കൈക്കൂലിപ്പണം പിടികൂടാൻ ഉദ്യോഗസ്ഥരുടെ വേഷപ്പകർച്ച; ആളറിയാതെ വിജിലൻസിനും കൊടുത്തു, കൈക്കൂലി!

Mail This Article
പാലക്കാട് ∙ ജില്ലയിൽ മോട്ടർവാഹന വകുപ്പിന്റെ 5 ചെക്പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 1.49 ലക്ഷം രൂപയുടെ കൈക്കൂലിപ്പണം പിടിച്ചെടുത്തു. വാളയാർ ഇൻ ചെക്പോസ്റ്റ് (90,650 രൂപ), വാളയാർ ഔട്ട് (29,000 രൂപ), ഗോവിന്ദാപുരം(10,140 രൂപ), ഗോപാലപുരം(15,650 രൂപ), മീനാക്ഷിപുരം (4,050 രൂപ) എന്നിങ്ങനെയാണു പണം പിടികൂടിയത്. വെള്ളി അർധരാത്രി 5 ചെക്പോസ്റ്റുകളിലും ഒരേ സമയത്താണ് ഉദ്യോഗസ്ഥർ സംഘങ്ങളായി എത്തിയത്. പുലർച്ചെ മൂന്നു വരെ ചെക്പോസ്റ്റ് നിരീക്ഷിച്ച ശേഷമാണ് ഓഫിസ് പരിശോധിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കു ലോറികളിലെ ഡ്രൈവർമാരിൽ നിന്നു കൈക്കൂലി വാങ്ങുന്നതു കണ്ടതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീടാണ് ഓഫിസ് പരിശോധിച്ച് ഒളിപ്പിച്ച പണം കണ്ടെത്തിയത്. വിജിലൻസ് എറണാകുളം റേഞ്ച് എസ്പിയുടെയും പാലക്കാട് ഡിവൈഎസ്പിയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.
500 മുതൽ 2,000 രൂപവരെ കൈക്കൂലിയായി വാങ്ങിയെന്നു വിജിലൻസ് സംഘം പറഞ്ഞു. അമിതഭാരം കയറ്റി വരുന്ന ലോറികളിൽ നിന്നു കൂടുതൽ കൈക്കൂലി വാങ്ങി അതിർത്തി കടത്തും. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു വിജിലൻസ് ഡയറക്ടർക്കു റിപ്പോർട്ട് നൽകുമെന്നു പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എസ്.ഷംസുദ്ദീൻ അറിയിച്ചു. ചെക്പോസ്റ്റുകളിലെ കൈക്കൂലി ചരക്കു നീക്കത്തെ ബാധിക്കുന്നതായി ലോറി ഉടമകളും ജീവനക്കാരും വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിരുന്നു.
കൈക്കൂലിപ്പണം പിടികൂടാൻ ഉദ്യോഗസ്ഥരുടെ വേഷപ്പകർച്ച
വാളയാർ ∙ 5 മോട്ടർവാഹന ചെക്പോസ്റ്റുകളിൽ നിന്നു വിജിലൻസ് കൈക്കൂലിപ്പണം പിടിച്ചെടുത്തതു ഡ്രൈവർമാരുടെയും സഹായികളുടെയും വേഷത്തിലെത്തിയാണ്. ഡിവൈഎസ്പി എസ്.ഷംസുദ്ദീൻ ഉൾപ്പെടെ ഉദ്യോഗസ്ഥർ വേഷം മാറി 5 സംഘങ്ങളായി തിരിഞ്ഞാണു ചെക്പോസ്റ്റുകളിലെത്തിയത്. വേഷം മാറി നിന്നതു വിജിലൻസ് ഉദ്യോഗസ്ഥരാണെന്ന് അറിയാതെ ഡ്രൈവർമാർ പതിവു പോലെ ജീവനക്കാർക്കു പണം നൽകി. ജീവനക്കാർ അത് ഓഫിസിൽ സുരക്ഷിതമായി ഒളിപ്പിച്ചു. എല്ലാം കണ്ടുനിന്ന വിജിലൻസ് സംഘം പുലർച്ചെ മൂന്നോടെ അപ്രതീക്ഷിതമായി ഓഫിസിൽ കയറി പണം പിടിച്ചെടുക്കുകയായിരുന്നു. മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വേഷമണിഞ്ഞും ചെക്പോസ്റ്റുകളിൽ വിജിലൻസ് സംഘം നിന്നു. ഇതറിയാതെ ഡ്രൈവർമാർ ആർസി ബുക്കിനൊപ്പം പണവും കൈമാറി. പിന്നീട് ഡ്രൈവർമാരെ ചോദ്യം ചെയ്തപ്പോഴാണു ഇങ്ങനെ പണം കൈക്കൂലിയായി നൽകുന്നതു പതിവാണെന്നു ഡ്രൈവർമാർ അറിയിച്ചത്.

പണം പിടികൂടുന്ന സമയത്ത് ഒരു മോട്ടർ വാഹന ഇൻസ്പെക്ടറും 3 എഎംവിഐമാരും ഒരു ഓഫിസ് അസിസ്റ്റൻഡുമാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ വകുപ്പുതല നടപടി ഉൾപ്പെടെയുണ്ടാകും. പാലക്കാട്, തൃശൂർ, എറണാകുളം യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചേർന്നായിരുന്നു പരിശോധന. പാലക്കാട് ഡിവൈഎസ്പി എസ്.ഷംസുദ്ദീൻ, ഇൻസ്പെക്ടർമാരായ ഷിജു ഏബ്രഹാം, കെ.അരുൺപ്രസാദ്, ബാബു ഡേവിഡ്, രഞ്ജിത് കുമാർ, കെ.വിമൽ, ഗസറ്റഡ് ഉദ്യോഗസ്ഥരായ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ഐ.അജിത്ത്, എൻഫോഴ്സ്മെന്റ് ലേബർ ഓഫിസർ കെ.എം.സുനിൽ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർമാരായ സി.അശ്വിൻരാജ്, സി.കെ.മനോജ്, അസി.എൻജിനീയർ ശരത് പി.ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മുൻ വർഷങ്ങളിൽ കൈക്കൂലിയായി നൽകിയ പണവും പഴവും പച്ചക്കറികളും വരെ മോട്ടർ വാഹന ചെക്പോസ്റ്റുകളിൽ നിന്നു വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
5 മണിക്കൂർ, 33 ഉദ്യോഗസ്ഥർ
∙ അടുത്ത കാലത്തു ജില്ലയിൽ നടന്ന ഏറ്റവും വലിയ പരിശോധനകളിലൊന്നാണു വിജിലൻസ് ഇന്നലെ മോട്ടർ വാഹന ചെക്പോസ്റ്റുകളിൽ നടത്തിയത്. 33 ഉദ്യോഗസ്ഥരുടെ സംഘം എല്ലായിടത്തും ഒരേസമയം പരിശോധനയ്ക്കു കയറുകയും 5 മണിക്കൂർ കൊണ്ടു പൂർത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങളിൽ നിന്നുൾപ്പെടെ മോട്ടർവാഹന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതു വിവാദമായി. ഇത്തരം സംഭവം ആവർത്തിക്കുന്നതു തടയാനായിരുന്നു പരിശോധന.