‘ഹൃദയപൂർവം’ രജതജൂബിലി ആഘോഷം: പ്രായഭേദമെന്യേ അവർ ഒന്നിച്ചോടി

Mail This Article
പാലക്കാട് ∙ നിർധനരായ ഒട്ടേറെ രോഗികൾക്കു ഹൃദയതാളം വീണ്ടെടുത്തു നൽകിയ ‘ഹൃദയപൂർവം’ പദ്ധതിയുടെ സന്ദേശവുമായി അവർ ഒരു മനസ്സോടെ ഓടി. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ഹൃദയപൂർവം ഹൃദയാരോഗ്യ പദ്ധതി രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് നഗരത്തിൽ നടത്തിയ കൂട്ടയോട്ടം പദ്ധതിക്കു നാടിന്റെ പിന്തുണയായി. കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി അമ്മമാരും മുതിർന്ന പൗരൻമാരും കൂട്ടയോട്ടത്തിനെത്തി.
മോയൻ സ്കൂൾ ജംക്‌ഷനിൽ നിന്നാരംഭിച്ച് ഹെഡ്പോസ്റ്റ് ഓഫിസ്, സുൽത്താൻപേട്ട, സ്റ്റേഡിയം, ഐഎംഎ ജംക്‌ഷൻ, കോട്ടമൈതാനം, മിഷൻ സ്കൂൾ ജംക്‌ഷൻ വഴി മലയാള മനോരമ പാലക്കാട് ഓഫിസിൽ സമാപിച്ച കൂട്ടയോട്ടത്തിൽ 170 പേർ പങ്കെടുത്തു. യാക്കര തങ്കം ആശുപത്രി മെഡിക്കൽ പാർട്ണറും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പാലക്കാട് യൂണിറ്റ് കമ്മിറ്റി ഫുഡ് പാർട്ണറുമായിരുന്നു. ഒളിംപ്യൻ പ്രീജാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കേരള അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റും പരിശീലകനുമായ സി.ഹരിദാസ് അധ്യക്ഷനായി.
മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ, ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.സി.വിനു, ടൗൺ സൗത്ത് ഇൻസ്പെക്ടർ എ.ആദംഖാൻ എന്നിവർ സന്നിഹിതരായിരുന്നു. കേരള അത്‌ലറ്റിക് അസോസിയേഷൻ, ഡി 7 ഹെൽത്ത് ക്ലബ് എന്നിവരും കൂട്ടയോട്ടവുമായി സഹകരിച്ചു. നിർധനരായ ഹൃദ്രോഗികൾക്കായി 1999ലാണ് ഹൃദയപൂർവം ചികിത്സാ പദ്ധതി ആരംഭിച്ചത്