുകാലികളുമായി വന്ന അൻപതോളം വാഹനങ്ങൾ ആന്ധ്ര– തമിഴ്നാട് അതിർത്തിയിൽ പൊലീസ് പിടിച്ചിട്ടിരിക്കുകയാണെന്നു വ്യാപാരികൾ പറയുന്നു. സെസ് ഉൾപ്പെടെ നൽകിയാണു വ്യാപാരികൾ കന്നുകാലികളെ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്.
ഇതിനുപുറമേ മാഫിയ സംഘങ്ങൾ ആവശ്യപ്പെടുന്ന പണവും നൽകിയിരുന്നു. 7000 രൂപ വരെയാണു മുൻപ് എല്ലാ സംഘങ്ങൾക്കും കൂടി വ്യാപാരികൾ നൽകിയിരുന്നത്. ഉയർന്ന തുക നൽകാൻ പലരും മടിച്ചതോടെയാണു പൊലീസ് സഹായത്തോടെ പിടിച്ചിടുന്നത്. ചിലർ കന്നുകാലികളെ പിടികൂടി അവിടെയുള്ള ഗോശാലകൾക്കു മറിച്ചുവിൽക്കുന്നതായും പരാതിയുണ്ട്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കാലിച്ചന്തയായ കുഴൽമന്ദത്ത് ഇന്നലെ എത്തേണ്ട നാൽപതോളം ലോഡുകൾ അതിർത്തികളിൽ തടഞ്ഞിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കുഴൽമന്ദത്ത് എത്തിയാണു കന്നുകാലികളെ വാങ്ങുന്നത്. ഇവിടെ ഇന്നലെ ആവശ്യക്കാർക്കു കന്നുകാലികളെ കിട്ടാത്ത അവസ്ഥയായിരുന്നു.
കുഴൽമന്ദം ചന്തയിൽ ഇന്നലെ കേരള കാറ്റിൽ മർച്ചന്റ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കുഴൽമന്ദത്തിനു പുറമേ വാണിയംകുളം, പെരുമ്പിലാവ് എന്നിവയാണു കേരളത്തിലെ പ്രധാന കന്നുകാലി വ്യാപാര മേഖലകൾ. മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ക്ഷീര വികസന മന്ത്രി എന്നിവർ ഇടപെട്ടു പരിഹാരം കാണണമെന്നാണു വ്യാപാരികളുടെ ആവശ്യം. അടുത്ത ദിവസം മന്ത്രിമാർക്കു നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.