സപ്തതി നിറവിൽ എൻഎസ്എസ് പാലക്കാട് താലൂക്ക് യൂണിയൻ

Mail This Article
പാലക്കാട് ∙ എൻഎസ്എസ് സമുദായ സംഘടന മാത്രമല്ല സാമൂഹിക സംഘടന കൂടിയാണെന്ന് നായർ സർവീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവും തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എം.പി.ഉദയഭാനു പറഞ്ഞു. എൻഎസ്എസ് പാലക്കാട് താലൂക്ക് യൂണിയന്റെ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക മാറ്റത്തിനു മുന്നിൽ നിന്നു നയിച്ച പ്രസ്ഥാനമാണ് എൻഎസ്എസും അതിന്റെ നായകനായിരുന്ന മന്നത്ത് പത്മനാഭനും. സമൂഹത്തിലെ അനാചാരങ്ങളെ ഇല്ലാതാക്കാൻ പ്രവർത്തിക്കുകയും ഒപ്പം ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനും സംഘടന ശക്തമായി നിലകൊണ്ടു.
ഓരോ വിഷയത്തിലും എൻഎസ്എസിനു വ്യക്തമായ നിലപാടുണ്ട്. അതു തുറന്നു പറയാൻ ശക്തമായ നേതൃത്വം ഉണ്ട്. എല്ലാവരെയും എല്ലാ നല്ലതിനെയും ഉൾക്കൊള്ളുന്നതാണ് എൻഎസ്എസിന്റെ സമദൂര നിലപാട്. സംഘടന പ്രവർത്തനത്തിലും ഒപ്പം കാരുണ്യ പ്രവർത്തനങ്ങളിലും പാലക്കാട് താലൂക്ക് യൂണിയന്റെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ.മേനോൻ അധ്യക്ഷനായി. സപ്തതി ആഘോഷത്തോടനുബന്ധിച്ചു നിലവിലുള്ള പ്രവർത്തനങ്ങൾക്കൊപ്പം ഒരു വർഷം നീളുന്ന കാരുണ്യ പ്രവർത്തനങ്ങൾക്കൂടി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
1955 ജനുവരി 16നാണ് നായർ സർവീസ് സൊസൈറ്റിയിൽ റജിസ്റ്റർ ചെയ്ത് പാലക്കാട് എൻഎസ്എസ് യൂണിയൻ പ്രവർത്തനം തുടങ്ങിയത്. വി.കെ.ശ്രീകണ്ഠൻ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ്, നഗരസഭാംഗം അനുപമ പ്രശോഭ്, പാലക്കാട് താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ, ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.നാരായണൻ, ചിറ്റൂർ–ആലത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.സനൽകുമാർ, ഇൻസ്പെക്ടർ കെ.എസ്.അശോക്‌കുമാർ , താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് ബേബി ശ്രീകല, സെക്രട്ടറി അനിതാ ശങ്കർ എന്നിവർ പ്രസംഗിച്ചു. ഭരണസമിതി അംഗങ്ങൾ, പ്രതിനിധിസഭാംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്തു.
ഒരേ ചുവടിൽ 1770 വനിതകൾ...
കോട്ടമൈതാനത്ത് മഴവിൽ വർണങ്ങൾ തീർത്ത് 1770 വനിതകൾ ഒരേ ചുവടുകളോടെ മെഗാ തിരുവാതിര അവതരിപ്പിച്ചു. പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായാണു മെഗാ തിരുവാതിര അവതരിപ്പിച്ചത്. കത്തിച്ചുവച്ച നിലവിളക്കിനു ചുറ്റം പരമ്പരാഗത കേരളീയ വസ്ത്രം അണിഞ്ഞ് കലാകാരികൾ അണിനിരന്നു.
സെറ്റും മുണ്ടും അണിഞ്ഞ് തലയിൽ മുല്ലപ്പൂവും ദശപുഷ്പങ്ങളും അണിഞ്ഞു വനിതകൾ തിരുവാതിര അവതരിപ്പിച്ചപ്പോൾ പട്ടുപാവാട അണിഞ്ഞ് പെൺകുട്ടികളും അവർക്കൊപ്പം തിരുവാതിരക്കളിയിൽ കൂടി. ഓരോ വൃത്തത്തിൽ നിന്നവരും ഓരോ നിറത്തിലുള്ള ബ്ലൗസുകൾ അണിഞ്ഞാണു മഴവിൽ വർണത്തിളക്കത്തോടെ തിരുവാതിര അവതരിപ്പിച്ചത്.
ഒരേ താളത്തിൽ ഒരേ ചുവടുകളുമായി കലാകാരികൾ കാണികളുടെ മനം കവർന്നു. മുന്നൊരുക്കങ്ങളോടും ചിട്ടയായ പരിശീലനവും കൊണ്ട് പൂർത്തിയാക്കിയ മെഗാ തിരുവാതിര വിരുന്ന് പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ സപ്തതി വർഷ ആഘോഷ വേളയിലെ മറ്റൊരു ചരിത്രമായി.