ശിരുവാണി ഇക്കോ ടൂറിസം മേഖല: റോഡ് നവീകരണത്തിനായി ജലവിഭവ വകുപ്പിന്റെ പദ്ധതി

Mail This Article
കാഞ്ഞിരപ്പുഴ ∙ ശിരുവാണി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള റോഡ് നവീകരണത്തിനായി ജലവിഭവ വകുപ്പ് ശിരുവാണി സെക്‌ഷൻ പദ്ധതി ഒരുക്കുന്നു. 16 കോടിയോളം രൂപ ചെലവഴിച്ചാണു പദ്ധതി ഒരുക്കുന്നത്. ഗാബിയോൺ അരികു ഭിത്തികളും ഓടകളും നിർമിച്ചു റോഡ് പൂർണമായും റീ ടാർ ചെയ്യാനും ലക്ഷ്യമിടുന്ന പദ്ധതിയുടെ സാധ്യത ജലവിഭവ വകുപ്പിനു സമർപ്പിക്കുകയും ചെയ്തു. റോഡ് പുനർനിർമാണം വിനോദസഞ്ചാരികൾക്കും ജലസേചന, വനംവകുപ്പുകൾക്കും ശിങ്കപ്പാറ പട്ടികവർഗ ഗ്രാമത്തിനും ഏറെ പ്രയോജനകരമാകും.
പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ഇടക്കുറുശ്ശിക്കു സമീപം ശിരുവാണി ജംക്‌ഷനിൽ നിന്നാരംഭിച്ചു കേരള മേട് വരെ 29 കിലോമീറ്ററാണ് റോഡിന്റെ ആകെയുള്ള ദൂരം. പദ്ധതിയുടെ ഭാഗമായി റോഡിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം ഗാബിയോൺ ഭിത്തികൾ നിർമിക്കേണ്ടിവരും. ഇതിന്റെ രൂപരേഖ തയാറാക്കുന്നതിനായി ഡിസൈൻ വിഭാഗത്തെ ഏൽപിച്ചിരിക്കുകയാണ്. മൂന്നു വർഷം മുൻപു ശിരുവാണി ജംക്‌ഷനിൽ നിന്ന് ഇഞ്ചിക്കുന്ന് ചെക്‌പോസ്റ്റ് വരെയുള്ള ഭാഗത്തു റോഡ് പ്രവൃത്തി നടത്തിയിരുന്നു. ഇഞ്ചിക്കുന്ന് മുതൽ എസ് വളവുവരെയുള്ള ഭാഗത്തും കേരളമേടിനു സമീപത്തുമാണു നിലവിൽ റോഡിൽ കുഴികളുള്ളത്. ബാക്കിയുള്ള ഭാഗങ്ങളിൽ കാര്യമായ പ്രശ്‌നങ്ങളില്ല.
റോഡ് പ്രവൃത്തി മാത്രമാണെങ്കിൽ വേഗത്തിൽ നടത്താൻ കഴിയുമെന്നു അധികൃതർ പറയുന്നു. എന്നാൽ റോഡിന്റെ അരിക് ഇടിഞ്ഞതടക്കമുള്ള ഭാഗത്ത് ഉയരത്തിൽ ഗാബിയോൺ ഭിത്തി നിർമിച്ചു സംരക്ഷണമൊരുക്കണം. ഇതിന്റെ ഭാഗമായി അധികൃതർ നേരത്തെ പരിശോധന നടത്തിയിരുന്നു. ഗാബിയോണിന്റെ രൂപരേഖ പൂർത്തിയാക്കി അനുമതിയായാൽ ശിരുവാണി സെക്‌ഷൻ തുടർനടപടികളിലേക്കു കടക്കും. പ്രകൃതിരമണീയമായ ശിരുവാണിയിലേക്കുള്ള ഇക്കോടൂറിസം കഴിഞ്ഞ നവംബറിൽ വനംവകുപ്പ് ആരംഭിച്ചിരുന്നു. റോഡ് നവീകരണം കൂടുതൽ സഞ്ചാരികൾ എത്തുന്നതിനും കാരണമാകും.
സഞ്ചാരികൾക്കു താൽക്കാലികവിലക്ക്; റോഡ് അടച്ചിടും
∙ ശിരുവാണി റോഡിൽ കുഴികളേറെയുള്ള ലതാമുക്കു ഭാഗത്ത് 16 മീറ്റർ ദൂരത്തിൽ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. പ്രവൃത്തികൾ ബുധനാഴ്ച മുതൽ ആരംഭിക്കും. റോഡ് നിർമാണത്തിന്റെ ഭാഗമായി നാളെ മുതൽ 25 വരെ റോഡ് അടച്ചിടും. ശിങ്കപ്പാറ പട്ടിക വർഗ ഗ്രാമവാസികളുടെ ആവശ്യം പരിഗണിച്ചും വിനോദസഞ്ചാരികൾക്ക് സുഗമമായി യാത്ര ഒരുക്കുന്നതിനുമാണ് റോഡ് പ്രവൃത്തി നടത്തുന്നത്. അതേസമയം റോഡ് നവീകരണ നടക്കുന്ന ദിവസങ്ങളിൽ ശിരുവാണിയിലേക്ക് സന്ദർശകരെ താൽക്കാലികമായി പ്രവേശിപ്പിക്കില്ലെന്നും 26 മുതൽ ബുക്കിങ് സ്വീകരിക്കുമെന്നും മണ്ണാർക്കാട് ഡിഎഫ്ഒ അറിയിച്ചു.