ട്രെയിൻ ടിക്കറ്റ് കരിഞ്ചന്തയിൽ; അന്വേഷണത്തിനു പ്രത്യേക സംഘം

Mail This Article
പാലക്കാട് ∙ ട്രെയിൻ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽപന നടത്തുന്ന സംഘങ്ങളെ കണ്ടെത്താൻ റെയിൽവേ സുരക്ഷാ സേനയുടെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഇത്തരം സംഘങ്ങൾ വ്യാപകമാണെന്ന പരാതിയിൽ ആർപിഎഫ് ഐജി ജി.എം.ഈശ്വര റാവുവിന്റെ നിർദേശത്തെ തുടർന്നാണു നടപടി. പാലക്കാട് ഡിവിഷനിൽ ഉൾപ്പെടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ചെന്നൈയിലെ ആർപിഎഫ് ഐടി സെല്ലിൽ നിന്നുള്ള വിദഗ്ധരും സംഘത്തിലുണ്ട്. കരിഞ്ചന്തയിൽ ട്രെയിൻ ടിക്കറ്റ് വിൽപന നടത്തിയ 6 ഏജന്റുമാരെ ആർപിഎഫ് കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നായി കഴിഞ്ഞ വർഷം മാത്രം ആയിരത്തിലേറെ ഏജന്റുമാരെയാണ് അറസ്റ്റ് ചെയ്തത്. 23 ലക്ഷം രൂപയുടെ ടിക്കറ്റാണു പിടിച്ചെടുത്തത്. വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് റെയിൽവേയുടെ ഐആർസിടിസി വെബ്സൈറ്റിൽ അക്കൗണ്ടുകളുണ്ടാക്കിയാണു സംഘം ദിവസങ്ങൾക്കു മുൻപേ ടിക്കറ്റ് ബുക്ക് ചെയ്യുക. ഇവ പിന്നീടു വലിയ തുകയ്ക്കു വിൽക്കും. മൊബൈൽ ആപ്, ടെലിഗ്രാം, വെബ്സൈറ്റ് എന്നിവ വഴിയാണു വിൽപന. ടിക്കറ്റുകൾ ലഭിക്കും എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുമുണ്ട്. പരസ്യങ്ങളും ഐടി സെൽ നിരീക്ഷിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പ് നടത്തിയ ചില ട്രാവൽ ഏജൻസികൾക്കെതിരെയും നടപടിയെടുത്തിരുന്നു.
പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ തത്കാൽ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്ന സംഘത്തെയും അടുത്തിടെ ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ആർപിഎഫ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ് തടയാൻ മുൻകൂട്ടിയുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ റെയിൽവേ മാറ്റം വരുത്തിയിരുന്നു. യാത്രയുടെ പരമാവധി 60 ദിവസം മുൻപു മാത്രമേ ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. നേരത്തേ ഇത് 120 ദിവസമായിരുന്നു. ട്രെയിൻ യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പാക്കാൻ ടിക്കറ്റ് പരിശോധകർക്കു സതേൺ റെയിൽവേ ജനറൽ മാനേജർ നിർദേശം നൽകിയിട്ടുണ്ട്.