ജലജീവൻ മിഷൻ പൈപ്പിടൽ; റോഡരികിൽ ചാൽ കീറിയത് വ്യാപാരികൾക്കു ദുരിതമായി

Mail This Article
അലനല്ലൂർ∙ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡരികിൽ വ്യാപാര സ്ഥാനങ്ങൾക്കു മുൻപിൽ ചാൽ കീറിയതു കച്ചവടക്കാർക്കു ദുരിതമായി. അലനല്ലൂർ ചന്തപ്പടിയിലെ കടകൾക്കു മുൻപിൽ രണ്ടാഴ്ച മുൻപാണു ചാൽ കീറിയത്. ഒരു ഭാഗത്തു പാറ കണ്ടതോടെ തുടർപ്രവൃത്തികൾ നിർത്തിയതാണ് ഇവർക്കു വിനയായത്.കടകളിലേക്ക് ആളുകൾക്കു വരാൻ കഴിയാത്തതിനു പുറമേ കാറ്റിൽ പൊടി മുഴുവൻ കടകളിലേക്ക് അടിച്ചുകയറുന്ന അവസ്ഥയായതോടെ സമീപത്തെ വസ്ത്രവ്യാപാരസ്ഥാനം തുറക്കാൻ പറ്റാതായി.
സമീപത്തെ ബേക്കറി അടക്കം ഏഴോളം സ്ഥാപനങ്ങൾക്കാണ് ഏറെ ദുരിതം.വ്യാപാരികളുടെ നേതൃത്വത്തിൽ രണ്ടു തവണ അധികൃതരുമായി ബന്ധപ്പെട്ടു ദുരിതാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ല.ഇതിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പിനു മുൻപിൽ സമരം നടത്താനുള്ള തയാറെടുപ്പിലാണു കച്ചവടക്കാർ.