കൊടുവായൂർ കേരളപുരം അഗ്രഹാരത്തിലെ വിശ്വനാഥ സ്വാമി ക്ഷേത്രം: 7 നൂറ്റാണ്ടിന്റെ ഐതിഹ്യം

Mail This Article
കൊടുവായൂർ കേരളപുരം അഗ്രഹാരത്തിലെ വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു 700 വർഷത്തിലേറെ പഴക്കമുണ്ടെന്നാണു വിശ്വാസം. കൊല്ലങ്കോട് വെങ്കിട്ടരാമയ്യർ, ലക്ഷ്മി അമ്മാൾ എന്നിവർക്കു കാശിയിൽ നിന്നാണു ക്ഷേത്രത്തിലെ ശിവലിംഗം ലഭിച്ചത് എന്നും ക്ഷേത്രം നിർമിച്ചതും ശിവലിംഗം പ്രതിഷ്ഠിച്ചതും അവരാണെന്നും പറയപ്പെടുന്നു. പ്രധാന ശ്രീകോവിൽ കിഴക്കോട്ട് ദർശനമാണ്. സുബ്രഹ്മണ്യൻ, ഗണപതി, സൂര്യനാരായണ മൂർത്തി, ദക്ഷിണാമൂർത്തി, ദേവയാനി, വള്ളി, ചണ്ഡികേശ്വരൻ, ഭൈരവൻ, വിശാലാക്ഷി, വിശ്വനാഥൻ, മീനാക്ഷി എന്നിവരാണു ക്ഷേത്രത്തിലെ ഉപദേവതകൾ. മീനാക്ഷിയുടെ ശ്രീകോവിൽ തെക്കോട്ടാണ്. തമിഴ് ശൈവ രീതി പ്രകാരമാണു ക്ഷേത്രത്തിലെ പൂജ. തമിഴ് ഗുരുക്കൾ എന്നാണു ക്ഷേത്ര പൂജാരികൾ അറിയപ്പെടുന്നത്.

ഉത്സവ മൂർത്തികൾ ക്ഷേത്രത്തിനു മൂന്നു തവണയും ആൽമരത്തിന് 9 തവണയും വലംവെച്ചതിനു ശേഷമാണു രഥാരോഹണം നടക്കുന്നത്. അതിനു ശേഷം അവർ അതതു രഥങ്ങളിലേക്കു നീങ്ങുന്നു. പൂത്തെരുവ്, ഗോകുലത്തെരുവ്, മൂക്കത്തെരുവ്, ഇരട്ട തെരുവ് എന്നീ നാലു തെരുവുകളിലൂടെയാണ് തേര് അഥവാ രഥം വലിക്കുന്നത്. തിരുവാതിര നക്ഷത്ര ദിനത്തിലാണു പൂരാഭിഷേകം നടത്തുന്നത്.

അന്നേദിവസം പ്രത്യേക പൂജകളും നടക്കും. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പൂർണകുംഭത്തോടെയുള്ള ആനയൂട്ടാണ് അടുത്തത്. ഇതു തിരുമഞ്ജനം എഴുന്നള്ളത്ത് എന്നറിയപ്പെടുന്നു. ഉത്സവത്തിന് ഉപയോഗിക്കുന്ന മൂന്നു രഥങ്ങളിൽ ഒരു രഥത്തിൽ ഗണപതി മൂർത്തികളും മറ്റൊന്നിൽ സുബ്രഹ്മണ്യൻ, ദേവയാനി, വള്ളി മൂർത്തികളും മൂന്നാമത്തെ രഥത്തിൽ ശിവന്റെയും പാർവതിയുടെയും മൂർത്തികളുമുണ്ട്.

24 മണിക്കൂറിലധികം തുടർച്ചയായി രഥ ഘോഷയാത്ര നടക്കുന്നു. നാലു വീഥികളും കടന്നു രഥങ്ങൾ ക്ഷേത്രക്കുളത്തിലെത്തും. തുടർന്നു ചെറിയ തോണിയിൽ ദേവന്മാരെ ക്ഷേത്രക്കുളത്തിനു ചുറ്റും കൊണ്ടുപോകും. കുളത്തേര് എന്നാണ് ഈ ഘോഷയാത്ര അറിയപ്പെടുന്നത്. ഈ ചടങ്ങുകൾക്കു ശേഷം ദേവന്മാർ ക്ഷേത്രത്തിലേക്കു മടങ്ങുന്നുവെന്നും വിശ്വാസം.
പുണ്യവർഷമാകും ആർദ്രാ ദർശനം
∙ ശിവന്റെയും പാർവതിയുടെയും മക്കളായ ഗണപതിയെയും സുബ്രഹ്മണ്യനെയും ദർശിക്കാവുന്ന പുണ്യ നിമിഷമാണ് ആർദ്രാദർശനം. ഒന്നാം തേര് ദിവസമായ ഇന്നു പുലർച്ചെ നടന്ന പൂർണാഭിഷേകത്തിനു ശേഷം ദേവ വിഗ്രഹങ്ങളുമായുള്ള ക്ഷേത്ര പ്രദക്ഷിണം നടത്തി. പിന്നീട് പടിഞ്ഞാറേ നടയിലെ അരയാലിനെ പ്രദക്ഷിണം വയ്ക്കുകയും രഥപൂജ, രക്ഷാധാരണം എന്നിവ കഴിഞ്ഞു രഥാരോഹണം നടക്കുകയും ചെയ്യും. ദേവകളെ രഥങ്ങളിൽ അവരോധിക്കുന്നതിനെയാണു രഥാരോഹണം എന്നു പറയുന്നത്. ദൈവീകമായ ഈ ചടങ്ങു ഭക്തർ ദർശിക്കുന്നതാണ് ആർദ്രാദർശനം. ആർദ്രാ ദർശനത്തിനും ദേവകളുടെ അനുഗ്രഹത്തിനുമായി ക്ഷേത്രാങ്കണത്തിലേക്ക് ഭക്തർ ഒഴുകിയെത്തും.
കൈലാസനാഥന്റെയും കുടുംബത്തിന്റെയും തിരുസ്വരൂപങ്ങൾ ദർശിച്ചു അനുഗ്രഹം നേടുക എന്നതാണു വിശ്വാസികളുടെ ലക്ഷ്യം. ദേവകളുടെ പുണ്യദർശനത്താൽ മനം നിറഞ്ഞു നിൽക്കുന്ന ഭക്തമനസ്സുകളിലും കണ്ണുകളിലും അനുഗ്രഹ വർഷമായി ആകാശത്തു കൃഷ്ണ വാഹനമായ ഗരുഡൻ വട്ടമിട്ടു പറന്നു മായുമെന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. അഗ്രഹാരത്തിൽ നിന്നു വിട്ടു രാജ്യത്തിനകത്തും പുറത്തുമായി ജീവിക്കുന്നവരും ഈ ദർശനത്തിനായി നേരത്തെ നാട്ടിലെത്തുമെന്നതും പ്രത്യേകതയാണ്.
ദേവരഥ പ്രയാണത്തിന്റെ പാരമ്പര്യപ്പെരുമ
തമിഴ് അക്ഷരമായ ഓം ആകൃതിയിലാണു വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവരഥങ്ങളുടെ പ്രദക്ഷിണവഴി. വിശ്വ വിരാട് സ്വരൂപത്തിൽ ഉത്സവ ആകാരത്തിന് അനുസൃതമായി അണ്ഡ പിണ്ഡത്തിനു സമാനമായി എട്ട് അടുക്കുകളാണു രഥത്തിന്. ഉച്ചത്തിലെ കുംഭം ഷോഡ ശാന്തം, താഴെ ദ്വാദശ ശാന്തം, ശേഷം വരുന്നതു മസ്തക ആദിസ്ഥാനം, അതിനു തൊട്ടു താഴെ മസ്തക മധ്യ സ്ഥാനവുമായി കണക്കാക്കുന്നു. ഇതിനും താഴെ മസ്തക അന്തഃസ്ഥാനം, പരിക മധ്യ സ്ഥാനം, നടുക്കു താങ്ങുന്ന കുത്തുകാലുകൾ തത്വങ്ങളാണ്. മുൻപിൽ മൂന്നു തുറകൾ മൂന്നു കണ്ണുകളും പിന്നിലുള്ളത് ശിഖ, ഇടത്തും വലത്തുമുള്ളതു കാതുകളുമാണ്.
ദേവകളെ എഴുന്നള്ളിക്കുന്ന പീഠമാണു മൂലസ്ഥാനങ്ങൾ. മൂന്നു ലോകങ്ങളെയും പ്രതിനിധാനം ചെയ്യുന്നതു കൂടിയാണു ദേവരഥങ്ങൾ. ഇതിൽ സാരഥി അഗ്നിക്കലയും കുതിരകൾ സൂര്യ–ചന്ദ്രന്മാരുമെന്നാണു വിശ്വാസം. രഥങ്ങൾക്കു പുരാണപരമായും തച്ചുശാസ്ത്രപരമായും വിവരണങ്ങൾ ഏറെയാണ്. ഒന്നാം ദിനമായ ഇന്നു കേരളപുരം വിശ്വനാഥ സ്വാമി ക്ഷേത്രങ്കണത്തിൽ നിന്ന് ആരംഭിച്ചു പുതു തെരുവിലൂടെ ഊർവലം നടത്തി രാത്രിയോടെ ഗോകുല തെരുവിൽ സമാപിക്കും.
രണ്ടാം തേരു ദിനമായ നാളെ ഉച്ചയ്ക്കു 2നു ഗോകുല തെരുവിൽ നിന്നാണു ദേവരഥ ഊർവലത്തിന്റെ ആരംഭം. മൊക്ക് തെരുവ് ഇരട്ടത്തെരുവു വഴി ക്ഷേത്രാങ്കണത്തിൽ സംഗമിക്കുന്നതും ഭക്തരുടെ ഹൃദയം നിറയ്ക്കുന്ന കാഴ്ചയാണ്. തേരു വലിക്കുന്നത് ഉത്സവമൂർത്തിയുടെ അനുഗ്രഹത്തിനു കാരണമാകുമെന്ന വിശ്വാസമുള്ളതിനാൽ വടത്തിൽ പിടിക്കാനും നൂറു കണക്കിന് ആളുകളുണ്ടാകും. രഥപ്രയാണം പൂർത്തിയാക്കുമ്പോൾ രഥങ്ങൾ നേർക്കുനേർ വരില്ല എന്നതും കടന്നുവന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കില്ല എന്നതും കൊടുവായൂർ രഥോത്സവത്തെ വ്യത്യസ്തമാക്കുന്നു.