ADVERTISEMENT

പാലക്കാട് ∙ എലപ്പുള്ളിയിൽ അനുമതി നൽകിയ ബ്രൂവറി, എഥനേ‍ാൾ, വിദേശമദ്യ ബോട്ടിലിങ് പ്ലാന്റ് എന്നിവ പൂർത്തിയാകുമ്പേ‍ാൾ ഉൽപാദനത്തിനു മാത്രം വൻതോതിൽ വെള്ളം വേണ്ടി വരും. ആദ്യഘട്ടത്തിലുള്ള ഇന്ത്യൻ നിർമിത വിദേശമദ്യ ബേ‍ാട്ടിലിങ് യൂണിറ്റിൽ 8 ലക്ഷം ലീറ്റർ മദ്യമാണ് ഉൽപാദന ലക്ഷ്യം. അതു ബ്രാൻഡ് ചെയ്ത് ബവ്റിജസ് കേ‍ാർപറേഷനു നൽകാനാണു സാധ്യത. ഇത്രയും ഉൽപാദിപ്പിക്കാൻ പ്രതിമാസം എതാണ്ട് 5 ലക്ഷം ലീറ്റർ വെള്ളം ആവശ്യമാണ്. ദിവസം 500 കിലേ‍ാലീറ്റർ ഉൽപാദനശേഷിയുള്ള എഥനേ‍ാൾ യൂണിറ്റാണ് അടുത്ത ഘട്ടം. അതിനു കുറഞ്ഞത് അരലക്ഷം ലീറ്റർ വെള്ളം വേണം.

മാസം 2.70 ലക്ഷം ലീറ്റർ ഉൽപാദനമുള്ള വിസ്കി, റം, മാൾട്ട് സ്പിരിറ്റ്, വൈനറി പ്ലാന്റാണു മൂന്നാം ഘട്ടം. നാലാം ഘട്ടത്തിലെ, ഏതാണ്ട് 1.12 കേ‍ാടി ലീറ്റർ ശേഷിയുള്ള ബ്രൂവറിക്കാണു കൂടുതൽ വെള്ളം വേണ്ടിവരിക. ഉൽപാദനത്തിനു പുറമേ എല്ലാ യൂണിറ്റുകൾക്കും ശുചീകരണത്തിനും വലിയതേ‍ാതിൽ ജലം ആവശ്യമാണ്. എഥനേ‍ാൾ നിർമാണത്തിലുണ്ടാകുന്ന മാലിന്യവും ഒഴിവാക്കേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ വാട്ടർ അതേ‍ാറിറ്റി മുഖേനയും പിന്നീട് 5 ഏക്കറിൽ നിർമിക്കുന്ന മഴവെള്ള സംഭരണി വഴിയും ജലം ലഭ്യമാകുമെന്നും ജലക്ഷാമമുണ്ടാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സർക്കാരും ജനത്തെ ഉപദ്രവിച്ച് ഒരു പദ്ധതിയും നടപ്പാക്കില്ലെന്നു സിപിഎമ്മും ആവർത്തിച്ചു വ്യക്തമാക്കുന്നു. എന്നാൽ മേഖലയിലെ സ്ഥാപനങ്ങളുടെ കൂറ്റൻ മഴവെള്ള സംഭരണികൾ മിക്കതും പരാജയപ്പെട്ടതായാണ് അനുഭവം.

മദ്യക്കമ്പനിക്കു വെള്ളം നൽകാമെന്ന്  പറഞ്ഞിട്ടില്ല: ജല അതോറിറ്റി 
പാലക്കാട് ∙ എലപ്പുള്ളിയിൽ അനുവദിച്ച മദ്യക്കമ്പനിക്ക് ആവശ്യമായ വെള്ളം നൽകാൻ ജല അതോറിറ്റി അനുമതി നൽകിയിട്ടുണ്ടെന്ന എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട് അതോറിറ്റി തള്ളി. കഞ്ചിക്കോട് കിൻഫ്ര പാർക്കിലേക്കു നൽകുന്ന വെള്ളം അവരുടെ അനുവാദത്തോടെ ആവശ്യമെങ്കിൽ മദ്യക്കമ്പനിക്കു പങ്കുവയ്ക്കാനാകും എന്നാണ് അതോറിറ്റിയുടെ നിലപാട്.  ജല അതോറിറ്റിയുടെ അനുമതി സംബന്ധിച്ച എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട് സർക്കാർ ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പു നൽകിയിട്ടില്ലെന്നാണ് പാലക്കാട്ടെ ഉദ്യോഗസ്ഥർ അതോറിറ്റി മാനേജിങ് ഡയറക്ടർക്ക് അയച്ച റിപ്പോർ‍ട്ടിൽ പറയുന്നത്. 

സർക്കാരുമായുള്ള ധാരണയനുസരിച്ചു മലമ്പുഴ ഡാമിൽ നിന്നു പ്രതിദിനം 10 ദശലക്ഷം ലീറ്റർ വെള്ളമാണു ജല അതോറിറ്റി കിൻഫ്ര പാർക്കിലേക്കു ലഭ്യമാക്കേണ്ടത്. ഇതിനുള്ള പദ്ധതി പൂർത്തിയായിട്ടില്ല. കിൻഫ്ര പാർക്കിലേക്കു വെള്ളം എത്തിക്കുന്ന നിർവഹണ ഏജൻസി മാത്രമാണ് അതോറിറ്റി. പാർക്കിൽ നിന്നു മദ്യക്കമ്പനിക്കു വെള്ളം നൽകണോ വേണ്ടയോ എന്നതു കിൻഫ്ര അധികൃതരാണു തീരുമാനിക്കേണ്ടത്. കിൻഫ്ര വെള്ളം നൽകാൻ തീരുമാനിച്ചാലും 10 ദശലക്ഷം ലീറ്ററിൽ നിന്നു മാത്രമേ ഇതു കണ്ടെത്താനാകൂ. ഇതിനായി അധികവിഹിതം നൽകില്ല. കിൻഫ്ര പാർക്കിലെ കമ്പനികൾക്കുള്ള വെള്ളവും ഇതിൽ നിന്നു കണ്ടെത്തണം. കൂടുതൽ നൽകണമെങ്കിൽ സർക്കാർ നിർദേശിക്കേണ്ടി വരും.

മദ്യക്കമ്പനിക്കെതിരായ സമരം ദുഷ്ടലാക്കോടെ:  എം.വി.ഗോവിന്ദൻ 
പാലക്കാട് ∙ കേരളത്തിന് ആവശ്യമായ മദ്യവും ബീയറും ഇവിടെ ഉൽപാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ചാൽ എതിർക്കേണ്ട കാര്യമെന്താണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചോദിച്ചു. മദ്യനയത്തിൽ ഇത് അംഗീകരിച്ചതാണ്. സമരങ്ങൾ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം പറഞ്ഞു. 10 കോടിയിലേറെ ലീറ്റർ സ്പിരിറ്റ് കേരളത്തിലേക്കു വരുന്നുണ്ട്. കടത്തുകൂലി മാത്രം 100 കോടിയിലേറെ വരും. കേരളത്തിൽ സ്പിരിറ്റ് ഉൽപാദിപ്പിച്ചാൽ മറ്റു സംസ്ഥാനങ്ങളിലെ ചിലരുടെ കച്ചവടം പൂട്ടും.

എതിർക്കുന്നവർക്ക് അത്തരക്കാരുടെ പിന്തുണ ഉണ്ടാകാമെന്നും തെളിവില്ലാത്തതിനാൽ ഇപ്പോൾ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  ജലമാണു പ്രശ്നമെങ്കിൽ മഴവെള്ള സംഭരണത്തിന്റെ സാധ്യത ഉപയോഗിക്കണം. അതിനുള്ള സൗകര്യം ഒയാസിസ് കമ്പനിക്കുണ്ട്. കണ്ണൂരിൽ വിസ്മയ പാർക്ക് വരുമ്പോൾ വലിയ തോതിൽ ജലചൂഷണമെന്നു ചിലർ പറഞ്ഞു. എന്നാൽ, 5 കോടിയിലേറെ ലീറ്റർ മഴവെള്ള സംഭരണി സ്ഥാപിച്ചാണ് പാർക്കിന്റെ പ്രസിഡന്റായിരുന്ന താൻ വെള്ളം കണ്ടെത്തിയത്. വേണമെങ്കിൽ മഴവെള്ള സംഭരണിയുടെ സാധ്യതകളെക്കുറിച്ച് ഒയാസിസ് കമ്പനിയോടു താൻ ചർച്ച ചെയ്യാം.

യുഡിഎഫിന്റെ കാലത്തും എൽഡിഎഫിന്റെ കാലത്തും ബ്രൂവറിയും ഡിസ്റ്റിലറിയും സ്ഥാപിക്കുന്നതിനു ടെൻഡർ വിളിച്ചിട്ടില്ല. ഭൂമി ലഭ്യമാണെന്നും ഉൽപാദിപ്പിക്കാൻ തയാറാണെന്നും അറിയിച്ച് ഒയാസിസ് കമ്പനിയാണ് പ്രോജക്ട് റിപ്പോർട്ടുമായി വന്നതെന്നു ഗോവിന്ദൻ പറഞ്ഞു. ആരൊക്കെ എതിർക്കുന്നു എന്നതല്ല സർക്കാരിന്റെ നയമാണു പറയുന്നതെന്ന്, സിപിഐയുടെ എതിർപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. സർക്കാർ നയത്തെക്കുറിച്ചുള്ള പാർട്ടി നിലപാടാണു താൻ പറയുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

മദ്യനിർമാണ കമ്പനിക്കെതിരെ നിയമ പോരാട്ടത്തിന്  എലപ്പുള്ളി പഞ്ചായത്ത്
എലപ്പുള്ളി ∙ മണ്ണുക്കാട് സ്ഥലമേറ്റെടുത്ത മദ്യനിർമാണ കമ്പനിക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി. ഇതിനായി നിയമ വിദഗ്ധരെ കാണുമെന്നും രാഷ്ട്രീയപരമായും നിയമപരമായും പോരാട്ടം നടത്തുമെന്നും പഞ്ചായത്ത് അധ്യക്ഷ കെ.രേവതിബാബു അറിയിച്ചു. ജില്ലാ, സംസ്ഥാന കോൺഗ്രസ് നേതാക്കളുമായി ആലോചിച്ച് തുടർ നടപടി ആരംഭിക്കും.കമ്പനിക്കെതിരെ പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിമാർക്കും നൽകിയിട്ടുണ്ട്. സർക്കാർ തീരുമാനം പുനഃപരിശോധിക്കണം.നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും അപേക്ഷ നൽകും.

ഒപ്പം ദേശവാസികളെ ഉൾപ്പെടുത്തിയായിരിക്കും നിയമ നടപടികളിലേക്കു കടക്കുക. കമ്പനി എലപ്പുള്ളിയിൽ സ്ഥലം കണ്ടെത്തിയപ്പോഴും സ്ഥലം ഏറ്റെടുത്തപ്പോഴും പഞ്ചായത്തിനു യാതൊരു വിവരവും നൽകിയില്ല. ഡേറ്റാ ബാങ്കിലുള്ള ഭൂമി ഏറ്റെടുത്ത സ്ഥലത്ത് ഉൾപ്പെട്ടപ്പേ‍ാഴാണു കൃഷി, റവന്യു വകുപ്പിന് അവർ അപേക്ഷ നൽകിയത്. ഭൂമി നിരപ്പാക്കൽ ഉൾപ്പെടെയുള്ള കമ്പനിയുടെ തുടർ നടപടികൾക്കു പഞ്ചായത്ത് അനുമതി ആവശ്യമാണ്. റോഡ്, വെളിച്ചം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കാനും പഞ്ചായത്തുമായി ബന്ധപ്പെടണം. ഇത്തരം ഘട്ടങ്ങളിൽ കമ്പനിക്കെതിരെ നടപടി കർശനമാക്കാനാണു ഭരണസമിതി തീരുമാനമെന്നും പഞ്ചായത്ത് അധ്യക്ഷ അറിയിച്ചു.

ജനങ്ങളോടുള്ള വെല്ലുവിളി: മദ്യനിരോധന സമിതി
പാലക്കാട് ∙ വരൾച്ചാ ബാധിത പ്രദേശമായ എലപ്പുള്ളി പഞ്ചായത്തിലെ മണ്ണുകാട്ട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു മദ്യനിരോധന സമിതി ഭാരവാഹികൾ പറഞ്ഞു. ജനദ്രോഹ തീരുമാനം പിൻവലിക്കാൻ തയാറാകണമെന്നാവശ്യപ്പെട്ടു നാളെ രാവിലെ 10ന് കലക്ടറേറ്റിന് മുന്നിൽ സമിതി ധർണ നടത്തും. പ്രദേശത്തെ ജനങ്ങൾ മലമ്പുഴ വെള്ളത്തെയാണു കുടിക്കാനും കൃഷിക്കും ആശ്രയിക്കുന്നത്. മലമ്പുഴയിലെ വെള്ളം ഊറ്റി മദ്യക്കമ്പനിക്ക് കൊടുത്താൽ അതു പ്രദേശത്തെ മറ്റൊരു പ്ലാച്ചിമടയാക്കും.

മദ്യ ലഭ്യത കുറയ്ക്കുമെന്നും, ബാറുകൾ തുറക്കില്ലെന്നും തിരഞ്ഞെടുപ്പു കാലത്തു ജനങ്ങൾക്കു നൽകിയ വാഗ്ദ‌ാനങ്ങൾ ലംഘിച്ചാണു സർക്കാർ കൊടിയ വഞ്ചന കാണിക്കുന്നതെന്നു മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് എ.കെ.സുൽത്താൻ, ജില്ലാ സെക്രട്ടറി എം.അഖിലേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ മാണി പറമ്പത്ത്, കെ.അബൂബക്കർ, ജോയിന്റ് സെക്രട്ടറിമാരായ പി.ബി.ശ്രീനാഥ്, എം.എസ്.അബ്ദുൽ ഖുദ്ദൂസ് എന്നിവർ കുറ്റപ്പെടുത്തി.

English Summary:

Water scarcity concerns plague Palakkad's new brewery and distillery. The massive water requirement for the project raises serious questions about the government's claims of sufficient water resources and sustainable practices.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com